സ്വർണം വിറ്റൊഴിക്കുന്നു, വില ഇനിയും ഇടിയാം, പവന് വില 80,000ത്തിലേക്ക് വരെ എത്താമെന്ന് സാമ്പത്തിക വിദഗ്ധ

സ്വർണവില ഏതാനും ദിവസങ്ങളായി താഴേക്ക് ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് പവൻ വിലയിൽ 3000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് പവന് 480 രൂപ കുറഞ്ഞ് വില 105240 രൂപയിലെത്തി നിൽക്കുന്നു.

Advertisement

സ്വർണം കയ്യിലുളള ആളുകൾ വില ഇനിയും കുറയുമെന്ന് കരുതി വ്യാപകമായി വിൽക്കുന്നതാണ് ഈ ഇടിവിന് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് സീ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

Advertisement

ഡോ. മേരി ജോർജിന്റെ വാക്കുകൾ: '' ഇന്ത്യയില്‍ സ്വര്‍ണം വാങ്ങി വെച്ചിട്ടുളള ആളുകള്‍ അത് വിറ്റ് ലാഭമെടുക്കുകയാണ്. കാരണം ഇപ്പോഴത്തെ യുദ്ധം കഴിഞ്ഞാല്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവുണ്ടാകും എന്ന ധാരണ എല്ലാവര്‍ക്കും ഉണ്ട്. അങ്ങനെ വില ഇടിഞ്ഞ് താഴേക്ക് പോകും മുന്‍പേ സ്വര്‍ണം വിറ്റ് ലാഭമെടുക്കുകയാണ്. ഇത് സാധാരണ സ്വര്‍ണം വാങ്ങുന്നവരല്ല ചെയ്യുന്നത്.

സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് ലാഭമുണ്ടാക്കാനാണല്ലോ. അത് പോലെ സ്വര്‍ണത്തില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കുന്നവര്‍ ഇപ്പോള്‍ ധാരാളമുണ്ട്, ഗോള്‍ഡ് ട്രേഡ് എക്‌സ്‌ചേഞ്ച് വഴിയും അല്ലാതെയുമൊക്കെ. അങ്ങനെ വാങ്ങി വെച്ചിരിക്കുന്നവരൊക്കെ വലിയ തോതില്‍ സ്വര്‍ണം വില്‍ക്കുന്നു. അങ്ങനെ വില്‍ക്കുന്ന സമ്മര്‍ദ്ദം കൊണ്ടാണ് പെട്ടെന്ന് വിലയിടിവ് ഉണ്ടായത്.

Advertisement

മറ്റൊരു കാരണം അമേരിക്കയും ഇറാനും യുദ്ധത്തില്‍ ഏകദേശം ഒരു ധാരണയിലേക്ക് എത്തുകയാണ്. അത് സ്വര്‍ണവില താഴേക്ക് പോകാന്‍ കാരണമാകുമെന്ന് സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കരുതുന്നു. അതുകൊണ്ട് കൂടിയാണ് അവര്‍ കൂടുതല്‍ വില്‍ക്കുന്നത്. മറ്റൊന്ന് യുഎസ് ഫെഡറല്‍ ഉടനെ തന്നെ അവരുടെ യോഗം ചേരും. പലിശ നിരക്ക് നിശ്ചയിക്കാന്‍. പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണ് എങ്കില്‍ ഡോളറിലും ബോണ്ടിലും നിക്ഷേപിക്കുന്നത് സ്വര്‍ണത്തേക്കാള്‍ ലാഭകരമായേക്കും.

അതായത് സ്വര്‍ണം വിറ്റ് പണമാക്കി ഡോളറിലും ബോണ്ടിലും നിക്ഷേപിക്കാം എന്ന് ആളുകള്‍ വിചാരിക്കും. ഡോളറാണ് ഏറ്റവും ശക്തമായ കറന്‍സി. ഈ കാരണങ്ങള്‍ കൊണ്ടൊക്കെയാണ് സ്വര്‍ണവിലയിലെ ഇടിവ്. ഓണം വിപണി വരുമ്പോഴേക്കും സ്വര്‍ണം വില്‍ക്കാനുളളവരൊക്കെ വിറ്റ് കഴിഞ്ഞിരിക്കും. അപ്പോള്‍ വീണ്ടും സ്വര്‍ണവില കുറച്ച് കൂടി വര്‍ധിക്കും.

Advertisement

യുദ്ധം അവസാനിച്ച് സമാധാനം ഉണ്ടായാല്‍ സ്വര്‍ണത്തിന്റെ വില പതുക്കെ താഴേക്ക് പോയി 80,000ത്തിലേക്ക് വരെ എത്തിയേക്കാം. വീണ്ടും പ്രശ്‌നമൊന്നും ഉണ്ടായില്ലെങ്കില്‍ അതിനാണ് സാധ്യത. ആ ഭയം കൊണ്ടാണ് വ്യാപാരികള്‍ സ്വര്‍ണം വിറ്റഴിക്കുന്നത്. അതാണ് ഇപ്പോള്‍ വില കുറയാനുളള കാരണം. വില കുറയുമോ എന്ന ഭയം കാരണമാണ് എത്രയും വേഗം ലാഭമെടുക്കാന്‍ ശ്രമിക്കുന്നത്''.