വഖഫ് നിയമത്തിൽ വിഡിയും മോദിയും ഒരേ പാതയിലെന്ന് ജലീൽ; 'ഷംസുദ്ദീൻ മുണ്ടുടുത്ത അമിത് ഷാ'

മലപ്പുറം: വഖഫ് നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. വിഡി സതീശനും നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ ഒരുപോലെയാണ് എന്നാണ് ജലീൽ ആരോപിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ധീനെ അമിത് ഷാ എന്നും കെടി ജലീൽ വിശേഷിപ്പിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Advertisement

2025-ലെ നിയമ ഭേദഗതിയാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് ആധാരം. 1954-ലെ നിയമത്തിൽ പരമ്പരാഗത ഇസ്ലാമിക നിയമപ്രകാരമുള്ള വഖഫിനായിരുന്നു പ്രാധാന്യം. 2025-ലെ നിയമം വഖഫ് പ്രഖ്യാപനവും രജിസ്ട്രേഷനും അവ പ്രാബല്യത്തിൽ വരുത്തലും സംബന്ധിച്ച വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കി. വഖഫ് സ്വത്തുക്കൾ കൂടുന്നതിന് തടയിടലാണ് ഇതിലൂടെ ബി.ജെ.പി സർക്കാർ ലക്ഷ്യം വെക്കുന്നത്; കെടി ജലീൽ ചൂണ്ടിക്കാട്ടി.

Advertisement

വഖഫ് ബോർഡുകളിലും കൗൺസിലുകളിലും മുസ്ലിം സമുദായത്തിൽ നിന്നുള്ള പ്രതിനിധികളായിരുന്നു ഇക്കാലമത്രയും ഉണ്ടായിരുന്നത്. എന്നാൽ മുസ്ലിങ്ങളല്ലാത്ത രണ്ടു പേരെ കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും ഉൾപ്പെടുത്തി അവർക്കു കൂടി വഖഫ് സ്വത്തുക്കളുടെ ഭരണനിർവഹണത്തിൽ പങ്കാളിത്തം നൽകി മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമം വലിയ ഒച്ചപ്പാടുകൾക്ക് വഴിവെച്ചത് സ്വാഭാവികം. രാജ്യത്തെ ദേവസ്വം ബോർഡുകളിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുന്നതിന് സമാനമാണിതെന്ന അഭിപ്രായം പാർലമെന്റിൽ തന്നെ ബില്ലിന്റെ ചർച്ചാ വേളയിൽ ഉന്നയിക്കപ്പെട്ടെങ്കിലും മോദി സർക്കാർ അതു കേട്ട ഭാവമേ നടിച്ചില്ല; അദ്ദേഹം ആരോപിക്കുന്നു.

ദീർഘകാലമായി ആരാധനയ്ക്കോ മതപരമായ ആവശ്യങ്ങൾക്കോ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സ്ഥലമോ കെട്ടിടമോ വഖഫ് സ്വത്തായി അംഗീകരിച്ചിരുന്ന വ്യവസ്ഥയ്ക്ക് 2025-ലെ ഭേദഗതി അപ്രായോഗിക നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. വഖഫ് സ്വത്ത് വർധിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നിയന്ത്രണങ്ങളെന്ന ആക്ഷേപം ആർക്ക് നിഷേധിക്കാനാവും?; ജലീൽ ചോദിക്കുന്നു.

Advertisement

ഒരാൾ ഇസ്ലാംമതം സ്വീകരിച്ചാൽ ഉടനെ തന്നെ അയാൾക്ക് ഇഷ്‌ടമെങ്കിൽ തന്റെ സ്വത്ത് വഖഫ് ചെയ്യാൻ നേരത്തെയുള്ള നിയമ പ്രകാരം സാധിക്കുമായിരുന്നു. അത് ദുർബലപ്പെടുത്തുകയും കുറഞ്ഞത് 5 വർഷമെങ്കിലും ഇസ്ലാം മതാചാരങ്ങൾ പിന്തുടരുന്ന വ്യക്തികൾക്കു മാത്രമേ സ്വന്തം പേരിലുള്ള സ്വത്ത് സ്വമേധയാ വഖഫായി പ്രഖ്യാപിക്കാൻ സാധിക്കൂ എന്ന പുതിയ നിയമം വഖഫ് സ്വത്ത് കുറയ്ക്കാനല്ലാതെ മറ്റെന്തിനാണ്?; ജലീൽ ചൂണ്ടിക്കാട്ടി.

