കൊച്ചി: പുനഃക്രമീകരിച്ച കൊച്ചി ബൈപാസ് പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രി നിതിൻ ഗഡ്‌കരി. കഴിഞ്ഞ ദിവസം ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതുക്കിയ പദ്ധതിപ്രകാരം, ബൈപാസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് ദേശീയപാത 66-ലെ അരൂർ-തുറവൂർ ഇടനാഴിയുമായി ബന്ധിപ്പിക്കും.
നേരത്തെ പദ്ധതി ദേശീയപാത 544-ലെ അങ്കമാലിയിൽ നിന്ന് ആരംഭിച്ച് ദേശീയപാത 66-ലെ നെട്ടൂരിൽ അവസാനിക്കുന്ന തരത്തിലായിരുന്നു. ഹൈബി ഈഡൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ട അലൈന്മെന്റ് പരിശോധിച്ച അലൈൻമെന്റ് അപ്രൈസൽ കമ്മിറ്റി നിർദേശിച്ച മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പാത നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു.
അന്തിമ അലൈന്മെന്റ് അംഗീകരിച്ചതിന് ശേഷം ഡിപിആർ തയ്യാറാക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അത് പൂർത്തിയായ ശേഷം വാഹനത്തിരക്ക്, സാങ്കേതിക-സാമ്പത്തിക സാധ്യത, പിഎം ഗതി ശക്തി പദ്ധതിയുമായുള്ള ഏകോപനം എന്നിവ വിലയിരുത്തി പദ്ധതിക്ക് അന്തിമ അനുമതി നൽകുന്ന നടപടികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 49.5 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ അലൈന്മെന്റിന് ജൂണിൽ അലൈൻമെന്റ് അപ്രൈസൽ കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. നഗരത്തിലെ പ്രധാന തിരക്കേറിയ പ്രദേശമായ കുണ്ടന്നൂർ ഉൾപ്പെടെയുള്ള നഗരമേഖലകൾ ഒഴിവാക്കുന്ന തരത്തിലാണ് പുതിയ പാത രൂപകൽപന ചെയ്‌തിരിക്കുന്നത്. ഇത് പദ്ധതിയുടെ നിർമ്മാണത്തിന്റെ അടക്കം വേഗത കൂട്ടും. അങ്കമാലിയെയും തമ്മിൽ കുണ്ടന്നൂരിനെയും ബന്ധിപ്പിക്കുന്ന കൊച്ചി ന്യൂ ബൈപാസ് പദ്ധതിക്ക് 2017 ജനുവരിയിലാണ് ദേശീയപാത അതോറിറ്റി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ താൽപര്യപത്രം ക്ഷണിച്ച് ഔദ്യോഗിക തുടക്കമിട്ടത്. എന്നാൽ അലൈന്മെന്റിനെച്ചൊല്ലിയുള്ള തർക്കങ്ങളും സീപോർട്ട്-എയർപോർട്ട് റോഡ് നീട്ടുന്ന ബദൽ നിർദ്ദേശവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ പദ്ധതി വർഷങ്ങളായി വൈകുകയായിരുന്നു. കഴിഞ്ഞ വർഷാവസാനം ഭൂമിയേറ്റെടുപ്പ് നടപടികൾക്കായുള്ള വിജ്ഞാപനത്തിന്റെ കാലാവധി അവസാനിച്ചതോടെ പദ്ധതിക്ക് വീണ്ടും തിരിച്ചടി നേരിടുകയായിരുന്നു. 3 എ വിജ്ഞാപനത്തിന് പിന്നാലെ നിശ്ചിത സമയത്തിനുള്ളിൽ 3ഡി വിജ്ഞാപനം പുറപ്പെടുവിക്കാതിരുന്നതിനാൽ കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 29-ന് ഭൂമിയേറ്റെടുപ്പ് നടപടികൾ കാലഹരണപ്പെടുകയായിരുന്നു. അവിടെ നിന്നാണ് ഒരു വർഷത്തിന് ഇപ്പുറം വീണ്ടും പദ്ധതിക്ക് ജീവൻ വയ്ക്കുന്നത്.