ട്രെയിനുകള്‍ വൈകും; കോഴിക്കോട് മൂന്ന് ട്രാക്കുകള്‍ അടച്ചു, ക്ലോക്ക് ടവര്‍ തകര്‍ന്നു വീണത് ട്രാക്കിലേക്ക്

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നു വീണു. കണ്ണൂര്‍ പാസഞ്ചര്‍ ട്രാക്കിലുള്ളപ്പോഴാണ് സംഭവം. പ്ലാറ്റ്‌ഫോമിലും ട്രാക്കിലുമായിട്ടാണ് ക്ലോക്ക് ടവര്‍ പതിച്ചത്. ഇത് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരുന്നുവത്രെ. 130 വര്‍ഷം പഴക്കമുള്ള ക്ലോക്ക് ടവറിന് കേടുപാടുകള്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിക്കുക.

Advertisement

നാല് ട്രാക്കുകളാണ് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലുള്ളത്. ഇതില്‍ മൂന്നും അടച്ചു. നാലാമത്തെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമാണ് നിലവില്‍ സര്‍വീസ് ഉള്ളത്. പതിനായിരക്കണക്കിന് യാത്രക്കാര്‍ ദിനംപ്രതി വന്നുപോകുന്ന റെയില്‍വെ സ്റ്റേഷനാണിത്. ഒരു പ്ലാറ്റ് ഫോമിലൂടെ മാത്രം സര്‍വീസ് ക്രമീകരിക്കുമ്പോള്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകും.

Advertisement

പകല്‍ 11 മണിയോടെയാണ് ക്ലോക്ക് ടവര്‍ തകര്‍ന്നു വീണത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുന്ന ജനശതാബ്ദി എക്‌സ്പ്രസ് കല്ലായി റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിടും. തിരിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട ജനശതാബ്ദി കല്ലായിയില്‍ നിന്നാണ് പുറപ്പെടാന്‍ തീരുമാനിച്ചിട്ടുള്ളത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകിയോടുകയാണ്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള എക്‌സ്പ്രസ് ട്രെയിന്‍ വെസ്റ്റ്ഹില്‍ വരെയാണുണ്ടാകുക.

ദിവസവും 50ല്‍ അധികം ട്രെയിനുകള്‍ കടന്നുപോകുന്ന റെയില്‍വേ സ്‌റ്റേഷനാണ് കോഴിക്കോട്. ഇവിടെ ഒരു ട്രാക്കില്‍ മാത്രമായി സര്‍വീസ് നിയന്ത്രിച്ചതിനാല്‍ എല്ലാ ട്രെയിനുകളും വൈകൂം. ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കല്ലായിക്കും വെസ്റ്റിഹില്ലിനും ഇടയില്‍ സര്‍വീസ് നടത്തുന്നില്ല. കോഴിക്കോടിന്റെ രണ്ടുഭാഗത്തുള്ള സ്‌റ്റേഷനുകളില്‍ പിടിച്ചിടും. ദീര്‍ഘദൂര ട്രെയിനുകള്‍ നാലാമത്തെ ട്രാക്കിലൂടെ ഓടും.

Advertisement

ക്ലോക്ക് ടവര്‍ തകര്‍ന്നു വീണ സംഭവത്തില്‍ റെയില്‍വെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാലക്കാട് റെയില്‍വെ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ എത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാകും ഇനി സര്‍വീസ് പുനഃസ്ഥാപിക്കുക എന്നാണ് വിവരം. അതേസമയം, റെയില്‍വെ സ്റ്റേഷനില്‍ നടക്കുന്ന അറ്റക്കുറ്റ പണികള്‍ വൈകുന്നതില്‍ ജനപ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചു. ക്ലോക്ക് ടവര്‍ ഇന്ന് പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിരുന്നു എങ്കില്‍ എങ്ങെയാണ് ട്രാക്കില്‍ ട്രെയിന്‍ നിര്‍ത്തിയിടുന്ന സാഹചര്യമുണ്ടായത് എന്ന് ജയന്ത് എംഎല്‍എ ചോദിച്ചു.

എറണാകുളം-കായംകുളം മെമു ട്രെയിനില്‍ പുക

എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള മെമു ട്രെയിനില്‍ പുക. കായംകുളം റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പിന്നിലെ ബോഗിയില്‍ പുക കണ്ടത്. തുടര്‍ന്ന് യാത്രക്കാര്‍ ഇറങ്ങിയ ശേഷം പരിശോധന നടത്തി. എന്താണ് കാരണം എന്ന് റെയില്‍വെ ഉദ്യോഗസ്ഥരും പോലീസും അന്വേഷിക്കുന്നുണ്ട്. ഇതിന് ശേഷമുള്ള ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. അനിഷ്ട സംഭവങ്ങളില്ല.