'സിജെപി പ്രക്ഷോഭത്തോട് കോൺഗ്രസിന് ഐക്യപ്പെടാനായിട്ടില്ല', തറവാടി പാർട്ടിയെന്ന ഭാവമെന്ന് ഐസക്

ധർമേന്ദ്ര പ്രധാൻ രാജി വെക്കാതെ വിദ്യാർത്ഥി സമരം തീരാൻ പോകുന്നില്ലെന്ന് ഡോ.തോമസ് ഐസക്. എന്നാൽ കോൺഗ്രസിന് ഇപ്പോഴും സിജെപി പ്രക്ഷോഭത്തോട് ഐക്യപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും തറവാടി പാർട്ടിയെന്ന മനോഭാവം ആണെന്നും തോമസ് ഐസക് കുറ്റപ്പടുത്തുന്നു.

Advertisement

സിജെപി മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യങ്ങൾ ഇടത് വിദ്യാർത്ഥി സംഘടനകൾ നേരത്തെ മുതലേ മുന്നോട്ട് വെക്കുന്നതാണെന്നും പക്ഷെ ദേശീയതലത്തിൽ വിദ്യാർത്ഥി സമൂഹത്തെയാകെ സമരത്തിലേക്ക് എത്തിക്കാനായില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

Advertisement

തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' സിജെപി സമരം ദേശീയ രാഷ്ട്രീയത്തിൽ പ്രത്യാശയും ചലനങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. തൃണമൂൽ, ശിവസേന എംപിമാരെ വിലയ്ക്കെടുത്തും മറ്റു ചില പ്രാദേശിക പാർടികളെ കൂടെക്കൂട്ടിയും മണ്ഡലപുനർനിർണ്ണയവും ഏകീകൃത തെരഞ്ഞെടുപ്പും നടത്തിയ ബിജെപി ഭരണം സ്ഥിരമാക്കുന്നതിനുള്ള ഏതാണ്ട് അപ്രതിരോധ്യമായ നീക്കത്തിന്റെ മുന്നിലാണ് ഈ പുതിയ പ്രക്ഷോഭ പ്രതിരോധം.

വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല. 2026-ന്റെ ആദ്യ മാസങ്ങളിൽ ഇന്ത്യയിലെ ഏതാണ്ട് 500 ഓളം ഫാക്ടറികളിൽ കരാർ തൊഴിലാളികൾ സ്വയം സംഘടിച്ച് സമരത്തിന് ഇറങ്ങി. ഇവരിൽ മഹാഭൂരിപക്ഷവും ചെറുപ്പക്കാർ ആയിരുന്നു. അടുത്ത മാസം കർഷകർ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ്. ഈ സമരങ്ങളാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുക. ദേശവ്യാപകമായി പടർന്ന വിദ്യാർത്ഥി സമരം ഈ ജനകീയ പ്രക്ഷോഭങ്ങൾക്കാകെ പുതിയ കരുത്ത് നൽകുകയാണ്. ജൻസി തലമുറ അരാഷ്ട്രീയരാണെന്നുള്ള പൊതുധാരണയാകെ തകിടം മറിഞ്ഞിരിക്കുകയാണ്. പക്ഷേ, പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളിൽ അവർക്ക് താല്പര്യമില്ല.

Advertisement

കോൺഗ്രസിന് ഇപ്പോഴും സിജെപി പ്രക്ഷോഭത്തോട് ഐക്യപ്പെടാൻ കഴിഞ്ഞിട്ടില്ല. തങ്ങൾ ഇപ്പോഴും ഇന്ത്യയിലെ തറവാടി പാർടിയാണെന്ന മട്ടിലാണ് അവരുടെ പെരുമാറ്റം.
സിജെപി ഉയർത്തുന്ന അടിസ്ഥാന മുദ്രാവാക്യങ്ങൾ തൊഴിലില്ലായ്മയും ദേശീയ മത്സര പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുമാണ്. ഇവയെല്ലാം എസ്എഫ്ഐ അടക്കമുള്ള എല്ലാ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും എത്രയോ ശക്തമായി ഉയർത്തുന്ന മുദ്രാവാക്യങ്ങളാണ്. എന്നാൽ എന്തുകൊണ്ട് ഇതുവരെ ഇന്നതേതുപോലെ ദേശീയതലത്തിൽ വിദ്യാർത്ഥി സമൂഹത്തെയാകെ സമരത്തിലേക്ക് ഇളക്കിവിടുന്നതിന് കഴിഞ്ഞില്ലായെന്നുള്ളത് ഗൗരവമായിട്ട് സ്വയം ആലോചിക്കേണ്ട കാര്യമാണ്.

