നടിയുടെ പീഡനക്കേസ് അമ്മ അന്വേഷിക്കട്ടെയെന്ന് ദിലീപ് പറഞ്ഞില്ല.. കന്യാസ്ത്രീയെ പിന്തുണച്ച് മേജർ രവി


കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ഒരു കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതുവരെ ജലന്ധര്‍ ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരം നടത്തുകയാണ്.

വലിയ പിന്തുണയാണ് കന്യാസ്ത്രീകളുടെ സമരത്തിന് ലഭിക്കുന്നത്. കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന പിസി ജോര്‍ജിനെതിരെ വലിയ പ്രതിഷേധം ഉയരുകയും ചെയ്യുന്നു. അതിനിടെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവിയും എത്തി.

പിന്തുണയുമായി മേജർ രവി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് തന്റെ എല്ലാ വിധ പിന്തുണയും ഉണ്ടെന്ന് മേജര്‍ രവി പറഞ്ഞു. ഫ്രാങ്കോ എത്ര വലിയ കൊമ്പത്ത് ഇരിക്കുന്ന ആളാണെങ്കിലും ആരോപണം വന്നിട്ടുണ്ട് എങ്കില്‍ അദ്ദേഹത്തിന് എതിരെ നിയമപരമായ നടപടിയെടുക്കണം എന്ന് മേജര്‍ രവി ആവശ്യപ്പെട്ടു.

ദിലീപിന്റെ അറസ്റ്റ്

ഇതുപോലുള്ള അക്രമങ്ങള്‍ക്ക് സംഘടനയുടെ ബലം കൊണ്ട് പിന്തുണയക്കാന്‍ സാധിക്കില്ലെന്ന് ദിലീപ് കേസിനെക്കുറിച്ച് സൂചിപ്പിച്ച് കൊണ്ട് മേജര്‍ രവി പറഞ്ഞു. സമാനമായ കേസിലാണ് ദിലീപിനേയും പോലീസ് അറസ്റ്റ് ചെയ്തത്. ആ സമയത്ത് തനിക്ക് അമ്മ എന്ന സംഘടന ഉണ്ടെന്ന് ദിലീപിന് പറയാമായിരുന്നു.

തെറ്റുകാരെ സംരക്ഷിക്കേണ്ടതില്ല

തന്റെ സംഘടന അന്വേഷണം നടത്തിയ ശേഷം മതി അറസ്‌ററ് ചെയ്യുന്നത് എന്ന് ദിലീപിന് പറയാമായിരുന്നു. എന്നാല്‍ അന്ന് അങ്ങനെ ആരും പറഞ്ഞില്ല. ഇത്തരം കേസുകളില്‍ രാഷ്ട്രീയ പിന്തുണ നല്‍കുന്നത് തെറ്റാണെന്നും പൊതുജനത്തിന് തെറ്റ് ചെയ്തവരെ പിന്തുണയ്‌ക്കേണ്ട ഉത്തരവാദിത്തം ഇല്ലെന്നും മേജര്‍ രവി വ്യക്തമാക്കി.

നീതി ലഭിച്ചേ മതിയാവു

പത്ത് വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുമ്പോള്‍ അവര്‍ക്ക് ആയിരത്തോളം വോട്ടുകള്‍ നഷ്ടമാവുകയാണ് ചെയ്യുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിച്ചേ മതിയാവുകയുള്ളൂ. ഇത്തരമൊരു കാര്യത്തില്‍ ഒരു സഭയ്ക്ക് പൊതുസമൂഹത്തിന് മുന്നില്‍ മറുപടി പറയാന്‍ സാധിക്കുകയില്ല.

എന്തുകൊണ്ട് നടപടിയില്ല

ബിഷപ്പിന് എതിരെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് രണ്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എന്തിന്റെ പേരിലാണ് നടപടി എടുക്കാത്തത് എന്നും മേജര്‍ രവി ചോദിക്കുന്നു. ഇരയെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ഇതിന് മുന്‍പും ഇരകള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും പിസി ജോര്‍ജിനെ ഉദ്ദേശിച്ച് മേജര്‍ രവി പറഞ്ഞു.

ധാര്‍മ്മികമായ സമരം

ഇത്തരം കാര്യങ്ങള്‍ സമൂഹം വെച്ച് പൊറുപ്പിക്കാന്‍ പാടുള്ളതല്ല. അഭയ കേസും ഇത്തരത്തില്‍ ആയിരുന്നു. 26 വര്‍ഷമായിട്ടും ഒന്നും നടന്നിട്ടില്ലെന്നും മേജര്‍ രവി സൂചിപ്പിച്ചു. ഇവിടെ നടക്കുന്നത് ധാര്‍മ്മികമായ സമരമാണ്. നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. ഈ സമരത്തെ പിന്തുണയ്ക്കാന്‍ പൊതുസമൂഹത്തിന് ബാധ്യത ഉണ്ടെന്നും മേജര്‍ രവി പറഞ്ഞു.

Have a great day!
Read more...

English Summary

Major Ravi supports nun's strike against Bishop Franko