ലഹരിയുടെ ഉറവിടം കണ്ടെത്തി തകർക്കും, ഓപറേഷൻ തൂഫാനിലേക്ക് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും

ലഹരി തുടച്ച് നീക്കാനുളള ഓപ്പറേഷൻ തൂഫാനിൽ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാൻ ആഭ്യന്തര വകുപ്പ്. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നാളെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം വിളിച്ച് ചേർത്തിരിക്കുന്നതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

Advertisement

കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തി തകർക്കുക എന്നതാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത് എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു.

Advertisement

ലഹരി മാഫിയക്ക് സംസ്ഥാന അതിർത്തികൾ ബാധകമല്ലെങ്കിൽ, അവരെ നേരിടുന്ന നമ്മുടെ നിയമപാലകർക്കും അതിരുകളുണ്ടാകരുത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്ന ലഹരിമരുന്നിന്റെ ഉറവിടങ്ങൾ കണ്ടെത്തി തകർക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അടിയന്തര സംയുക്ത യോഗം നാളെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് വിളിച്ചു ചേർക്കുകയാണ്.

കേരളത്തിലേക്ക് എത്തുന്ന രാസലഹരികളുടെയും ഹെറോയിന്റെയും സപ്ലൈ ചെയിൻ നിലനിൽക്കുന്നത് അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിർത്തി ഗ്രാമങ്ങളിലുമാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് താഴേത്തട്ടിലുള്ള പോലീസ് നടപടികൾക്കൊപ്പം മാക്രോ ലെവലിലുള്ള അന്തർസംസ്ഥാന സുരക്ഷാ ഏകോപനത്തിനും ആഭ്യന്തര വകുപ്പ് മുൻഗണന നൽകുന്നു. ലഹരി സിൻഡിക്കേറ്റുകളുടെ വേരറുക്കാൻ പ്രാദേശിക പ്രതിരോധത്തിനൊപ്പം അയൽസംസ്ഥാനങ്ങളുമായി ചേർന്നുള്ള സംയുക്ത പ്രതിരോധ ശൃംഖല എന്ന ഘട്ടത്തിലേക്ക് ഓപ്പറേഷൻ തൂഫാൻ കടക്കുകയാണ്.

Advertisement

അയൽസംസ്ഥാനങ്ങളുമായി 'ഇൻ്റലിജൻസ് സിൻക്രോണിസിറ്റി' അഥവാ തത്സമയ വിവര കൈമാറ്റ സംവിധാനമാണ് കേരളം ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇന്നലെ ബംഗളൂരു വിധാനസൗധയിൽ കർണാടക മുഖ്യമന്ത്രി ശ്രീ ഡി.കെ. ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ 'ഓപ്പറേഷൻ തൂഫാനു'മായി കർണാടക സർക്കാർ പൂർണ്ണമായും സഹകരിക്കും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടൊപ്പം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടി ഒരു കേന്ദ്രീകൃത ശൃംഖലയിലേക്ക് കൊണ്ടുവരുന്നതിലൂടെ ലഹരി കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ഇടപാടുകളെയും കൃത്യമായി മാപ്പ് ചെയ്യാൻ കേരളാ പൊലീസിന് സാധിക്കും.

അതിർത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനകളിൽ ഒതുങ്ങാതെ അന്തർസംസ്ഥാന ട്രെയിനുകൾ, ദീർഘദൂര ബസുകൾ, സ്വകാര്യ കൊറിയർ ശൃംഖലകൾ എന്നിവ വഴിയുള്ള ലഹരി കൈമാറ്റങ്ങളെയും ഈ സംയുക്ത നീക്കം നിരീക്ഷിക്കും. സ്മാർട്ട് പെട്രോളിംഗും സൈബർ നിരീക്ഷണവും സംയുക്തമായി നടപ്പിലാക്കാനുള്ള ആലോചനകളും നാളത്തെ യോഗത്തിൽ ചർച്ചയാകും. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാർ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് കേരളത്തിലെത്തി യോഗത്തിൽ പങ്കെടുക്കുകയാണ്.

Advertisement

നമ്മുടെ പോലീസ് മേധാവിയും ഓപ്പറേഷൻ തൂഫാൻ സ്റ്റേറ്റ് നോഡൽ ഓഫീസറും എന്നോടൊപ്പം പങ്കെടുക്കുന്ന നാളത്തെ കോൺഫറൻസ്, ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം കുറിക്കുന്ന ഒന്നാണ് എന്നും അഭിമാനത്തോടെ അറിയിക്കട്ടെ.