ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുളള നീക്കത്തിനെതിരെ പിണറായി, 'കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി'

ഡൽഹിയിലെ എകെജി ഭവനിൽ കയറി എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുളള ഡൽഹി പോലീസിന്റെ നീക്കത്തിനെതിരെ വിമർശനം ശക്തം. എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ഐഷി ഘോഷ് നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ സിജെപിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർത്ഥി നേതാക്കളിലൊരാളാണ്.

Advertisement

2021ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഐഷി ഘോഷിനെതിരെ ഇപ്പോഴത്തെ നടപടി. യൂണിഫോമും നെയിം ബാഡ്ജും ധരിക്കാതെ പോലീസ് ഉദ്യോഗസ്ഥ എത്തിയതിനെ ജോൺ ബ്രിട്ടാസ് എംപി എതിർത്തതോടെയാണ് പോലീസ് ഉദ്യോഗസ്ഥർ മടങ്ങിപ്പോയത്. പോലീസിന്റേത് നിയമവാഴ്ചയോടുളള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു.

Advertisement

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്: ' ഡൽഹിയിലെ സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്ഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഡൽഹി പോലീസിന്റെ ഈ നടപടി കടുത്ത ജനാധിപത്യ ധ്വംസനവും പൗരന്റെ ഭരണഘടനാ അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്.


കോടതിയിലുള്ള ഒരു പഴയ കേസിന്റെ പേരിൽ പാർടി ഓഫീസിൽ കടന്ന് അറസ്റ്റു ചെയ്യാൻ ശ്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജന്തർ മന്തറിൽ കേന്ദ്രസർക്കാരിനും സംഘപരിവാർ ശക്തികൾക്കുമുണ്ടായ കനത്ത തിരിച്ചടിയുടെ ജാള്യത മറയ്ക്കാനുള്ള പ്രതികാര നടപടിയായേ ഇതിനെ കാണാൻ കഴിയൂ. രാജ്യത്തെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സമരവീര്യത്തെ കള്ളക്കേസുകളിൽ കുടുക്കി ഒതുക്കാമെന്നും ചോദ്യം ചെയ്യുന്നവരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും ഭയപ്പെടുത്തി നിശബ്ദരാക്കാമെന്നും കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്. ഇത്തരം വിരട്ടലുകൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ മുട്ടുമടക്കുന്നവരല്ല എസ്എഫ്ഐയും ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുമെന്ന് കേന്ദ്ര സർക്കാർ ഓർക്കുന്നത് നന്നായിരിക്കും.

സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ അതിക്രമിച്ചു കടക്കാനുള്ള ഡൽഹി പൊലീസിന്റെ നീക്കം അപലപനീയമാണ്. സഖാവ് ഐഷി ഘോഷിനും എസ്എഫ്ഐയുടെ പോരാളികൾക്കും ഐക്യദാർഢ്യം അറിയിക്കുന്നു. ഈ വേട്ടയാടലിനെതിരെ രാജ്യവ്യാപകമായി ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്''.

Advertisement

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരണവുമായി രംഗത്ത് വന്നു: '' മോദി സർക്കാരിനെതിരെ ശബ്ദമുയർത്തിയാൽ വെറുതെ വിടില്ലെന്ന ഭീഷണിയാണ് എകെജി ഭവനിലെത്തി എസ്എഫ്ഐ ജോ. സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസിൻ്റെ നീക്കത്തിലൂടെ നടപ്പാക്കുന്നത്. സ്വകാര്യ വാഹനത്തിൽ യൂണിഫോം ധരിക്കാതെയും ഔദ്യോഗിക രേഖകളില്ലാതെയുമാണ് പൊലീസ് എത്തിയത്. വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ അറസ്റ്റ് ചെയ്യണെമെന്ന് അറിയിച്ചാണ് പൊലീസ് എത്തിയത്. ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ മുമ്പ് പങ്കെടുത്ത സമരങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യാനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്.

നിയമപരമായി പ്രതിഷേധിക്കുന്നതിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. ഭയപ്പെടുത്തി നിശബ്ദമാക്കിയുള്ള 12 വർഷക്കാലത്തെ ഏകാധിപത്യ ഹുങ്കിനേറ്റ തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ സമരപോരാട്ടങ്ങളുടെ അതിശക്തമായ കാലത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പ്രതികാര നടപടിയുമായി രംഗത്തിറങ്ങുന്നവരെ ഓർമ്മിപ്പിക്കുന്നു. ഇത്തരം പ്രതികാര നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികളായ മുഴുവനാളുകളും പ്രതിഷേധമുയർത്തി രംഗത്തിറങ്ങണം''.