ബിജെപി നേതാവ് സുഗതന്റെ കൗൺസിലർ സ്ഥാനം തെറിച്ചേക്കും; കാപ്പാ തടവ് ഉപദേശക സമിതി ശരിവെച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും തിരിച്ചടി. ഗുണ്ടാവിരുദ്ധ നിയമപ്രകാരം (കാപ്പാ) സുഗതനെ ആറ് മാസത്തേക്ക് തടവിലാക്കിയ നടപടി കാപ്പാ ഉപദേശക സമിതി ഔദ്യോഗികമായി ശരിവെച്ചു. ഈ ഉത്തരവിനെതിരെ സുഗതന് ഇനി ഹൈക്കോടതിയെ സമീപിക്കാൻ സാധിക്കും. എന്നാൽ, ഹൈക്കോടതിയും ഈ നടപടി റദ്ദാക്കാൻ തയ്യാറായില്ലെങ്കിൽ സുഗതന് ജയിലിൽ തന്നെ തുടരേണ്ടി വരും. ഇതോടെ കോർപ്പറേഷനിലെ കൗൺസിലർ പദവിയും സുഗതന് നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരം. വട്ടിയൂർക്കാവ് ജനപ്രതിനിധിയായ സുഗതൻ തിരുവനന്തപുരത്തെ ബിജെപിയുടെ സജീവ നേതാവാണ്.

Advertisement

വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് ആർ. സുഗതൻ. നിരവധി ഗുരുതരമായ ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്. 2019 ഓഗസ്റ്റ് 25-ന് ഒരാളെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതിന് മനഃപൂർവ്വമല്ലാത്ത നരഹത്യാശ്രമത്തിന് സുഗതനെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം 2023 ജൂലൈയിൽ രണ്ട് വലിയ അക്രമ സംഭവങ്ങളിൽ ഇയാൾ പ്രതിയായി. ഒരാളുടെ വീട്ടിൽ അതിക്രമിച്ചുകയറി വാഹനങ്ങളും വീടും അടിച്ചുതകർത്തതിനും, ഭർത്താവിനോടുള്ള പക തീർക്കാൻ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ചതിനുമാണ് അന്ന് കേസെടുത്തത്.

Advertisement

അക്രമങ്ങളുടെ പരമ്പര പിന്നീട് 2025-ലും തുടരുകയുണ്ടായി. 2025 മാർച്ചിൽ ബിസിനസ്സ് തർക്കത്തെ തുടർന്ന് ഒരു യുവാവിനെ ആക്രമിച്ച കേസിൽ ഇയാൾക്കെതിരെ വീണ്ടും മനഃപൂർവ്വമല്ലാത്ത നരഹത്യാശ്രമത്തിന് കുറ്റം ചുമത്തി. അതേവർഷം ജൂലൈയിൽ സെക്യൂരിറ്റി ജീവനക്കാരന് ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരു ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയതിനും സുഗതനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏറ്റവും ഒടുവിലായി 2026 ഫെബ്രുവരിയിൽ, വി.കെ. പ്രശാന്ത് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മന്ദിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തുകയും ചെയ്തു എന്നതായിരുന്നു ഈ കേസ്. ഇത്രയധികം കേസുകൾ നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി സുഗതനെ വാഴോട്ടുകോണം വാർഡിൽ സ്ഥാനാർത്ഥിയാക്കിയതും ഇയാൾ വിജയിച്ചതും. ഇപ്പോൾ കാപ്പാ സമിതിയും നടപടി ശരിവെച്ചതോടെ സുഗതന്റെ രാഷ്ട്രീയ ഭാവി വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.