ലേബർ കോഡ് കൂടുതലും തൊഴിലാളി വിരുദ്ധം, അന്തിമചട്ട രൂപീകരണം ചർച്ചകൾക്കൊടുവിലെന്ന് മന്ത്രി ബിന്ദു കൃഷ്ണ


ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ ചട്ട രൂപീകരണത്തിനുളള ചർച്ചകൾ പുരോഗമിക്കുന്നതായി തൊഴിൽ, വനിതാശിശുക്ഷേമ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വൺ ഇന്ത്യയോട്. അന്തിമ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യണമെന്നാണ് കേന്ദ്ര നിർദ്ദേശമെന്നും എന്നാൽ വിപുലമായ ചർച്ചകൾ ആവശ്യമുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചതായും ബിന്ദു കൃഷ്ണ വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

Advertisement

'' ലേബര്‍ കോഡ് രാജ്യത്ത് 2020ല്‍ നിലവില്‍ വന്നു. അന്തിമ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മെയ് മാസം പ്രസിദ്ധീകരിച്ചു. കേരളത്തിലെ അന്തിമ ചട്ടങ്ങള്‍ രൂപീകരിക്കുന്ന സമയമാണിത്. തൊഴിലവകാശങ്ങള്‍ നിയമം വഴി ഉറപ്പിച്ച രാജ്യമാണ് നമ്മുടേത്. 29 നിയമങ്ങള്‍ രാജ്യത്ത് ഉണ്ടായിരുന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു സുപ്രഭാതത്തില്‍ 4 നിയമങ്ങളായി ചുരുക്കി. അതില്‍ കൂടുതലും തൊഴിലാളി വിരുദ്ധമാണ്. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതാണ്. ഒരുപാട് ആശങ്കകള്‍ സൃഷ്ടിക്കുന്നതാണിത്.

Advertisement

നിയമം വന്നകാലത്ത് ഞാനും ഒരുപാട് സമരങ്ങളില്‍ പങ്കെടുത്തിട്ടുളളതാണ് പക്ഷേ ഇന്ന് ആ തൊഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കേണ്ട ഉത്തരവാദിത്തം വന്നിരിക്കുന്നു. അത് വലിയ ചര്‍ച്ചകളിലൂടെയേ സാധിക്കൂ. എന്നാല്‍ അന്തിമ ചട്ടങ്ങള്‍ അടിയന്തരമായി വിജ്ഞാപനം ചെയ്യണം എന്നാണ് കേന്ദ്രം യോഗം വിളിച്ച് പറഞ്ഞിരിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ സാധിക്കൂ എന്നാണ് കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്, ചര്‍ച്ചകള്‍ നടക്കുകയാണ്.

മന്ത്രിതല ചര്‍ച്ച കഴിഞ്ഞു. ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായി നിയമവിദഗ്ധരേയും യൂണിയന്‍ പ്രതിനിധികളേയും അടക്കം ഉള്‍പ്പെടുത്തി ശില്‍പശാല നടത്തും. അതിന് ശേഷം അന്തിമ ചട്ടം രൂപീകരിക്കും. ഇത് സങ്കീര്‍ണമായ അവസ്ഥ തന്നെയാണ്. പക്ഷേ കേന്ദ്ര ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പോകാന്‍ സാധിക്കില്ല. അതിനുളളില്‍ നിന്ന് കൊണ്ട് മാത്രമേ സംസ്ഥാനത്തിന് ചട്ടങ്ങള്‍ രൂപീകരിക്കാനാകൂ. എങ്കിലും സാധ്യമായ എല്ലാ വഴികളിലൂടെയും നമ്മുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുളള നിയമനടപടികളെടുക്കും'' മന്ത്രി വ്യക്തമാക്കി.

Advertisement

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ക്രോഡീകരിക്കാനുളള പോർട്ടൽ തൊഴിൽ വകുപ്പ് ഉടൻ തയ്യാറാക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. '' കേരളം ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്‌നം ഭായിമാര്‍ ഇല്ലെങ്കില്‍ എല്ലാ മേഖലകളും തളരുകയാണ് എന്നതാണ്. അവരും നമ്മുടെ അവിഭാജ്യ ഘടകമാണ്. ഓപ്പറേഷന്‍ തൂഫാനുമായൊക്കെ ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ക്ക് രേഖകള്‍ പോലും ഇല്ല. മറുഭാഗത്ത് ഈ തൊഴിലാളികളെ പാര്‍പ്പിക്കുന്നയിടങ്ങള്‍ നോക്കിയാല്‍ മനുഷ്യരാണെന്ന പരിഗണന പോലും നല്‍കാത്ത സ്ഥിതിയാണ്.

അവര്‍ക്കായി കളമശ്ശേരിയില്‍ ഒരു കെട്ടിടം പണിത് കൈമാറാനുളള ഒരുക്കത്തിലാണ്. മാത്രമല്ല അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഒരു യൂണിഫൈഡ് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ തയ്യാറാക്കുകയാണ്. സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു വിരല്‍ അമര്‍ത്തിയാല്‍ ലഭ്യമാകും''.