അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ല;വിഎ അരുണ്‍ കുമാർ

ഐ എച്ച് ആർ ഡി ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി വി എസ് അച്യുതാനന്ദന്റെ മകൻ വി എ. അരുൺകുമാർ. കഴിഞ്ഞ 32 വർഷക്കാലത്തെ നീണ്ട സർവീസിൽ പ്രിൻസിപ്പൽ, അഡിഷണൽ ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിൽ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

Advertisement

അഡിഷണൽ ഡയറക്ടർ പദവി വരെയുള്ള പ്രമോഷനുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും ഡയറക്ടർ നിയമനം പൂർണ്ണമായും സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും ഇപ്പോൾ ആവർത്തിക്കപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അരുണിന് പകരം ഐ എച്ച് ആർ ഡിയുടെ കീഴിലുള്ള പൂഞ്ഞാർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ എം വി രാജേഷ് ആണ് പുതിയ ഡയറക്ടർ. തൻ്റെ അനിഷ്ടംപങ്കുവെച്ച് അരുണ്‍ കുമാർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.

Advertisement

'ഐ എച്ച് ആർ ഡി (IHRD) ഡയറക്ടറുടെ ചുമതലയിൽ നിന്നുള്ള പുതിയ മാറ്റത്തിന്റെ ഉത്തരവ് (G.O.(Ms) No.471/2026/HEDN) ഇന്ന് പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ 32 വർഷക്കാലത്തെ നീണ്ട സർവീസിൽ പ്രിൻസിപ്പൽ, അഡിഷണൽ ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിൽ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും, അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്.

അഡിഷണൽ ഡയറക്ടർ പദവി വരെയുള്ള പ്രമോഷനുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, ഡയറക്ടർ നിയമനം പൂർണ്ണമായും സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും ആവർത്തിക്കപ്പെട്ടത്. അർഹതപ്പെട്ട അംഗീകാരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമമുണ്ടെങ്കിലും, ഒരു വലിയ ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം. ഡയറക്ടറുടെ ചുമതല വഹിക്കാൻ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ ഐ.എച്ച്.ആർ.ഡി എന്ന വലിയ പ്രസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും, ഈ മേഖലയിൽ കൃത്യമായൊരു ദിശാബോധം സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന ബോധ്യമാണ് ഏറ്റവും വലിയ പദവി',അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

Advertisement

മൂന്നു വര്‍ഷം മുന്‍പാണ് അരുണ്‍കുമാറിനു ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ചുമതല നല്‍കിയത്. യോഗ്യത മറികടന്നാണ് നിയമനം എന്നാരോപിച്ച് ഇതിനെതിരെ കോടതിയിൽ ഹർതി ഫയൽ ചെയ്യപ്പെട്ടിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി അന്വേഷണം നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.