പിഎം ശ്രീയില്‍ യുടേണ്‍; അറബിക്കടലില്‍ എറിയില്ല, പച്ചക്കൊടിയുമായി യുഡിഎഫ്, മദ്യനയത്തിന് ഉപസമിതി

തിരുവനന്തപുരം: വിവാദമായ പിഎം ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനം. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കേന്ദ്ര ഫണ്ടുകള്‍ നേടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതാണെന്ന് മുന്നണി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അധികാരത്തിലെത്തിയാല്‍ പിഎം ശ്രീ അറബിക്കടലില്‍ എറിയുമെന്ന് നേരത്തെ മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞിരുന്നു.

Advertisement

പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി ഏതെല്ലാം പൊതുവിദ്യാലയങ്ങളെയാണ് ഉള്‍പ്പെടുത്തേണ്ടതെന്നും നടപ്പാക്കേണ്ടതെന്നും സര്‍ക്കാര്‍ തീരുമാനിക്കും. കേന്ദ്ര ഫണ്ട് കൃത്യമായി വിനിയോഗിച്ച് വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനാണ് തീരുമാനമെന്നും മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ നിന്ന് പിന്നോട്ടു പോകാന്‍ സാധ്യമല്ലെന്നും തീരുമാനത്തെ ന്യായീകരിച്ച് അടൂര്‍ പ്രകാശ് വ്യക്തമാക്കി.

Advertisement

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമെന്നായിരുന്നു ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെയും വിലയിരുത്തല്‍. മന്ത്രിമാരായ എന്‍ ഷംസുദ്ദീന്‍, എം ലിജു, റോജി എം ജോണ്‍, പിസി വിഷ്ണുനാഥ് എന്നിവരടങ്ങിയ ഉപസമിതി പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ശിപാര്‍ശ ചെയ്തിരുന്നത്. ഉപസമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാണ് യുഡിഎഫ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

ധാരണാപത്രം ഒപ്പുവച്ചെങ്കിലും കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കിയിരുന്നു. സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ സംസ്ഥാന സര്‍ക്കാര്‍ പങ്കാളിയായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതിയില്‍ നിന്ന് പിന്മാറാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്തുകൊണ്ട് ഇക്കാര്യത്തില്‍ ശക്തമായ തീരുമാനം എടുക്കാന്‍ യുഡിഎഫിന് സാധിക്കുന്നില്ലെന്ന് മുന്‍ മന്ത്രി പി രാജീവ് ചോദിച്ചു.

Advertisement

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നതുള്‍പ്പെടെയുള്ള മദ്യനയം തീരുമാനിക്കുന്നതിന് ഉപസമിതിയെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഈടാക്കുന്നത് സംബന്ധിച്ച നിര്‍ദേശത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായാണ് പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന ഉള്‍പ്പെടെ ഉപസമിതി പരിശോധിക്കുമെന്നും ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും മദ്യനയം രൂപവത്കരിക്കുകയെന്നും ഉപസമിതിയെ ഉടന്‍ തീരുമാനിക്കും കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.

ഭരണപരിഷ്‌കാരവും ഭൂപരിഷ്‌കരണവും വയോജന നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. ബോര്‍ഡ്, കോര്‍പ്പറേഷന്‍ ഭാരവാഹികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭാരവാഹി ആയിരുന്നവര്‍ രാഷ്ട്രീയ മര്യാദ പാലിച്ച് സ്വയം പിരിഞ്ഞു പോകണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.