കൃത്യസന്ദർഭത്തിൽ തന്നെ ഇടപെടുകയെന്നത് പ്രധാനമാണ്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് തൊഴിലില്ലാത്ത യുവജനങ്ങളെ പാറ്റകൾ എന്നു വിളിച്ച സന്ദർഭത്തിൽ തന്നെ ട്രോളായി പാറ്റകളുടെ പാർടി പ്രഖ്യാപിച്ചത് നിർണ്ണായകമായിരുന്നു. രണ്ടരക്കോടി ആളുകളാണ് പിന്തുണയുമായി എത്തിയത്. അതോടൊപ്പം സുപ്രധാനമാണ് ഡിജിറ്റൽ സംവേദന രീതി. ഇടതുപക്ഷം മുഖ്യമായും വാമൊഴിയും വരമൊഴിയുമാണ്. എന്നാൽ ജൻസി തലമുറ പത്രത്തിൽ കൂടിയോ ടെലിവിഷനിൽ കൂടിയോ അല്ല ലോകത്തെ കാണുന്നത്. ഫെയ്സ്ബുക്കിൽ കൂടിപ്പോലുമല്ല. അവർക്ക് സ്വന്തമായി ഇൻസ്റ്റഗ്രാം ചാനലുകൾ ധാരാളമായുണ്ട്. ഇന്ത്യയിലെ തൊഴിലാളി സമരവേലിയേറ്റവും പൂർണ്ണമായും ഡിജിറ്റലായാണ് സംഘടിപ്പിക്കപ്പെട്ടത്.

Advertisement

പൊലീസിനെയും ആർഎസ്എസ് കുറുവടി സംഘങ്ങളെയും ഉപയോഗപ്പെടുത്തി ഏത് എതിർപ്പിനെയും അടിച്ചമർത്താമെന്നുള്ള ബിജെപിയുടെ ഹുങ്കിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയായി. പൊലീസ് അതിക്രമങ്ങളെ പ്രതിരോധിക്കുന്ന യുവതയുടെ ധീരതയുടെ എത്രയോ വീഡിയോകൾ. അതിക്രമം കഴിഞ്ഞ് തിരികെപ്പോകുന്ന പൊലീസുകാരെ നോക്കി കൈയടിച്ച് നാണിപ്പിക്കുന്നവർ. ഗോഡി മീഡിയയെ കൂകി ഓടിക്കുന്നവർ. ജലപീരങ്കിക്കു മുന്നിൽ മഴനൃത്തം നടത്തുന്നവർ. ദേശീയഗാനം പാടി പൊലീസിനെ അറ്റൻഷനിൽ നിർത്തുന്നവർ. ഒറ്റകൈകൊണ്ട് ഇടിവണ്ടിയെ തടഞ്ഞു നിർത്തുന്ന മുംബെയിലെ യുവതി. ഇങ്ങനെ മനസിൽ എന്നും തങ്ങിനിൽക്കുന്ന നിരവധിയായ ചിത്രങ്ങൾ.

ജന്ദർ മന്തർ ക്യാമ്പ് പ്രത്യേക അനുഭവമാണ് നൽകിയത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ ഗ്രൂപ്പുകളാണ് സംഘാടകർ. സോനം വാങ്ചുക്കിന്റെ സത്യാഗ്രഹ വേദിയിലേക്ക് ഇടവിടാതെയുള്ള പ്രമുഖവ്യക്തിത്വങ്ങളുടെ ഐക്യദാർഡ്യ സന്ദർശനങ്ങൾ. എല്ലാവരോടും സംസാരിക്കുന്നതിന് അഭിജിത് ദീപ്കെയുമുണ്ട്. വിദ്യാർത്ഥി സംഘടനകൾക്ക് അവരുടേതായ കോർണറുകളുണ്ട്. അവിടെയെല്ലാം പുസ്തക ഡെസ്കുകളും. മുദ്രാവാക്യം മുഴക്കുന്ന സംഘങ്ങളുമുണ്ട്. എത്രയോ ആളുകൾ വന്നുപോകുന്ന സ്ഥലത്തെ വൃത്തിയാണ് നമ്മെ അമ്പരപ്പിക്കുന്ന ഒരു കാര്യം. ഇതിനൊക്കെ പ്രത്യേകിച്ച് പ്രവൃത്തി വിഭജനം ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ, അതൊക്കെ സ്വയം ചെയ്യാൻ ആളുകളുണ്ട്.

Advertisement

ജൂലൈ 20-നുള്ള പാർലമെന്റ് മാർച്ചും പൊലീസ് അതിക്രമങ്ങളും രാജ്യ മനസാക്ഷിയെ ഞെട്ടിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ സമരം രാജ്യവ്യാപകമായി ആളിപടർന്നു. കർഷകസമരം കഴിഞ്ഞ് ആദ്യമായി കേന്ദ്ര സർക്കാർ ഒന്നു വിരണ്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ജെപി നദ്ദയുടെ വീട്ടിൽവച്ചുവേണ്ട, എവിടെവച്ചു വേണമെങ്കിലും ചർച്ചയാകാമെന്ന് ഒരുപടി താഴേക്ക് വരാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചിട്ടല്ലാതെ സമരം തീരാൻ പോകുന്നില്ല''.