പേളി മാണിക്ക് കിട്ടിയ എട്ടിൻ്റെ പണി, 'കൈവിട്ടത് 2 ലക്ഷം പേർ..രഞ്ജിനി ഹരിദാസ് പേര് മാത്രമല്ല';വൈറൽ കുറിപ്പ്

രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തെ കുറിച്ച് പേളി മാണി പങ്കുവെച്ച നിലപാട് കടുത്ത വിമർശനത്തിനാണ് വഴിവെച്ചത്. പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം തന്നെ അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനമെന്നുമുള്ള പേളിയുടെ വാക്കുകളാണ് വിമർശനത്തിന് കാരണമായത്. ഇതിനിടെ സമരത്തിൻ്റെ ഗൌരവം കുറച്ചുകാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ ചിലരെ പേളി ബ്ലോക്ക് ചെയ്യുകയും പരിഹസിക്കുകയും ചെയ്തതോടെ വിമർശനം കടുത്തു. ഇതോടെ നിരവധി പേർ സോഷ്യൽ മീഡിയയിൽ നിന്ന് അവരെ അണ്‍ഫോളോ ചെയ്ത് പോകുകയും ചെയ്തു.

Advertisement

ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് കോണ്‍ഗ്രസ് ഡിജറ്റൽ മീഡിയ കണ്‍വീനർ താര ടോജോ അലക്സ്. വിദ്യാർത്ഥി സമരത്തിൽ ശക്തമായ നിലപാടെടുത്ത രഞ്ജിനി ഹരിദാസിനേയും പേളിയേയും താരതമ്യം ചെയ്തുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് താര പ്രതികരിച്ചത്. എന്തുകൊണ്ട് രഞ്ജിനി കൈയ്യടി അർഹിക്കുന്നുവെന്ന് പോസ്റ്റിൽ താര വിശദീകരിച്ചു. വായിക്കാം

Advertisement

'രണ്ട് സ്ത്രീകളെ കുറിച്ച് പറയാം..
1. രഞ്ജിനി ഹരിദാസ്.
രഞ്ജിനി ഹരിദാസ് എന്ന പേര് ആദ്യമായി കേൾക്കുന്നത് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ്. കേരളത്തിലെ ആദ്യ മിസ് കേരളയായി അവർ കിരീടം ചൂടിയ വാർത്ത അന്ന് വലിയ ചർച്ചയായിരുന്നു. "ബ്യൂട്ടി പേജന്റ്" എന്ന വാക്ക് പോലും പലരും നെറ്റി ചുളിച്ച് നോക്കിയിരുന്ന ഒരു കാലത്ത്, സ്വന്തം ആത്മവിശ്വാസവും വ്യക്തിത്വവും കൊണ്ട് ഒരു പുതിയ വഴി തുറന്ന പെൺകുട്ടിയായിരുന്നു രഞ്ജിനി. ഒരുപാട് പെൺകുട്ടികൾക്ക് സ്വപ്നം കാണാൻ ധൈര്യം നൽകിയ ഒരു മുഖം.

എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ എന്റെ കസിൻ ചേച്ചിമാരുടെ ക്ലാസ്‌മേറ്റ് കൂടിയായിരുന്നു അവർ. ആരെയും ഭയക്കാതെ സ്വന്തം അഭിപ്രായം പറയുന്ന, നേതൃത്വഗുണമുള്ള, ഊർജസ്വലയായ വിദ്യാർത്ഥിനിയായി അവർ കോളേജിൽ നിറഞ്ഞുനിന്നു.
പിന്നീട് സ്വന്തം കഴിവുകൊണ്ട് മലയാളം ടെലിവിഷൻ രംഗത്തെ ഏറ്റവും സ്വാധീനമുള്ള അവതാരകരിൽ ഒരാളായി അവർ വളർന്നു. ആരുടെയും തണലിൽ അല്ല, സ്വന്തം അധ്വാനവും വ്യക്തിത്വവും കൊണ്ടാണ് അവർ ആ സ്ഥാനം നേടിയെടുത്തത്.

Advertisement

പക്ഷേ, സമൂഹം സ്ത്രീകൾക്ക് കൽപ്പിച്ച ചട്ടക്കൂടുകൾ തകർത്തും, സ്വന്തം അഭിപ്രായങ്ങൾ നിർഭയമായി തുറന്നുപറഞ്ഞും ജീവിച്ചതിന്റെയും പേരിൽ കൊറെ ഞരമ്പ് രോഗികളുടെ വക വർഷങ്ങളോളം സ്ത്രീ വിദ്വേഷവും, വ്യക്തിഹത്യയും, സ്ലട്ട്-ഷെയ്മിംഗും, സോഷ്യൽ മീഡിയ ആക്രമണങ്ങളും അവർ നേരിട്ടു. എന്നിട്ടും അവർ ഒരിക്കലും തലകുനിച്ചില്ല. സ്വന്തം ശബ്ദം വിട്ടുകൊടുത്തില്ല. അധികാരത്തിന്റെയോ ജനക്കൂട്ടത്തിന്റെയോ കൈയടിക്കായി നിലപാട് മാറ്റിയില്ല.

ഇന്ന് അവർ വീണ്ടും ചരിത്രത്തിന്റെ ശരിയായ വശത്താണ്. സ്വന്തം അവകാശങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികൾക്കൊപ്പം അവർ ഉറച്ചുനിൽക്കുകയാണ്. പലരും മൗനം തിരഞ്ഞെടുക്കുന്ന, പലരും സുരക്ഷിതമായ അകലം പാലിക്കുന്ന, ചിലർ അധികാരത്തിന്റെ പ്രീതിക്കായി സംസാരിക്കുന്ന ഈ കാലത്ത്, രഞ്ജിനി ഹരിദാസ് ഭയമില്ലാതെ തന്റെ നിലപാട് പറയുകയാണ്.

