ന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും ഇന്നും കനത്ത മഴ;12ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെയും തെക്കൻ കര്‍ണാടക, കേരളം, തമിഴ്നാട് വഴിയും ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. മാത്രമല്ല മധ്യ രാജസ്ഥാന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ
കേരളത്തിൽ 6 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement

അതേസമയം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

Advertisement

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലാണ് അവധി. പ്രഫഷനൽ കോളജുകൾ, മദ്രസകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം കാസർകോട്, പത്തനംതിട്ട ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

64 ദുരിതാശ്വാസ ക്യാമ്പുകളിൽ 1,349 പേർ,

മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലായി 64 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ സ്റ്റേറ്റ് കൺട്രോൾ റൂം അറിയിച്ചു. .വിവിധ ക്യാമ്പുകളിലായി 1,349 പേരാണ് കഴിയുന്നത്.

Advertisement

ദുരിതാശ്വാസ ക്യാമ്പുകളിൽ ഏറ്റവും കൂടുതൽ പേർ കഴിയുന്നത് പത്തനംതിട്ട (567) ജില്ലയിലാണ്. കോട്ടയം- 505, ഇടുക്കി- 79, കോഴിക്കോട്- 78, മലപ്പുറം- 61 എന്നിങ്ങനെയാണ് ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ചേമഞ്ചേരി വില്ലേജിൽ മഴവെള്ളത്തിൽ വീണ് ചികിത്സയിലായിരുന്ന നൗഷാദിന്റെ ഒന്നര വയസ്സുള്ള കുട്ടി ചികിത്സയ്ക്കിടെ മരണപ്പെട്ടു.

ജൂൺ 1 മുതൽ ഓഗസ്റ്റ് 2 വരെ സംസ്ഥാനത്ത് ലഭിച്ച ആകെ മഴ 992.8 മില്ലിമീറ്ററാണ്. സാധാരണ ലഭിക്കേണ്ട 1,341.8 മില്ലിമീറ്ററിനെ അപേക്ഷിച്ച് 26 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തനസജ്ജമാണെന്നും സംസ്ഥാന ദുരന്തനിവാരണ സ്റ്റേറ്റ് കൺട്രോൾ റൂമിന്റെ ആഗസ്റ്റ് ഉച്ചക്ക് 2 മണിക്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ അറിയിച്ചു.

Advertisement

കനത്ത മഴ: നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ പാത 85 ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതു സംബന്ധിച്ച് പോലീസിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണം. ജില്ലയിൽ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങൾ നിരോധിച്ചുകൊണ്ട് ശനിയാഴ്ച തന്നെ ഉത്തരവിട്ടിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Advertisement

കേളകം - ബോയ്സ് ടൗൺ-മാനന്തവാടി റോഡ് അടച്ചു

കണ്ണൂർ ജില്ലയിൽ കേളകം-ബോയ്സ്ടൗൺ-മാനന്തവാടി റോഡിൽ വാഹനഗതാഗതം നിരോധിച്ചു, റോഡ് താത്കാലികമായി അടച്ചുകൊണ്ട് ഉത്തരവിറക്കി. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, പാറകല്ലുകൾ റോഡിലേക്ക് പതിക്കൽ, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുള്ളതായി റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ പോലീസ്, കെ.ആർ.എഫ്.ബി അധികൃതരെ ചുമതലപ്പെടുത്തിയതായും ജില്ല കളക്ടർ അറിയിച്ചു.