തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്‌തമായി മഴ കൂടുതൽ ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കമുള്ള മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് വടക്കൻ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും എന്നാണ് ജില്ലാ കളക്‌ടർ അറിയിച്ചത്.
കൂടാതെ ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമാനമായി അവധി പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഞായറാഴ്‌ച വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. മഴ ഇനിയും ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അവർ പറയുന്നു. ശനിയാഴ്‌ച തെക്കൻ മധ്യ കേരളത്തിലെ 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്.കൂടാതെ മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മറ്റന്നാൾ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.