വഖഫ് ചെയ്‌ത സ്ഥലവും വസ്‌തുക്കളും പരിശോധിക്കാനും സർവേ നടത്താനുമുള്ള ചുമതല സർവേ കമ്മീഷണർമാർക്കാണ് ഇതുവരെയും നൽകിയിരുന്നത്. ഈ അധികാരം സർവേ കമ്മീഷണർമാരിൽ നിന്ന് എടുത്തു കളഞ്ഞ് ജില്ലാ കളക്ടർമാർക്ക് നൽകി. ഇതോടെ ബാബരി മസ്‌ജിദിന് സമാനമായ രീതിയിൽ വഖഫ് സ്വത്തുക്കളുടെ മേൽ ആർക്കും അവകാശവാദമുന്നയിക്കാൻ പ്രേരണയാകില്ലെന്ന് ആര് കണ്ടു? അത്തരമൊരു തർക്കം വന്നാൽ തീരുമാനമെടുക്കാനുള്ള അധികാരം മോദിയുടെ നിയമം കളക്‌ടർമാരിലാണ് നിക്ഷിപ്‌തമാക്കിയത്. സംഘപരിവാർ സ്വാധീന സംസ്ഥാനങ്ങളിൽ വ്യാപകമായ തർക്കങ്ങളും സംഘർഷങ്ങളുമുണ്ടാക്കി കളക്‌ടർമാരെക്കൊണ്ട് തീരുമാനമെടുപ്പിക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കില്ലെന്ന കാര്യത്തിൽ ആർക്കാണ് സംശയം?; ഡോ. കെടി ജലീൽ ചോദിക്കുന്നു.

Advertisement

2025-ലാണ് പുതിയ വഖഫ് ബോർഡ് രണ്ടാം പിണറായി സർക്കാർ പുനഃസംഘടിപ്പിച്ചത്. പുതിയ ഭേദഗതി വന്നതിനു ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന പുനഃസംഘടന. രണ്ട് അമുസ്ലിം അംഗങ്ങളെ അന്ന് ഉൾപ്പെടുത്തിയില്ല. അക്കാര്യത്തിൽ അന്നത്തെ മുഖ്യമന്ത്രിക്ക് തന്നെയായിരുന്നു വാശി. അന്യായമായത് നാം ചെയ്യേണ്ട എന്ന് കണിശമായി പറഞ്ഞത് പിണറായി വിജയനാണ്. ലീഗ് ഇന്ന് പറയും പോലെ കേന്ദ്ര നിയമം പാലിച്ചില്ലെങ്കിൽ വഖഫ് ബോർഡിന് സാധുത ഉണ്ടാവില്ല എന്ന ന്യായം പറഞ്ഞ് എൽഡിഎഫ് സർക്കാരിനും രണ്ട് അമുസ്ലിം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാമായിരുന്നു! അതിനു പകരം അതു പാലിക്കാതെ ബോർഡ് രൂപീകരിക്കാൻ ഇടതുപക്ഷ സർക്കാർ കാണിച്ച ജാഗ്രത സതീശൻ മറന്നാലും ലീഗ് മറക്കരുത്; ജലീൽ ഇടത് സർക്കാരിനെ ന്യായീകരിച്ചു.

Advertisement

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നു. നിലവിലുള്ള വഖഫ് ബോർഡ് പിരിച്ചു വിട്ട് പുതിയ ബോർഡ് കൊണ്ടുവരാൻ ഭരണമേറ്റ നാൾ മുതൽ ലീഗ് പരക്കം പായുകയാണ്. 2006-ലും 2016-ലും എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ വഖഫ് ബോർഡിന് ലീഗിന്റെ ചെയർമാന്മാരായിരുന്നു. മൂന്ന് വർഷത്തിലധികമുള്ള കാലാവധി പൂർത്തീകരിക്കാൻ അവർക്ക് അവസരം നൽകുകയാണ് ചെയ്‌തത്. അവരെ ആരെയും പിരിച്ചു വിട്ടിട്ടില്ല; അദ്ദേഹം ചൂണ്ടിക്കാട്ടി.

വഖഫ് നിയമം ചോദ്യം ചെയ്യുന്ന കേസുകളെല്ലാം തള്ളിപ്പോയെന്നും അമുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ തട്ടിവിട്ട നുണയ്ക്ക് മുസ്ലിം ലീഗ് നൽകിയ പിന്തുണ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. മുസ്ലിം ലീഗ് കേസിൽ കക്ഷിയാണെന്നോർക്കണം. ഓഗസ്‌റ്റ് 25-ന് സുപ്രീം കോടതി കേസ് കേൾക്കാൻ പോകുന്നേയുള്ളൂ. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതിന്റെ നിയമസാധുതയാണ് പ്രധാനമായും സുപ്രീം കോടതി പരിശോധിക്കുന്നത്; ജലീൽ പറയുന്നു.

Advertisement

ആ വിധി വരുന്നതുവരെ ഒഴിവുകൾ ഇടുകയെന്ന നയം തമിഴ്‌നാട്ടിലെ ഡിഎംകെ. സർക്കാരും കേരളത്തിലെ എൽഡിഎഫ് സർക്കാരും സ്വീകരിച്ചപ്പോൾ, ഇപ്പോൾ തന്നെ വിധി പ്രതികൂലമായെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രനെയും ഷോൺ ജോർജിനെയും വഖഫ് ബോർഡിൽ തിരുകിക്കയറ്റാൻ ഗൂഢനീക്കം നടത്തുന്ന മുഖ്യമന്ത്രി സതീശൻ ഖദറിട്ട മോദിയല്ലാതെ മറ്റാരാണ്? അതിന് ഒത്താശ ചെയ്യുന്ന എൻ ഷംസുദ്ദീൻ മുണ്ടുടുത്ത അമിത്ഷയല്ലാതെ വേറെ ആരാണ്?; ജലീൽ കൂട്ടിച്ചേർത്തു.