മലപ്പുറം ജില്ലയിലെ തവനൂരില്‍ പുതിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നു. ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്ന കേന്ദ്രത്തില്‍ ദിവസവും 50 പേര്‍ക്ക് സേവനങ്ങള്‍ ലഭിക്കും. ഇത് ഘട്ടങ്ങളായി 150 പേര്‍ക്ക് സേവനം ലഭിക്കുന്ന തരത്തിലേക്ക് ഉയര്‍ത്തുമെന്ന് എംപി അബ്ദുസമദ് സമദാനി അറിയിച്ചു. പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതില്‍ കാലതാമസം വരുന്ന കാര്യം വിദേശകാര്യ മന്ത്രിയെ അറിയിച്ചിരുന്നു എന്ന് എംപി പറഞ്ഞു.
പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ സ്‌പെഷ്യല്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. അടുത്ത ശനിയാഴ്ച മലബാറിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ അവധി ഒഴിവാക്കി പ്രവര്‍ത്തിക്കുമെന്നും സമദാനി അറിയിച്ചു.
അബ്ദുസമദ് സമദാനിയുടെ അറിയിപ്പ് വായിക്കാം: ''പാസ്‌പോര്‍ട്ട് ലഭ്യമാകുന്നതിലെ കാലതാമസം പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കുകയും അതനുസരിച്ച് വിവിധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇതുസംബന്ധമായി കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രിക്ക് ഇ-മെയില്‍ സന്ദേശമയച്ചിരുന്നു. തിരക്ക് പരിഹരിക്കാന്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ സ്‌പെഷ്യല്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിരമായി പാസ്‌പോര്‍ട്ട് ലഭിക്കേണ്ടവര്‍ക്ക് വേഗത്തില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ ഈ കൗണ്ടറുകളിലെ സേവനം ഉപയോഗപ്പെടുത്താം. അടുത്ത ശനിയാഴ്ച മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അഞ്ച് ജില്ലകളിലെയും പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ അവധി ഒഴിവാക്കി പ്രവര്‍ത്തിക്കുമെന്നും പാസ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അതിലൂടെ 2500 പേര്‍ക്കെങ്കിലും പാസ്‌പോര്‍ട്ട് ലഭ്യമാക്കാനും അത്രയും തിരക്ക് ഒഴിവാക്കാനും സാധിച്ചേക്കും. തവനൂരില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം വിപുലമായൊരു പ്രദേശത്തെ ജനസമൂഹത്തിനും തൊഴിലന്വേഷകരായ ചെറുപ്പക്കാര്‍ക്ക് പ്രത്യേകിച്ചും സൗകര്യപ്രദവും ആശ്വാസകരവുമായിത്തീരുമെന്ന് പ്രത്യാശിക്കുന്നു. ദിനേന 50 അപേക്ഷകര്‍ക്കാണ് ഇപ്പോള്‍ സേവനം ലഭ്യമാകുക. ഉടനെത്തന്നെ അത് 100 പേര്‍ക്കാക്കി ഉയര്‍ത്തുമെന്നും 150 പേര്‍ക്കുള്ള സൗകര്യം ഓഫീസിലുണ്ടെന്നും അധികൃതരില്‍ നിന്ന് വിവരം ലഭിച്ചു. മുന്‍ എംപി ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബ് അടക്കം പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും വിദേശകാര്യമന്ത്രാലയത്തിനും നന്ദി അറിയിക്കുന്നു. കൂടുതല്‍ പേര്‍ക്ക് സൗകര്യം ലഭിക്കുന്ന രീതിയില്‍ സേവാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.''