ശബരി റെയിൽ പാത; പദ്ധതിയുടെ കാര്യത്തിൽ വീണ്ടും അനിശ്ചിതത്വം, ഭൂമിയേറ്റെടുക്കൽ ഫയൽ മാറ്റിവച്ച് മന്ത്രി

കൊച്ചി: ശബരി റെയിൽപാതയുടെ കാര്യത്തിൽ വീണ്ടും ആശങ്ക. പദ്ധതിക്കായി ഭൂമിയേറ്റെടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ റവന്യൂ മന്ത്രി മാറ്റിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായത്. മുൻ എൽഡിഎഫ് സർക്കാർ ഭൂമിയേറ്റെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വർഷങ്ങളായുള്ള ആശങ്കകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഭൂവുടമകൾ.

Advertisement

എന്നാൽ പുതിയ സംഭവവികാസം അവർക്ക് വീണ്ടും ആശങ്ക ഉണ്ടാക്കുന്നതാണ്. ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ പറയുന്നതനുസരിച്ച്, പുതിയ സർക്കാരിന്റെ പദ്ധതിയുമായി ബന്ധപ്പെട്ട നയത്തിൽ കൂടുതൽ വ്യക്തത വേണമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റവന്യൂ മന്ത്രി എപി അനിൽ കുമാർ ഭൂമിയേറ്റെടുപ്പ് ഓഫീസുകളുമായി ബന്ധപ്പെട്ട ഫയൽ മാറ്റിവെച്ചത്.

Advertisement

കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ വർഷം ജനുവരിയിലാണ് പദ്ധതി വീണ്ടും സജീവമാക്കിയത്. മാർച്ചിൽ മുൻ എൽഡിഎഫ് സർക്കാർ ഭൂമിയേറ്റെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ഭൂമിയേറ്റെടുപ്പ് ഓഫീസുകളുമായി ബന്ധപ്പെട്ട ഫയലിലെ നടപടികൾ നിലച്ചു.

പദ്ധതിക്കായി സംസ്ഥാനത്തിന്റെ വിഹിതമായ 1900 കോടി രൂപ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ നിന്ന് അനുവദിച്ചിരുന്നു. അങ്കമാലി-ശബരി റെയിൽപാതയുടെ ഭൂമിയേറ്റെടുപ്പ് നടപടികൾ ആരംഭിച്ചതായും മുൻ സർക്കാർ അറിയിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാർ നൽകിയ നിവേദനത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ പദ്ധതി വീണ്ടും പരിഗണിച്ചത്.

Advertisement

പദ്ധതിച്ചെലവിൽ സംസ്ഥാന സർക്കാർ പങ്കുവഹിക്കാൻ തയ്യാറായതിനെ തുടർന്നാണ് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ 505 കോടി രൂപ അനുവദിച്ചതും. ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് പദ്ധതി ആദ്യം അംഗീകരിച്ചതെങ്കിലും, ഭരണങ്ങാനം, മലയാറ്റൂർ, രാമപുരം, കാലടി, എരുമേലി തുടങ്ങിയ മറ്റ് തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും ഇത് വലിയ സഹായമാകുമെന്നാണ് കരുതുന്നത്.

മാത്രമല്ല കിഴക്കൻ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനൊപ്പം കാർഷിക, വ്യവസായ, വാണിജ്യ മേഖലകൾക്കും ഈ റെയിൽപാത ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
നിലവിലെ അനിശ്ചിതത്വത്തിന്റെ ഇടയിൽ പദ്ധതിയുടെ നിർദ്ദിഷ്‌ട പാതയിൽ ഉൾപ്പെട്ട ഭൂവുടമകൾ 20 വർഷത്തിലേറെയായി ഭൂമി വിൽക്കാനോ അതിന്റെ പേരിൽ വായ്‌പ എടുക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.

Advertisement

ഈ സാഹചര്യത്തിൽ ഭൂമിയേറ്റെടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നത് വീണ്ടും വൈകുന്നത് നീതീകരിക്കാനാവാത്തതും പ്രതിഷേധാർഹവുമാണെന്ന് ശബരി റെയിൽവേ ഭൂവുടമകളുടെ അസോസിയേഷനും സംസ്ഥാന ശബരി റെയിൽ ആക്ഷൻ കൗൺസിൽ ഫെഡറേഷനും ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, 110 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ശബരി റെയിൽപാത, ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല മേഖലയിൽ എല്ലാവർക്കും ഗുണമാവും. അങ്കമാലി മുതല്‍ വാപ്പാലശ്ശേരി, നായത്തോട്, പിരാരൂര്‍, മറ്റൂര്‍ വഴി കാലടി വരെ 7 കിലോമീറ്റര്‍ വരെയുള്ള പാത ഇതിനകം നിര്‍മ്മിച്ചതാണ്. പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് മറ്റ് സ്‌റ്റേഷനുകൾ. ഇവിടെ ഭൂമിയേറ്റെടുക്കൽ പോലും പൂർത്തിയായിട്ടില്ല.