'മൂന്നാറിലേക്ക് പോകരുത്'; കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ സാധ്യത

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മൂന്നാറിലേക്കുള്ള യാത്ര വിനോദ സഞ്ചാരികള്‍ ഒഴിവാക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടർ. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ സി എസ് ഐ പള്ളിക്ക് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Advertisement

കഴിഞ്ഞദിവസം മൂന്നാര്‍ സിഎസ്‌ഐ പള്ളിക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ ആണ് കളക്ടറുടെ നിര്‍ദേശം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിള്ളലുണ്ടായ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ മൂലം ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

Advertisement

അപകട സാധ്യതാ മേഖലകളില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശം സന്ദര്‍ശിച്ച് ദുരന്തസാധ്യത പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റിനെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് കനത്ത മുഴ തുടരുകയാണ്. വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ഉണ്ട്. കണ്ണൂർ , കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം.

Advertisement

ഇതിനുപുറമേ തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലായി ഒരു തീവ്ര ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ്, കിഴക്കൻ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനാണ് സാധ്യത.

ഇന്ന് അതിശക്തമായ മഴ

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം 10 വരെ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ജൂലൈ 8 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Advertisement

മഴയ്ക്കൊപ്പം തന്നെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കാറ്റിലും ഇടിമിന്നലിലും അപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും വകുപ്പ് അറിയിച്ചു.