ഡ്രൈവർമാരുടെ പേടിസ്വപ്നമായ തോപ്പൂർ ഘട്ട്; വെല്ലുവിളിയായ ഹൈവേ ഇനി അടിമുടി മാറും..902 കോടിയുടെ പദ്ധതി

കർണാടകയ്ക്കും തമിഴ്‌നാടിനുമിടയിൽ യാത്ര ചെയ്യുന്ന ഡ്രൈവരെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ റോഡുകളിലൊന്നാണ് തോപ്പൂർ ഘട്ട്. തമിഴ്‌നാട്ടിലെ ധർമ്മപുരിക്കും സേലത്തിനും ഇടയിൽ നാഷണൽ ഹൈവേ 44 ലാണ് 6.6 കിലോമീറ്റർ നീളത്തിലുള്ള ഈ ചുരും റോഡ് സ്ഥിതി ചെയ്യുന്നത്. ബംഗളൂരുവിനെ സേലം, മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, കന്യാകുമാരി എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാത കൂടിയാണിത്. മാത്രമല്ല ഹൈവയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ചെന്നൈയിലേക്കും തമിഴ്‌നാടിന്റെ കിഴക്കൻ ഭാഗങ്ങളിലേക്കും ഈ റോഡിലൂടെ വളരെ എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും. ദിവസേന 60,000ത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിൽ പക്ഷെ അപകടങ്ങൾ തുടർക്കഥയാണ്.

Advertisement

ഈ സാഹചര്യത്തിലാണ് പാതയുടെ പ്രാധാന്യം കൂടി കണക്കിലെടുത്ത് റോഡ് പുനക്രമീകരിക്കാൻ ദേശീയ പാത തോറിറ്റി തീരുമാനിച്ചത്. 902 കോടിയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. കൂടുതൽ സുരക്ഷിതവും വേഗതയേറിയതുമായ ഹൈവേ സാധ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇതിനോടകം തന്നെ ഏകദേശം 46 ശതമാനം പണികളും പൂർത്തിയാക്കിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു. 2028 ഓടെ പാത തുറന്നുകൊടുക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Advertisement

എന്തുകൊണ്ട് തോപ്പൂർ ഘട്ട്

ജമ്മു കാശ്മീരിലെ ശ്രീനഗർ മുതൽ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ദേശീയപാത 44 ലെ ഏറ്റവും പ്രാധാന്യമുള്ള റോഡ് ഭാഗമാണ് തേപ്പൂർ ഘട്ട്. ബെംഗളൂരു, മുംബൈ, ഡൽഹി തുടങ്ങി ഇന്ത്യയിലെ പ്രധാന മെട്രോപോളിറ്റൻ നഗരങ്ങളെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന നിർണായകമായ പാത കൂടിയാണിത്. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് ,തുണിത്തരങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, വ്യവസായിക ആവശ്യങ്ങൾക്കുള്ള മറ്റ് ഉത്പന്നങ്ങൾ എന്നിവ കയറ്റി ആയിരക്കണക്കിന് ട്രക്കുകളാണ് ഈ വഴി ഓരോ ദിവസവും കടന്ന് പോകുന്നത്. മാത്രമല്ല സേലം, മധുരെ, തിരുനെൽവേലി തുടങ്ങിയ നഗരങ്ങൾക്കും തെക്കൻ കേരളത്തിനുമിടയിൽ യാത്ര ചെയ്യുന്ന സ്വകാര്യ വാഹനങ്ങളും ഈ പാതയെ ആണ് പ്രധാനമായി ആശ്രയിക്കുന്നത്.അതായത് തോപ്പൂർ ഘട്ടലിൽ അപകടങ്ങൾ അടക്കം എന്തെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടായാൽ അത് പ്രധാന നഗരങ്ങളിലേക്കുള്ള ഗതാഗതത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന് സാരം.

Advertisement

എന്തുകൊണ്ട് അപകടങ്ങൾ

തമിഴ്‌നാട്ടിലെ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന ഹൈവേകളിൽ ഒന്നുകൂടിയാണ് ഈ തോപ്പൂർ ഘട്ട്. ഇവിടെയുള്ള കുത്തനെയുള്ള വളവുകളും ചരിവുകളുമാണ് ഡ്രൈവർമാരെ സംബന്ധിച്ച് വെല്ലുവിളി. വർഷങ്ങളോളം അനുഭവപരിയമുള്ള ഡ്രൈവർമാർക്ക് പോലും ഈ വളവിൽ വെച്ച് വാഹനം നിയന്ത്രിക്കുന്നത് വളരെ പ്രയാസകരമാണ്.

ചുരം ഇറങ്ങുമ്പോൾ അമിതമായി ബ്രേക്ക് പ്രയോഗിക്കേണ്ട സാഹചര്യം ഇവിടെ വരാറുണ്ട്. തുടർച്ചയായി ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ ബ്രേക്കിംഗ് സംവിധാനം തന്നെ തകരാൻ കാരണമാകും. ബ്രേക്ക് തകർന്ന് വാഹനങ്ങൾ മറിഞ്ഞ് വീണും മറ്റ് വാഹനങ്ങളിൽ കൊണ്ടിടിച്ചുമുള്ള അപകടങ്ങൾ ഇവിടെ നിരവധി ഉണ്ടായിട്ടുണ്ട്.

