കേരളത്തിൽ അതിശക്തമായ മഴ; ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മൂന്നിടത്ത് യെല്ലോ, സ്‌കൂളുകൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിലാണ് അതിശക്ത മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ ഇന്ന് മുതൽ നാലു ദിവസത്തേക്ക് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലവിലുണ്ടാവും. കൂടാതെ കനത്ത മഴയിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement

ഇന്ന് അഞ്ച് ജില്ലകളിൽ പൂർണമായും ഒരു ജില്ലയിൽ ഭാഗികമായും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, വയനാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കോഴിക്കോട് ജില്ലയിൽ ഭാഗിക അവധിയാണ്. ഇവിടെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം:

30/07/2026: ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ

31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഈ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Advertisement

മഞ്ഞ അലർട്ട്
30/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ്

31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം

01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്

02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

Advertisement

ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം

കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ), കണ്ണൂർ-കാസർഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാവിലെ 11.30 മുതൽ നാളെ ഉച്ചയ്ക്ക് 02.30 വരെ 2.8 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ പുലർച്ചെ 05.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.