കനത്ത മഴ, റെഡ് അലർട്ട്..നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ

വയനാട്; ശക്തമായ മഴയും റെഡ് അലര്‍ട്ടും തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. എന്നാൽ, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണെന്നും കളക്ടർ അറിയിച്ചു.

Advertisement

റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം. വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം. താമരശ്ശേരി ചുരം, ബോയ്‌സ് ടൗണ്‍-പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവുവെന്നും കളക്ടർ വ്യക്തമാക്കി.