കേരളത്തില്‍ നാളേയും അതിശക്തമായ മഴ പ്രതീക്ഷിക്കാം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ 12 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നാളെ അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കാം.
ഇവിടെ യെല്ലോ അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതേസമയം നാളെ കഴിഞ്ഞാല്‍ ബുധനാഴ്ച മഴയുണ്ടാകില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഞ്ചാം തിയതി ഗ്രീന്‍ അലര്‍ട്ടാണ്. എന്നാല്‍ വ്യാഴാഴ്ച തൊട്ട് വീണ്ടും മഴ ശക്തമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ആറാം തിയതിയും ഏഴാം തിയതിയും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി ഏഴുമണിക്ക് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ ഈ സമയത്തേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോട്ടയം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.