യോഗ്യത പ്രശ്‌നമല്ല, പരീക്ഷയില്ല; ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി, പിഎസ്‌സി ചെയര്‍മാന്റെ ശമ്പളം

കേരളത്തിലെ സര്‍ക്കാര്‍ നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സമിതിയാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണുള്ളത്. മുഖ്യമന്ത്രിയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ചെയര്‍മാനും അംഗങ്ങള്‍ക്കും. കാര്യമായ യോഗ്യതാ നിബന്ധനയില്ല. ഭരണം മാറുന്നതിന് അനുസരിച്ച് രാഷ്ട്രീയ ബന്ധം നോക്കി നിയമിക്കുന്ന പതിവാണ് തുടരുന്നത്.

Advertisement

ഒരു തവണ നിയമനം ലഭിച്ചാല്‍ ആറ് വര്‍ഷമാണ് കാലാവധി. 62 വയസില്‍ കൂടരുത് എന്നതാണ് അടിസ്ഥാന പ്രായപരിധി നിബന്ധന. 40 വയസില്‍ പിഎസ്‌സി അംഗമാകുന്ന വ്യക്തിക്ക് 46 വയസില്‍ വിരമിക്കാം. തൊട്ടടുത്ത മാസം മുതല്‍ അതുവരെ വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളം പെന്‍ഷന്‍ കിട്ടും. മറ്റു ആനുകൂല്യങ്ങളും. സംസ്ഥാനത്ത് പിഎസ്‌സിക്കെതിരായ സമരം ശക്തിപ്പെട്ടപ്പോഴാണ് ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായത്.

Advertisement

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പിഎസ്‌സിയിലെ ശമ്പളം പുതുക്കിയത്. ചീഫ് സെക്രട്ടറിയുടെ എല്ലാ ആനുകൂല്യവും ചെയര്‍മാനും അംഗങ്ങള്‍ക്കും കിട്ടുമെന്നതും എടുത്തു പറയണം. കുടുംബാംഗങ്ങള്‍ക്ക് സൗജന്യ ചികില്‍സയും ലഭിക്കും. ആറ് വര്‍ഷം കഴിഞ്ഞാല്‍ ലക്ഷങ്ങള്‍ പെന്‍ഷനും കിട്ടും. രാജ്യത്ത് ഏറ്റവും കൂടുതല്‍ പിഎസ്‌സി അംഗങ്ങളുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിലേക്കാള്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ പോലും 21 അംഗങ്ങള്‍ ഇല്ല.

സിറ്റിങ്, കമ്മിറ്റികള്‍, അഭിമുഖം, ഫയല്‍ പരിശോധന എന്നിവയാണ് അംഗങ്ങളുടെ ജോലി. ഇതിന് ചെയര്‍മാന്‍ വാങ്ങുന്ന അടിസ്ഥാന ശമ്പളം 2.24 ലക്ഷം രൂപയാണ്. കൂടാതെ 53 ശതമാനം ഡിഎ, ഗതാഗത ചെലവ്-വീട്ടുവാടക എന്നിവയ്ക്കായി ശമ്പളത്തിന്റെ 16 ശതമാനം. എല്ലാം ചേരുമ്പോള്‍ നാല് ലക്ഷം രൂപയ്ക്ക് അടുത്തുവരും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം 2.19 ലക്ഷം രൂപയാണ്. കൂടാതെ ഡിഎ, ടിഎ, എച്ച്ആര്‍എ എന്നിവയും.

Advertisement

ചെയര്‍മാന് വാഹനത്തിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികില്‍സാ സഹായമുണ്ട്. ഡ്രൈവറെ നിയമിച്ചാല്‍ ശമ്പളം സര്‍ക്കാര്‍ കൊടുക്കും. പിഎസ്‌സിയിലെ ജോലി ചുമതല ഒഴിഞ്ഞാല്‍ തൊട്ടടുത്ത മാസം മുതല്‍ ശമ്പളത്തിന്റെ പകുതിയോളം പെന്‍ഷന്‍ കിട്ടും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശമ്പളവും ആനുകൂല്യവും കൈപ്പറ്റുന്നത് പിഎസ്‌സി ചെയര്‍മാന്‍ ആണ് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയേക്കാള്‍ ഉയര്‍ന്ന ശമ്പളം കിട്ടുമെന്നതും വിമര്‍ശനത്തിന് ഇടയാക്കി.

മുമ്പ് പ്രായം കൂടിയവരാണ് പിഎസ്‌സി കമ്മീഷനില്‍ നിയമിക്കപ്പെട്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് ഇതില്‍ മാറ്റം വന്നിട്ടുണ്ട്. ചെറിയ പ്രായത്തില്‍ പിഎസ്‌സി ചെയര്‍മാനോ അംഗമോ ആകുന്ന വ്യക്തിക്ക് സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ ആജീവനാന്ത പെന്‍ഷന്‍ കിട്ടുമെന്നത് നേട്ടമാണ്. ചെയര്‍മാന് രണ്ടര ലക്ഷം രൂപയും അംഗങ്ങള്‍ക്ക് രണ്ടേകാല്‍ ലക്ഷം രൂപയും പെന്‍ഷന്‍ കിട്ടുമെന്നതും ആശ്ചര്യപ്പെടുത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് മുന്നോട്ട് പോകുന്നത് എന്ന വാര്‍ത്തകള്‍ക്കിടെ ആണ് പിഎസ്‌സിയിലെ ശമ്പളം വിവാദമായിരിക്കുന്നത്.