കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി നടനും സംവിധായകനുമായ മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ലസ് ടു വിദ്യാര്‍ഥിനി മാളവികയാണ് നോട്ടീസ് അയച്ചത്. ഡല്‍ഹി സമരത്തിന്റെ ഭാഗമാണ് മാളവിക. അതുകൊണ്ടുതന്നെ സമരക്കാരെ അധിക്ഷേപിക്കുന്നത് തന്നെയും ബാധിക്കുന്നതാണ് എന്ന് വിദ്യാര്‍ഥിനി പറയുന്നു.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. വിസ്മയയെ വിമര്‍ശിച്ചാണ് മേജര്‍ രവി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വിസ്മയക്ക് രാഷ്ട്രീയ പരിജ്ഞാനമില്ലെന്നു മേജര്‍ രവി പറഞ്ഞു. സമരക്കാര്‍ക്കെതിരെയും അദ്ദേഹം മോശമായി സംസാരിച്ചു. ഇതെല്ലാമാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നത്.
ഏഴ് ദിവസത്തിനകം മേജര്‍ രവി മാപ്പ് പറയണം, വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യണം, 10 ലക്ഷം രൂപ മാനനഷ്ടം നല്‍കണം തുടങ്ങിയവയാണ് വിദ്യാര്‍ഥിനിയുടെ ആവശ്യം. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. ഇവര്‍ക്ക് പിന്തുണയുമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടരുകയാണ്. നിരവധി ബിജെപി നേതാക്കള്‍ സമരത്തിന് എതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെയാണ് മേജര്‍ രവി വീഡിയോ ചെയ്തത്. പല കുട്ടികള്‍ക്കും സിബിഎസ്ഇ എന്നു പോലും എഴുതാന്‍ അറിയില്ല, സമരം ചെയ്യുന്നിടത്ത് രാത്രി കാലങ്ങളില്‍ അതിക്രമം നടക്കുന്നു, തിന്നാനും കുടിക്കാനും മാത്രമാണ് ചിലര്‍ സമരത്തിന് എത്തുന്നത്, അമേരിക്കയുടെ ഫണ്ടിങ് ഇതിനുണ്ട് തുടങ്ങിയ ആരോപണങ്ങളും മേജര്‍ രവി ഉന്നയിച്ചിരുന്നു. ഇതെല്ലാം താനുള്‍െപ്പടെയുള്ള വിദ്യാര്‍ഥികളെ അധിക്ഷേപിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മാളവികയുടെ നോട്ടീസ്. അതേസമയം, നിരവധി സിനിമാ താരങ്ങളും കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊരാളായിരുന്നു വിസ്മയ മോഹന്‍ലാല്‍. സമരത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചവരില്‍ ഒരാളാണ് അവര്‍. വിസ്മയയുടെ ആദ്യം ചിത്രം ഇറങ്ങാന്‍ പോകുകയാണ്. ഇതിന് പിന്തുണ ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ പ്രതികരണം എന്നും വിമര്‍ശനമുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാണ് സമരക്കാരുടെ ആവശ്യം. ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിനോട് ആദ്യം മന്ത്രി രാജിവെക്കട്ടേ എന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം സമരക്കാരും കേന്ദ്രമന്ത്രിമാരും ചര്‍ച്ച നടത്തിയിരുന്നു. ഇന്നും തുടര്‍ ചര്‍ച്ച നടക്കും. ധര്‍മേന്ദ്ര പ്രധാനെ സംരക്ഷിക്കുന്ന നിലപാടാണ് ഇതുവരെ കേന്ദ്രം സ്വീകരിച്ചത്. എന്നാല്‍ സമരം വ്യാപിക്കുമോ എന്ന ആശങ്ക കേന്ദ്ര സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനുള്ള സാധ്യത തള്ളാനാകില്ല.