2018നും 2026നും ഇടയിൽ തോപ്പൂർ ഘട്ട് പാതയിൽ 630-ലധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയു്നനത്. 2018 നും 2025 നും ഇടയിൽ 80 പേർ ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. 2010 മുതലുള്ള കണക്കുകൾ എടുത്താൽ 500 ൽ കൂടുതലാകും ഇത്.

Advertisement

താരതമ്യേനെ ചെറിയ അപകടങ്ങൾ ഉണ്ടായാൽ പോലും ഈ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപെടും. കാരണം അപകടമേഖല മറികടന്ന് പോകാനുള്ള യാതൊരു സാധ്യതയും ഇവിടെ ഇല്ല.

പുതിയ മാറ്റങ്ങൾ എന്ത്?

റോഡ് പുനക്രമീകരണ പദ്ധതിയിലൂടെ ഹൈവേയുടെ വീതി കൂട്ടുക മാത്രമല്ല ദേശീയപാത അതോറിറ്റി ചെയ്യുന്നത്. മറിച്ച് അപകടങ്ങൾക്ക് കാരണമാകുന്ന വളവുകളടക്കമുള്ള റോഡിലെ മറ്റ് സാങ്കേതി പിഴവുകൾ കൂടി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

6.6 കിലോമീറ്റർ പാതയിൽ 3.68 കിലോമീറ്റർ ഭാഗം എലിവേറ്റഡ് കോറിഡോർ ആയിരിക്കും. 50 മീറ്ററോളം ഉയരത്തിൽ വലിയ 83 ഓളം കോൺക്രീറ്റ് തൂണുകൾ ആണ് ഇവിടെ നിർമ്മിക്കുക. അതായത് അപകടകരമായ വളവുകളും ഇറക്കങ്ങളും ഒഴിവാക്കി കൊണ്ട് കൂടുതൽ നേരെയുള്ള പാതയായിരിക്കും പണിയുക.

Advertisement

ഈ പാതയിൽ പല ഭാഗങ്ങളിലും 9 ശതമാനം വരെ കുത്തനയോളം ഉള്ള ഇറക്കങ്ങളുണ്ട്. ഇവ 3 ശതമാനമാക്കി കുറക്കും. ഇതുവഴി ഭാരവാഹനങ്ങൾക്ക് അമിത ബ്രേക്ക് പ്രയോഗമില്ലാതെ വളരെ അനായാസം ഇതുവഴി കടന്ന് പോകാൻ സാധിക്കും. ഇവിടെയുള്ള വളവുകളും പുനർരൂപകൽപന ചെയ്യും. അതോടൊപ്പം നാല് വരി ഹൈവേയെ ആറ് വരിയാക്കി വീതി കൂട്ടുകയും ചെയ്യും.

കടുത്ത വെല്ലുവിളി

തോപ്പൂർ ഘട്ട് പോലുള്ള ഒരു മേഖലയെ പൂർണമായും പുനക്രമീകരിക്കുകയെന്നത് സാങ്കേതിക വിദഗ്ധരെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കാരണം ഈ പാതയുടെ 3.1 കിമി ഭാഗം ധർമപുരി ജില്ലയിലെ വനമേഖലകളിലൂടെയാണ് കടന്ന് പോകുന്നത്. ബാക്കിയുള്ള ഭാഗങ്ങൾ ധർമ്മപുരി, സേലം മേഖലയിൽ ഉൾപ്പെടുന്നു.

Advertisement

വെല്ലുവിളികളെ അതിജീവിച്ച് ഏകദേശം 4 ശതമാനത്തോളം പണികളും പൂർത്തിയായിട്ടുണ്ടെന്നും പാത 2028 മാർച്ചോടെ തുറന്ന് നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

വളരെക്കാലമായുള്ള ആവശ്യം

ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ ഇടനാഴിയാണ് തോപ്പൂർ ഘട്ട്. ഏകദേശം 6000ത്തോളം ട്രെക്കുകൾ ഈ വഴി ദിവസേന കടന്ന് പോകാറുണ്ട്. അതായത് ഒരു ട്രെക്ക് അപകടത്തിൽപ്പെട്ടാൽ പോലും കുറഞ്ഞത് നാല് മണിക്കൂറോളം ഇവിടെ റോഡ് തടസപ്പെടാറുണ്ട്.

അതുകൊണ്ട് തന്നെ റോഡ് പുനക്രമീകരിക്കുന്നതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ ആശ്വാസകരമാകും .പണി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും അപകടകരമായ പാത ആധുനിക ആറുവരിപാതയായി ഉയരുമെന്ന പ്രതീക്ഷയും ഡ്രൈവർമാർ പങ്കുവെയ്ക്കുന്നുണ്ട്.