കൊച്ചി കണ്ടെയ്‌നർ റോഡ് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്; 1100 എൽഇഡി ബൾബുകൾ സജ്ജമാക്കുന്നു

കൊച്ചി: നഗരത്തിലെ പ്രധാന ചരക്ക് ഗതാഗത പാതയായ കണ്ടെയ്‌നർ റോഡിലെ തെരുവുവിളക്കുകൾ ഘട്ടംഘട്ടമായി പ്രവർത്തന സജ്ജമാക്കുമെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. ജൂലൈ 15നകം മുഴുവൻ 17 കിലോമീറ്റർ ദൂരവും പൂർണമായും തെരുവുവിളക്കുകൾ സജ്ജമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഏറെക്കാലമായി ഈ പാതയിലൂടെ യാത്ര ചെയ്യുന്നവർ ഉന്നയിക്കുന്ന പ്രധാന ആവശ്യമായിരുന്നു ഇത്.

Advertisement

കളമശേരിയിൽ നിന്ന് വല്ലാർപാടം വരെയുള്ള ഏകദേശം 17 കിലോമീറ്റർ നീളമുള്ള കണ്ടെയ്‌നർ റോഡിൽ 5 മുതൽ 9 കിലോമീറ്റർ വരെയുള്ള ഭാഗത്തെ തെരുവുവിളക്കുകൾ ജൂലൈ 6 മുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായുള്ള കെഎസ്ഇബിയുടെ പരിശോധനയും കരാറുകാരൻ അടയ്ക്കേണ്ട ഫീസും പൂർത്തിയായതായായി എൻഎച്ച്എഐ അറിയിച്ചിട്ടുണ്ട്.

Advertisement

9 മുതൽ 15 കിലോമീറ്റർ വരെയുള്ള ഭാഗത്തെ തെരുവുവിളക്കുകൾ പ്രവർത്തിപ്പിക്കാൻ രണ്ട് പുതിയ ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനിയുമായി കരാറുകാരൻ മേയ് മാസത്തിൽ കരാർ ഒപ്പുവെച്ചിരുന്നു. ട്രാൻസ്ഫോർമറുകൾ ജൂലൈ 10ഓടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

തുടർന്ന് കെഎസ്ഇബിയുടെ സഹകരണത്തോടെ ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കി ജൂലൈ 15നകം മുഴുവൻ തെരുവുവിളക്കുകളും പ്രവർത്തനസജ്ജമാക്കാനാണ് പദ്ധതി. ഏകദേശം 10 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കണ്ടെയ്‌നർ റോഡിലുടനീളം ഏകദേശം 1100 എൽഇഡി തെരുവുവിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

കൂടാതെ അനവത്തിൽ ജങ്ഷനിലും ഗോശ്രീ ജങ്ഷനിലും രണ്ട് ഹൈമാസ്‌റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി തുറമുഖത്തേക്കും വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻഷിപ്മെന്റ് ടെർമിനലിലേക്കും ദിനംപ്രതി നൂറുകണക്കിന് ചരക്കുവാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയാണ് കണ്ടെയ്‌നർ റോഡ്. രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലായ്‌മയെ തുടർന്ന് അപകടങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും പതിവായി ഉയർന്നിരുന്നു.

Advertisement

അതേസമയം, കണ്ടെയ്‌നർ റോഡിൽ തെരുവുവിളക്കുകൾ പ്രവർത്തനക്ഷമമാകുന്നതോടെ രാത്രിയാത്ര കൂടുതൽ സുരക്ഷിതമാകുകയും ചരക്കുഗതാഗതം സുഗമമാകുകയും റോഡ് അപകടങ്ങൾ കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ധാരാളം ചരക്കുലോറികളും സാധാരണ വാഹനങ്ങളും ഒക്കെ സഞ്ചരിക്കുന്ന പാതയാണ് ഇത്.

നേരത്തെ വെളിച്ചക്കുറവ് കാരണം ഈ പാതയിൽ അനധികൃതമായി മാലിന്യം തള്ളൽ, തെരുവ് നായ ശല്യം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവ സാരമായി വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. 100 കോടി ചിലവഴിച്ച് നിർമ്മിച്ച പാതയിൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. എന്നാൽ തെരുവുവിളക്കുകൾ പ്രവർത്തന സജ്ജമാവുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് വലിയ രീതിയിൽ പരിഹാരമാവുമെന്നാണ് കരുതുന്നത്.