ബിഷപ്പിന്റെ അറസ്റ്റിന് കളമൊരുങ്ങി; 19ന് ഹാജരാകാന്‍ നിര്‍ദേശം, മൊഴികളില്‍ വൈരുദ്ധ്യമെന്ന് പോലീസ്


കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് കളമൊരുങ്ങി. ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് ബിഷപ്പിന് നോട്ടീസ് അയച്ചു.

Advertisement

വരുന്ന 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. ചോദ്യം ചെയ്യുന്നതിന് പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ച കാര്യം ഐജി വിജയ് സാഖറെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

Advertisement

കേസിന്റെ അന്വേഷണ പുരോഗതി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിശകലനം ചെയ്തു. ഈ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് വിജയ് സാഖറെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ച കാര്യം വ്യക്തമാക്കിയത്. കേസന്വേഷണ സംഘം നേരത്തെ കന്യാസ്ത്രീയില്‍ നിന്നും സാക്ഷികളായ കന്യാസ്ത്രീകളില്‍ നിന്നും മൊഴിയെടുത്തിരുന്നു. ബിഷപ്പിനെ ജലന്ധറില്‍ പോയി ചോദ്യം ചെയ്തു. മൂന്ന് വിഭാഗവും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു.

വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് കേസ് അന്വേഷിക്കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക. മൊഴികളിലെ വൈരുദ്ധ്യം തീര്‍ക്കുന്നതിന് കന്യാസ്ത്രീയില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജലന്ധര്‍ ബിഷപ്പിന്റെ കീഴിലുള്ള കുറുവിലങ്ങാടുള്ള മഠത്തില്‍ വച്ച് ലൈംഗികമായി 13 തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കേരളത്തില്‍ വരുമ്പോഴെല്ലാം പീഡിപ്പിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റ് വൈകിയതിനെ തുടര്‍ന്ന് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയതോടെയാണ് പോലീസ് നടപടികള്‍ വേഗത്തിലാക്കിയത്.

Advertisement

Advertisement