കന്യാസ്ത്രീ താമസിക്കുന്ന കുറുവിലങ്ങാട് മഠത്തിൽ പോലീസ് സംഘം.. കാണാൻ തയ്യാറാകാതെ കന്യാസ്ത്രീ


കുറുവിലങ്ങാട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീയെ അത്യന്തം വില കുറഞ്ഞ തരത്തില്‍ അപമാനിക്കുകയാണ് പൂഞ്ഞാറിലെ ജനപ്രതിനിധിയായ പിസി ജോര്‍ജ് ചെയ്തത്. എംഎല്‍എയ്ക്ക് എതിരെ വന്‍ പ്രതിഷേധം കേരളത്തിന് അകത്ത് നിന്നും പുറത്ത് നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. എന്നാല്‍ താന്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് സമ്മതിക്കാന്‍ പിസി ജോര്‍ജ് ഇതുവരെ തയ്യാറല്ല.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ചതടക്കമുള്ള കാര്യങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു എന്നാവര്‍ത്തിക്കുന്നു പിസി ജോര്‍ജ്. ജോര്‍ജിനെതിരെ പോലീസ് നിയമനടപടിക്ക് തുടക്കമിട്ടുകഴിഞ്ഞു. എന്നാല്‍ പിസി ജോര്‍ജിനെതിരെ കന്യാസ്ത്രീ പോലീസിന് മൊഴി കൊടുത്തിട്ടില്ല.

അധിക്ഷേപം ശീലമാക്കിയ പിസി

പീഡിപ്പിക്കപ്പെട്ട് നീതിക്ക് വേണ്ടി തെരുവില്‍ ഇറങ്ങേണ്ടി വന്ന കന്യാസ്ത്രീയെ മ്ലേച്ഛമായ ഭാഷയില്‍ സംസാരിച്ച പിസി ജോര്‍ജിന് എതിരെ കേസെടുക്കണം എന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്. ഇതാദ്യമായല്ല പിസി ജോര്‍ജ് ഇരകളെ അപമാനിക്കുന്നത്. നേരത്തെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെയും അധിക്ഷേപം ചൊരിഞ്ഞ പിസി ജോര്‍ജിന് ഒന്നും സംഭവിച്ചില്ല.

വായില്‍ വരുന്നത് കോതയ്ക്ക് പാട്ട്

ഇത്തരത്തില്‍ വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെ പാടുന്ന പിസി ജോര്‍ജിന്റെ വാ മൂടല്‍ ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. പിസി ജോര്‍ജിന്റെ അധിക്ഷേപത്തില്‍ കന്യാസ്ത്രീ പരാതി ഉന്നയിച്ചാല്‍ എംഎല്‍എയ്ക്ക് എതിരെ പോലീസിന് കേസെടുക്കാന്‍ സാധിക്കും. ഇത് പ്രകാരം കന്യാസ്ത്രീയുടെ മൊഴി എടുക്കാനുള്ള നീക്കത്തിലായിരുന്നു പോലീസ്.

മൊഴിയെടുക്കാനായില്ല

മൊഴി എടുക്കുന്നതിന് വേണ്ടി കന്യാസ്ത്രീ തമാസിക്കുന്ന കുറുവിലങ്ങാട് മഠത്തില്‍ എത്തിയെങ്കിലും പോലീസിന് മൊഴിയെടുക്കാനായില്ല. പോലീസ് സംഘത്തെ കാണാന്‍ കന്യാസ്ത്രീ വിസമ്മതിച്ചു. പിസി ജോര്‍ജിന്റെ അധിക്ഷേപ പരാമര്‍ശങ്ങള്‍ കന്യാസ്ത്രീയെ മാനസികമായി ഏറെ തളര്‍ത്തിയിട്ടുണ്ട് എന്നാണ് വിവരം.

മണിക്കൂറുകളോളം കരഞ്ഞു

പിസി ജോര്‍ജിന്റെ അധിക്ഷേപത്തെക്കുറിച്ച് കേട്ടറിഞ്ഞ ഇവര്‍ മണിക്കൂറുകളോളം ഇരുന്ന് കരഞ്ഞതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മൊഴി നല്‍കാന്‍ കന്യാസ്ത്രീ അസൗകര്യം അറിയിച്ചത് കൊണ്ട് പോലീസ് സംഘത്തിന് തിരികെ പോകേണ്ടി വന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഠത്തിലെത്തിയത്.

ഉടനെ മൊഴി നൽകും

എന്നാല്‍ പിസി ജോര്‍ജിനെതിരെ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടെന്നും തൊട്ടടുത്ത ദിവസം തന്നെ പോലീസില്‍ മൊഴി നല്‍കുമെന്നും മറ്റ കന്യാസത്രീകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിഷപ്പിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന മറ്റ് കന്യാസ്ത്രീകളെ അടക്കമാണ് പിസി ജോര്‍ജ് അധിക്ഷേപിച്ചത്. എന്നാല്‍ മാന്യമല്ലാത്തതൊന്നും പറഞ്ഞില്ലെന്ന് പിസി ജോര്‍ജ് ന്യായീകരിക്കുന്നു.

13ാം തവണ റേപ്

കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പിസി ജോര്‍ജ് കന്യാസ്ത്രീയേയും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളേയും അധിക്ഷേപിച്ചത്. കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നാണ് പിസി ജോര്‍ജ് ചോദിച്ചത്.

വൈദ്യപരിശോധന നടത്തണം

പീഡിപ്പിച്ചത് ബിഷപ്പ് തന്നെ ആവണമെന്നില്ലെന്നും ആരുമാവാം എന്നും പിസി ജോർജ് പറഞ്ഞു. കന്യാസ്ത്രീ എന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ് എന്നും കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും ജോർജ് പറയുകയുണ്ടായി. ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നും എംഎൽഎ അധിക്ഷേപിച്ചു.

Have a great day!
Read more...

English Summary

Police failed to take statement from nun against PC George