സര്‍ക്കാര്‍ പ്ലീഡര്‍ ആയി ആര്‍എസ്എസുകാരന്‍; വിമര്‍ശനം ശക്തം, നിയമിച്ചത് മുഖ്യമന്ത്രിയുടെ വകുപ്പ്

കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളില്‍ വിവാദം തുടരുന്നു. ആര്‍എസ്എസ് നേതാവിനെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി നിയമിച്ചു എന്നതാണ് പുതിയ വാര്‍ത്ത. ശരത് ഡിഎസ് എന്ന ഹൈക്കോടതി അഭിഭാഷകനെ സര്‍ക്കാരിന്റെ സീനിയര്‍ പ്ലീഡര്‍ ആയി നിയമിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന്റെ കീഴിലുള്ള നിയമ വകുപ്പാണ് നിയമന ഉത്തരവിറക്കിയത്.

Advertisement

2004-09 കാലഘട്ടത്തില്‍ തൃശൂര്‍ ഗവ. ലോ കോളജില്‍ പഠിച്ചിരുന്നപ്പോള്‍ ശരത് എബിവിപി നേതാവായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ ഇയാള്‍ ലോയേഴ്‌സ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. എസ്എഫ്‌ഐക്കാര്‍ക്കും പാര്‍ട്ടി ബന്ധമില്ലാത്തവര്‍ക്കും സര്‍ക്കാര്‍ നിയമനം നല്‍കുന്നു എന്ന് കോണ്‍ഗ്രസ് നേതാക്കളില്‍ പ്രതിഷേധം നിലനില്‍ക്കെയാണ് ശരതിന്റെ നിയമനം വിവാദമായിരിക്കുന്നത്.

Advertisement

ശരത് എബിവിപി നേതാവായിരുന്നു എന്ന് കെഎസ്‌യു തൃശൂര്‍ ലോ കോളജ് മുന്‍ പ്രസിഡന്റ് ടിഎച്ച് ഇര്‍ഷാദ് പറഞ്ഞു. ശരതിന്റെ നിയമനത്തിന് എതിരെ മുഖ്യമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ഇര്‍ഷാദ് പരാതി അയച്ചു. വര്‍ഗീയതക്കെതിരെ സന്ധിയില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നിലപാട് മാറിയോ എന്ന് യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. കെപിസിസി വിഷയത്തില്‍ മറുപടി പറയണം എന്ന് മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

വിഷയത്തില്‍ അഡ്വ. അനൂപ് വിആര്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ''ഇപ്പോള്‍ ആരോപണവിധേയന്‍ ആയിരിക്കുന്ന സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍, തൃശൂര്‍ ഗവണ്‍മെന്റ് ലോകോളേജില്‍ സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു എന്നത് ആ കാലഘട്ടത്തില്‍ അവിടെ പഠിച്ച/സംഘടനാ പ്രവര്‍ത്തനം നടത്തിയ ഞാനുള്‍പ്പടെ എല്ലാവര്‍ക്കും അറിയുന്ന യാഥാര്‍ത്ഥ്യം ആണ്.

Advertisement

ഗടഡ കാലഘട്ടം മുതല്‍ സമര സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോലീസിന്റേയും, രാഷ്ട്രീയ പ്രതിയോഗികളുടേയും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ, ഇപ്പോഴും കോണ്‍ഗ്രസ്‌കാരുടെ കേസുകള്‍ ഫീസ് നോക്കാതെ വാദിക്കുന്ന നിരവധി പേര്‍ ഉള്ളപ്പോള്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പോലൊരു സുപ്രധാനപദവിയിലേക്ക് നേരത്തേ പരാമര്‍ശിച്ച വ്യക്തിയെ എന്ത് പ്രാഗല്‍ഭ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിയമിച്ചെതെന്ന്, നിയമനം നടത്തിയവര്‍ക്ക് മാത്രം പറയാന്‍ കഴിയാവുന്ന കാര്യം ആണ്. അത് വിശദീകരിക്കണോ, വേണ്ടയോ എന്നത് ബന്ധപ്പെട്ടവരുടെ വിവേചാനാധികാരം ആണ്.

പക്ഷേ, അപ്പോഴും ചില വസ്തുതകള്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത വസ്തുതകളായി നിലനില്‍ക്കും. 1) ടി വ്യക്തി വിദ്യാര്‍ത്ഥി സംഘടനാ കാലഘട്ടം മുതല്‍ അടുത്ത കാലം വരെ സംഘപരിവാറിന് വേണ്ടി സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആളാണ്. 2) അതേ കാലഘട്ടം മുതല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച, ഇപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന, ആ പദവിക്ക് യോഗ്യരായ നിരവധി ആളുകള്‍ പുറത്ത് നില്‍ക്കുന്നുണ്ട്.''