'സിപിഎം നേതാക്കൾക്കെതിരെ നട്ടാൽ കിളിർക്കാത്ത നുണ പടച്ചുവിടാമെന്ന് കരുതുന്നു', പ്രതികരിച്ച് പിണറായി

തിരുവനന്തപുരം: പെൻഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട മുൻ ആരോഗ്യമന്ത്രി പികെ ശ്രീമതിക്ക് എതിരെയുളള വ്യാജ പ്രചാരണത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. അധമ മാധ്യമ പ്രവര്‍ത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണമാണ് ഈ വിഷയത്തിൽ കണ്ടതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

Advertisement

ഇത്തരം നീച നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും പരാതി നൽകിയ ശ്രീമതി ടീച്ചർക്ക് എല്ലാവിധ പിന്തുണയുമെന്നും പിണറായി വിജയൻ പ്രതികരിച്ചു. പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

Advertisement

''സിപിഐഎം നേതാവും മുൻ മന്ത്രിയുമായ പികെ ശ്രീമതി ടീച്ചർക്കെതിരെ എംഎൽഎ പെൻഷൻ സംബന്ധിച്ച് ചില മാധ്യമങ്ങൾ ബോധപൂർവ്വം ഉയർത്തിയ ആരോപണങ്ങൾ അപലപനീയമാണ്. സിപിഐഎം നേതാക്കൾക്കെതിരെ എന്തു നട്ടാൽ കിളിർക്കാത്ത നുണയും പടച്ചുവിടാമെന്ന നിലയിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി പൊതുരംഗത്ത് കറകളഞ്ഞ രാഷ്ട്രീയ ജീവിതം നയിക്കുന്ന നേതാക്കളെ അപമാനിച്ച് ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

രണ്ടാം കേരള നിയമസഭയിൽ എംഎൽഎ ആയിരുന്ന പി ആർ കൃഷ്ണൻ്റെ ഭാര്യയായ പികെ ശ്രീമതി ഫാമിലി പെൻഷൻ വാങ്ങുന്നതിനെയാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ പികെ ശ്രീമതി ടീച്ചര്‍ പി ആർ കൃഷ്ണൻ്റെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നതായി ജനം ടിവി ഉൾപ്പെടെയുള്ള സംഘപരിവാര്‍ മാധ്യമങ്ങള്‍ കുപ്രചരണം ആരംഭിച്ചത്.

Advertisement

പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ സ്ത്രീകളുടെയും അടിസ്ഥാന വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി മുൻനിരയിൽ പോരാടുന്ന ശ്രീമതി ടീച്ചറുടെ കുടുംബസാഹചര്യങ്ങൾ വരെ മാധ്യമങ്ങൾക്ക് അറിയാത്തതല്ല. പക്ഷെ വസ്തുതകൾക്ക് നിരക്കാത്ത തീര്‍ത്തും അധിക്ഷേപകരമായ ഇത്തരം ഒരു ആരോപണം ടീച്ചർക്കെതിരെ ഉയർത്തുകയായിരുന്നു.

വിഷയം വാര്‍ത്തയായ ഉടൻ തന്നെ നിയമസഭാ അധികാരികൾ ഈ ആരോപണം നിരസിച്ചുകൊണ്ട് കുറിപ്പിറക്കി. പി ആർ കൃഷ്ണൻ്റെ മകൻ പികെ ശ്രീമതി ടീച്ചർക്ക് ഇതുമായി ബന്ധമില്ലെന്നും പ്രതികരിച്ചു. അധമ മാധ്യമ പ്രവര്‍ത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണമാണ് ഈ വിഷയത്തിൽ നാം കണ്ടത്. പികെ ശ്രീമതി എന്ന പേര് മാത്രം വച്ച് വസ്തുതാ അന്വേഷണം നടത്താതെ അത് സിപിഐഎം നേതാവായ പികെ ശ്രീമതിയാണെന്ന് നിരുത്തരവാദപരമായി വിളിച്ചു പറയുന്നതാണോ മാധ്യമ പ്രവര്‍ത്തനം? ഇത്തരം നീച നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണം. വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ ശ്രീമതി ടീച്ചര്‍ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സഖാവ് ശ്രീമതി ടീച്ചർക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു''.