Advertisement

2. പെർളി മാണി.
പെർളി മാണി മലയാളികൾ സൃഷ്ടിച്ച ഒരു ബ്രാൻഡാണ്. ഒരു "പെർഫെക്റ്റ് ഫാമിലി" ഇമേജും, മാതൃത്വവും വ്ലോഗുകളും കണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ അവരെ സോഷ്യൽ മീഡിയയിൽ പിന്തുടരുകയും പിന്തുണയ്ക്കുകയും ചെയ്തത്. എന്നാൽ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളെയും അവരെ പിന്തുണയ്ക്കുന്നവരെയും പരിഹസിക്കുമ്പോൾ, അവരുടെ നിലപാടും ബോധ്യങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്. വർഷങ്ങളായി കെട്ടിപ്പടുത്ത "പോസിറ്റിവിറ്റി"യുടെ മുഖംമൂടി ഒരു നിമിഷം കൊണ്ട് അഴിഞ്ഞുവീണു. ഒരൊറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് അവരെ അൺഫോളോ ചെയ്തത്.

കാവി (saffron) നിറമാണ് ഏറ്റവും ഇഷ്ടം എന്ന് പേളി മാണി പറയുമ്പോൾ അത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. പക്ഷേ അവർക്കറിയാത്തത്, ദേശീയ പതാകയിലെ കാവി ഭാരതീയ ജനതാ പാർട്ടിയുടെ കാവിയല്ല. ദേശീയ പതാകയിലെ കാവി ഇന്ത്യയുടെ ഭരണഘടനയുടെയും ഐക്യത്തിന്റെയും ആത്മാവാണ്. ത്രിവർണ പതാകയിലെ കാവി ധൈര്യത്തെയും, ത്യാഗത്തെയും, ആത്മസമർപ്പണത്തെയും, നിസ്വാർത്ഥ സേവനത്തെയും പ്രതിനിധീകരിക്കുന്നതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തവും ത്യാഗവും ഓർമിപ്പിക്കുന്ന നിറമാണത്. അല്ലാതെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി അധികാരത്തോടുള്ള വിധേയത്വത്തിന്റെ ചിഹ്നം അല്ല.

Advertisement

ക്യാമറയ്ക്ക് മുന്നിൽ എല്ലാവരെയും സ്നേഹിക്കുന്നവളായി അഭിനയിക്കുക എളുപ്പമാണ്. പക്ഷേ, അധികാരത്തിനെതിരെ നിൽക്കുന്ന കുട്ടികളെ...യുവജനങ്ങളെ മനസ്സിലാക്കാൻ കഴിയാത്തപ്പോൾ ആ "നല്ലവൾ" എന്ന ഇമേജിന് ഒരു വിലയും ഇല്ല പെർളി. സ്ത്രീത്വം, മാതൃത്വം, കുടുംബമൂല്യങ്ങൾ.. ഇവയെല്ലാം ഒരു ബ്രാൻഡായി അവതരിപ്പിച്ച് അതിലൂടെ ജനങ്ങളുടെ വിശ്വാസവും വരുമാനവും നേടിയ നിങ്ങൾ, അതേ ജനങ്ങളുടെ മക്കൾ തെരുവിൽ അവകാശങ്ങൾക്കായി നിൽക്കുമ്പോൾ അവരെ പരിഹസിക്കുന്നതിൽ ഒരു വലിയ വൈരുദ്ധ്യമുണ്ട്.

നിങ്ങളുടെ രണ്ട് മക്കളുടെ ഭാവി കൂടി സുരക്ഷിതമാകാൻ വേണ്ടിയാണ് ഇന്ന് വിദ്യാർത്ഥികൾ തെരുവിൽ ലാത്തിയടിയും കണ്ണീർവാതകവും സഹിക്കുന്നത്. ആ സത്യം തിരിച്ചറിയാനുള്ള ബോധമോ, ആ കുട്ടികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള നന്മയോ നിങ്ങൾക്ക് ഇല്ലാതെ പോയത് ദൗർഭാഗ്യകരമാണ്. ഒരു ഇമേജ് ഉണ്ടാക്കാൻ വർഷങ്ങൾ വേണം. അത് നഷ്ടപ്പെടുത്താൻ ഒരൊറ്റ തെറ്റായ നിലപാട് മാത്രം മതി.

Advertisement

ഒരിക്കൽ കൂടി, രഞ്ജിനി ഹരിദാസ്...ഇന്ന് ഒരു പേര് മാത്രമല്ല, ഒരു നിലപാടാണ്.ജനാധിപത്യം തിരഞ്ഞെടുപ്പുകളിൽ മാത്രം ജീവിക്കുന്നതല്ല. അധികാരത്തോട് ചോദ്യം ചോദിക്കാൻ ധൈര്യമുള്ള മനുഷ്യരിലാണ് അത് ജീവിക്കുന്നത്. ആ ധൈര്യത്തിന്... ആ ആർജവത്തിന്...
ആ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്... എന്റെ ഹൃദയം നിറഞ്ഞ നന്ദി... ആദരം, രഞ്ജിനി ഹരിദാസ്. കേരളം നിങ്ങളെ ഒരു അവതാരകയായി മാത്രമല്ല, സ്വന്തം ശബ്ദം ഒരിക്കലും "വിറ്റ്"കൊടുക്കാത്ത ഒരു സ്ത്രീയായും ഓർക്കും.