മഴ വീണ്ടും കനക്കുന്നു, വടക്കൻ ജില്ലകളിൽ രണ്ട് ദിവസം ശക്തമായ മഴ, 27 മുതൽ തെക്കൻ ജില്ലകളിലും അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലർട്ട്. 26 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Advertisement

27 മുതൽ തെക്കൻ കേരളത്തിലും മഴ കനക്കും. അന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 28 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തെക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്. മഴ കുറഞ്ഞതോടെ കടുത്ത ചൂടാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ മഴ വീണ്ടുമെത്തുന്നത് ചൂടിന് വലിയ ആശ്വാസമാകും.

Advertisement

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് ) മത്സ്യബന്ധനത്തിന് തടസമില്ല. എന്നിരുന്നാലും മറ്റ് തീരങ്ങളിൽ ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു. കൂടാതെ മധ്യ അറബിക്കടൽ അതിനോട് ചേർന്ന വടക്കൻ - തെക്കൻ - പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരം, ഗുജറാത്ത് തീരം, മഹാരാഷ്ട്ര തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

Advertisement

25 നും 26 നും മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ,
വടക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ 25 ന് ഗുജറാത്ത് തീരം, വടക്കൻ മഹാരാഷ്ട്ര തീരം അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, പശ്ചിമ ബംഗാൾ തീരം, വടക്കൻ ഒഡീഷ തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.

Advertisement

മറ്റ് ജാഗ്രത നിർദേശങ്ങൾ ഇങ്ങനെ

26 നും 27 നും പശ്ചിമ ബംഗാൾ തീരം, വടക്കൻ ഒഡീഷ തീരം, വടക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

27ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ,
തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരം, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

Advertisement

28ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന വടക്കൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരം, തെക്കൻ തമിഴ് നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.