ഓണം ബംപറില്‍ ഒറ്റയടിക്ക് ഒന്നാം സമ്മാനം വര്‍ധിപ്പിച്ചത് 5 കോടി രൂപ! ടിക്കറ്റ് വിലയില്‍ മാറ്റവുമില്ല; കാരണമിത്

സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറ് ബംപര്‍ ടിക്കറ്റുകളില്‍ ഏറ്റവും കൂടുതല്‍ സമ്മാനവും ഏറ്റവും ഉയര്‍ന്ന സമ്മാനവും നല്‍കുന്നത് ഓണം ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ക്കാണ്. ഇത്തവണത്തെ ഓണം ബംപറിലാകട്ടെ വലിയ മാറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ഒന്നാം സമ്മാനത്തുക 25 കോടി രൂപയായിരുന്നുവെങ്കില്‍ ഇത്തവണ അത് 30 കോടി രൂപയായി വര്‍ധിപ്പിച്ചു.

Advertisement

ടിക്കറ്റ് വില 500 രൂപയായി നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഈ മാറ്റം. സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റ് അംഗീകരിച്ച ഈ പുതിയ സമ്മാന ഘടനയോടെ, കേരളത്തിന്റെ സര്‍ക്കാര്‍ ലോട്ടറി പദ്ധതിയില്‍ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ജാക്ക്പോട്ടായി ഈ വര്‍ഷത്തെ ഓണം ബംപര്‍ മാറുന്നു. ടിക്കറ്റ് വില കൂട്ടാതെ എന്തിനാണ് സര്‍ക്കാര്‍ ഒന്നാം സമ്മാനത്തുക വര്‍ധിപ്പിച്ചത് എന്നാണ് ഇപ്പോള്‍ എല്ലാവരുടേയും ഉള്ളിലെ ചോദ്യം.

Advertisement

ഈ വര്‍ധനവിന് പിന്നിലുള്ള കൃത്യമായ കാരണം സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, ഓണം ബംപറില്‍ എല്ലാ വര്‍ഷവും വലിയ ഡിമാന്‍ഡ് രേഖപ്പെടുത്തുന്ന, സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ ലോട്ടറിയായി തിരുവോണം ബംപര്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നാണ് ലോട്ടറി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടിക്കറ്റ് വില 500 രൂപയായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയര്‍ത്തിയതിലൂടെ ബംപര്‍ നറുക്കെടുപ്പ് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

പരിഷ്‌കരിച്ച സമ്മാന ഘടനയില്‍ വിവിധ വിഭാഗങ്ങളിലായി സമ്മാനത്തുക പുനര്‍വിതരണം ചെയ്തിട്ടുണ്ട്. ഒന്നാം സമ്മാനം 5 കോടി രൂപ വര്‍ധിപ്പിച്ചപ്പോള്‍, മൂന്നാം സമ്മാനം 50 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായി കുറച്ചു. അതായത് സമ്മാനത്തുക കേവലം വര്‍ധിപ്പിക്കാതെ മറിച്ച് മൊത്തത്തിലുള്ള സമ്മാന വിഹിതം പുനഃക്രമീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

Advertisement

ഓണം ബംപറിലെ ആകെ സമ്മാനത്തുക 125.54 കോടി രൂപയാണ്. ആവശ്യകത അനുസരിച്ച് 90 ലക്ഷം വരെ ടിക്കറ്റുകള്‍ വരെ പുറത്തിറക്കാന്‍ ആണ് ലോട്ടറി വകുപ്പിന്റെ ആലോചന. ഓണത്തിന് മുന്നോടിയായി ബംപര്‍ ടിക്കറ്റുകള്‍ക്ക് വലിയ തോതിലുള്ള വില്‍പ്പനയാണ് പതിവായി ഉണ്ടാകാറുള്ളത്. 2022-ലാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനത്തുക അവസാനമായി പരിഷ്‌കരിച്ചത്.

അന്ന് അത് 12 കോടി രൂപയില്‍ നിന്ന് 25 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സമ്മാനത്തുക 30 കോടി രൂപയായി വര്‍ധിപ്പിച്ചത് സംസ്ഥാനത്തെ ഏറ്റവും ജനപ്രിയമായ ഈ ബംപര്‍ ലോട്ടറിയുടെ ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്.