കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകും എന്ന് നേരത്തെ തന്നെ കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ അര്‍ധരാത്രിയോടെ സംസ്ഥാനത്ത് പെയ്തത് അതിതീവ്ര മഴയാണ് എന്നും ആറാം തീയതി മുതല്‍ മഴ വീണ്ടും കനക്കുമെന്ന് ഐഎംഡി ശാസ്ത്രജ്ഞന്‍ അഖില്‍ ശ്രീവാസ്തവ 24 ന്യൂസിനോട് പറഞ്ഞു. ഇന്നലെത്തെ അപേക്ഷിച്ച് ഇന്നും നാളേയും മഴ കുറഞ്ഞേക്കും.
എന്നിരുന്നാലും ചിലയിടങ്ങളില്‍ നാളെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്തത്. എന്നാല്‍ യാതൊരു മുന്നറിയിപ്പും അലര്‍ട്ടുകളും നല്‍കിയിരുന്നില്ല. പലയിടത്തും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അതിനിടെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി പേര്‍ മരിക്കുകയും ചെയ്തു.
മഴ മുന്നറിപ്പ് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര പാളിച്ച ഉണ്ടായി എന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിനിടെയാണ് നേരത്തെ തന്നെ കൃത്യമായ അറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാല്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അവകാശപ്പെടുന്നത്. അലര്‍ട്ടുകള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് റോളൊന്നുമില്ലെന്നാണ് റവന്യു വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞത്. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയ ദുരിതവും രൂക്ഷമായി തുടരുകയാണ്. ഇതുവരെ മഴക്കെടുതിയില്‍ 12 പേര്‍ മരിച്ചു എന്നാണ് കണക്ക്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതോടെ നിരവധി പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. സംസ്ഥാനത്തുടനീളം 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു എന്നാണ് സര്‍ക്കാര്‍ കണക്ക്. 209 ദുരിതാശ്വാസ ക്യാംപുകളിലായി 5792 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് 12 ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. നാളെയോടെ കുറയുന്ന മഴ ഓഗസ്റ്റ് 5, 6 തീയതികളില്‍ വീണ്ടും ശക്തിപ്പെട്ടേക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.