സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ സംസ്ഥാനത്ത് 9 ഓളം ജില്ലകളിൽ റഡ് അലർട്ട് ഉണ്ടായിരുന്നു. എന്നാൽ നാളെ മുതൽ പ്രത്യേക മുന്നറിയിപ്പ് ഇല്ല. അതേസമയം 5 ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴഎന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ മുതൽ കേരള തീരം വരെ തീരദേശ ന്യൂന മർദ്ദ പാത്തി തുടരുന്നുണ്ടെന്നാണ് വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ശക്തി കൂടിയ ന്യൂന മർദ്ദം (Well തെക്ക് കിഴക്കൻ രാജസ്ഥാന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇത് അടുത്ത 24 മണിക്കൂറിനിടെ തെക്കൻ രാജസ്ഥാൻ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ക്രമേണ ശക്തി കുറഞ്ഞു ന്യൂനമർദ്ദമായി മാറാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ 5 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് മണിക്കൂറിൽ 40-50 വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ആണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. മഴക്കെടുതി രൂക്ഷം: വൈകീട്ട് വരെ 6 മരണം മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി വി ഡി സതീശൻ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് സർക്കാർ. മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എം.എൽ.എമാരുമായും ജനപ്രതിനിധികളുമായും സംസാരിച്ചു. സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് ആറ് മണി വരെ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ വിവിധ സേനാവിഭാഗങ്ങൾ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തുടരുന്നു. സംസ്ഥാനത്തൊട്ടാകെ 65 ദുരുതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു. രക്ഷാ പ്രവർത്തനത്തിനായി മറ്റു ജില്ലകളിൽ നിന്നും വള്ളങ്ങൾ ആവശ്യാനുസരണം എത്തിച്ചു. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയിൽ 177 മില്ലി മീറ്റർ മഴ പെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണ്. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. മരണപ്പെട്ടവരുടെ കുടുംബാഗങ്ങൾക്കും വീടുകളും കൃഷിയും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഏത് ആവശ്യത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.