അതിതീവ്ര ന്യൂനമർദവും ചക്രവാതച്ചുഴിയും..സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;7 ജില്ലകളിൽ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ കൂടി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ മാത്രമായിരുന്നു ആദ്യം മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Advertisement

അടുത്ത നാല് ദിവസവും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. 29 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 30 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും 31 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് അലർട്ട് ഉള്ളത്.

Advertisement

വടക്കു - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്.ഇത് വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഇന്ന് ഉച്ചയ്ക്ക് പശ്ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരത്തു ബാലസോർ-കാനിങ്ങ് ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

കിഴക്കൻ അറബിക്കടലിനും സമീപ കൊങ്കൺ തീരത്തിനും, മുകളായിലായി ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ 31 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ മറ്റ് തീരങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് വകുപ്പ് അറിയിക്കുന്നത്. മാത്രമല്ല
തെക്കൻ മഹാരാഷ്ട, ഗോവ തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ, മ്യാന്മാർ തീരങ്ങൾ അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.