സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതിതീവ്ര ന്യൂനമർദത്തിൻ്റെ ഫലമായാണ് മഴ ശക്തിപ്രാപിക്കുന്നത്. അതി തീവ്ര ന്യൂന മർദം നിലവിൽ മധ്യ ഛത്തീസ്ഗഢിന്റെയും അതിനോട് ചേർന്ന വടക്കൻ ഒഡിഷയ്ക്കും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറൻ ദിശയിൽ ഛത്തീസ്ഗഢിലൂടെയും കിഴക്കൻ മധ്യപ്രദേശിലൂടെയും സഞ്ചരിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്.
വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, 31 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ് 1ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലർട്ട് ഉള്ളത്. അതേസമയം ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ്, 31 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 1 ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 2 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്