തിരുവനന്തപുരം: അതിര്‍ത്തി സംസ്ഥാനങ്ങൡ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം ഉണ്ടെന്നും നുഴഞ്ഞുകയറ്റമാണ് കാരണം എന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന വിദ്വേഷം വമിപ്പിക്കുന്നതാണ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എസ്പിമാരുടെ സമ്മേളനത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തി മേഖലയിലെ ജനങ്ങളെ വിഭജിക്കാനും അപരവല്‍ക്കരിക്കാനുമുള്ള സംഘപരിവാര്‍ നീക്കങ്ങളുടെ ഭാഗമാണിത് എന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
ഇവിടെ ജനങ്ങളെ വിഭജിക്കുകയാണ് ചെയ്യുന്നത്. പുതിയ ജനസംഖ്യാ വ്യതിയാന മിഷന്‍ അതിന്റെ ഭാഗമാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അസ്വാഭാവിക ജനസംഖ്യാ വളര്‍ച്ചയുണ്ടെന്ന് സമിതിയെ കൊണ്ട് സ്ഥാപിക്കുകയാണ്. അതിലൂടെ സിഎഎ, എന്‍ആര്‍സി പോലുള്ള വിഭജന നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ന്യായീകരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്നും അതിനു കാരണം നുഴഞ്ഞുകയറ്റമാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കാനുദ്ദേശിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന അതിർത്തി ജില്ലകളിലെ എസ്.പി.മാരുടെ കോൺഫറൻസിലാണ് ആഭ്യന്തര മന്ത്രി ഈ പ്രസ്താവന നടത്തിയത്. കേന്ദ്ര സർക്കാർ രൂപീകരിച്ച ജനസംഖ്യാ വ്യതിയാന സമിതിയുടെ പശ്ചാത്തലത്തിലാണ് ഈ യോഗം ചേർന്നിട്ടുള്ളത്. ആസ്സാം, ബംഗാൾ, ബീഹാർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെ ജനതയെ വിഭജിക്കാനും അപരവൽക്കരിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് ജനസംഖ്യാ വ്യതിയാന മിഷൻ ഉൾപ്പെടെയുള്ള ഇത്തരം നീക്കങ്ങൾ. നുഴഞ്ഞുകയറ്റമെന്ന വ്യാജഭീതി ബോധപൂർവം സൃഷ്ടിച്ചെടുക്കുന്നതിനു പിന്നിൽ സംഘപരിവാറിന്റെ താല്പര്യങ്ങളാണെന്ന് വ്യക്തമാണ്. അതിർത്തി ജില്ലകളിലെ ജനസംഖ്യാ അനുപാതത്തിൽ മാറ്റം വരുന്നു എന്ന വാദം ഉന്നയിക്കുന്നതിലൂടെ ഒരു പ്രത്യേക ജനവിഭാഗത്തെ സംശയനിഴലിൽ നിർത്താനുള്ള കൃത്യമായ ആസൂത്രണമാണ് അണിയറയിൽ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം എപ്രകാരമാണോ മുസ്ലിം ന്യൂനപക്ഷങ്ങളെ മാറ്റിനിർത്താൻ ലക്ഷ്യമിടുന്നത്, അതേ ലക്ഷ്യം തന്നെയാണ് ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ ആഭ്യന്തര മന്ത്രാലയം ലാക്കാക്കുന്നതും.
പൗരത്വ ഭേദഗതി നിയമം (CAA) നടപ്പിലാക്കുന്നതിനെതിരെ രാജ്യത്തുടനീളം വലിയ ജനകീയ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പുതിയ ജനസംഖ്യാ വ്യതിയാന സമിതിക്ക് രൂപം നൽകിയിരിക്കുന്നത് എന്നതുകൂടി ഇതിനോട് ചേർത്തുവായിക്കണം. അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവികമായ ജനസംഖ്യാ വളർച്ചയുണ്ടെന്ന് ഈ സമിതിയെക്കൊണ്ട് സ്ഥാപിച്ച്, അതിലൂടെ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ (NRC) തുടങ്ങിയ വിഭജന നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെ ന്യായീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
രാജ്യത്ത് ഭിന്നിപ്പിന്റെ വിത്തുകൾ പാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ട്.''