നാളെ സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് ഇല്ല; 11 ജില്ലകളിൽ യെല്ലോ, 7 വരെ സംസ്ഥാനത്ത് ശക്തമായ മഴ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. നാളെ ഒരു ജില്ലകളിലും ഓറഞ്ച് അലർട്ട് ഇല്ല. എന്നാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Advertisement

വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചിന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ആറിന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ട്. ഏഴിന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്.

Advertisement

അതേസമയം ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

എൽ നിനോ വില്ലനാകുന്നു; ഈ മാസവും രാജ്യത്ത് മഴ കുറഞ്ഞേക്കും

പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന 'എൽ നിനോ' പ്രതിഭാസം ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജൂലൈയിലും മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. രാജ്യത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത്തവണ സാധാരണ കിട്ടേണ്ട മഴ ലഭിക്കില്ലെന്നും വകുപ്പ് വ്യക്താക്കി.

Advertisement

ജൂണിൽ 39 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. അതായത് 1901ന് ശേഷം രാജ്യം കണ്ട ഏറ്റവും വരണ്ട അഞ്ചാമത്തെ ജൂൺ മാസമായിരുന്നു കടന്നുപോയത്. ഇതിന് പിന്നാലെയാണ് ഈ മാസവും മഴ കുറയുമെന്ന പ്രവചനം വരുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് മധ്യ ഇന്ത്യ, പടിഞ്ഞാറൻ ഇന്ത്യ, വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ മിക്ക സ്ഥലങ്ങളിലും ഇത്തവണ മഴ വളരെ കുറവായിരിക്കും. എന്നാൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും കിഴക്കൻ മേഖലകളിലും സാധാരണ രീതിയിലുള്ള മഴ കിട്ടിയേക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

സമുദ്രത്തിലെ ചൂട് കൂടുന്ന പ്രതിഭാസമാണ് 'എൽ നിനോ'.ഇവ മൺസൂൺ കാറ്റുകളുടെ ശക്തി കുറച്ചതാണ് ഇത്തവണ മഴക്ക് തിരിച്ചടിയായത്. മുൻപും എൽ നിനോ ശക്തമായ വർഷങ്ങളിൽ രാജ്യത്ത് കടുത്ത വരൾച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം മഴയുടെ കുറവ് രാജ്യത്തെ കൃഷിയേയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൃഷിയിറക്കുന്നത് 23 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ. മണ്ണിൽ ഈർപ്പമില്ലാത്തത് കാരണം നെല്ല്, പയറുവർഗ്ഗങ്ങൾ, സോയാബീൻ, പരുത്തി എന്നിവയുടെ കൃഷിയാണ് പ്രധാനമായും പ്രതിസന്ധിയിലായത്.

Advertisement

എന്നാൽ വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചിലയിടങ്ങളിൽ നല്ല മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നുണ്ട്. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതി അനുകൂലമാകാൻ സാധ്യതയുണ്ടെന്നുള്ള പ്രവചനങ്ങളാണ് ചില ഓസ്‌ട്രേലിയൻ കാലാവസ്ഥാ ഏജൻസികൾ പങ്കുവെയ്ക്കുന്നത്. ഇത് മഴ കൂട്ടാൻ സഹായിച്ചേക്കാം. എങ്കിലും എൽ നിനോ പ്രതിഭാസം വില്ലനായാൽ രാജ്യം കടുത്ത പ്രതിസന്ധി നേരിടുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.