സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുളള യുഡിഎഫ് നീക്കത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. പദ്ധതി നടപ്പാക്കുന്ന യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പിണറായി കുറ്റപ്പെടുത്തി.
പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തത് ആണെന്ന് തെളിഞ്ഞെന്നും പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
''സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ ഓച്ഛാനിച്ചു നിൽക്കുന്ന കാഴ്ചയാണ് യുഡിഎഫ് മുന്നണി യോഗത്തിലുണ്ടായത്. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ നിലപാടുകളെല്ലാം കാറ്റിൽപ്പറത്തി, പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണ്.
പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം വസ്തുതകൾക്കു നിരക്കാത്തതാണെന്ന് ഏറ്റവും പുതിയ പാർലമെന്റ് രേഖകൾ തന്നെ തെളിയിക്കുന്നു. പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പിന്മാറാമെന്നും അതിലൂടെ ആ പദ്ധതിയുടെ വിഹിതം മാത്രമാണ് നഷ്ടപ്പെടുകയെന്നും മുസ്ലിം ലീഗ് എംപി പി.വി. അബ്ദുൾ വഹാബിന്റെ രാജ്യസഭാ ചോദ്യത്തിന് കേന്ദ്ര സർക്കാർ വ്യക്തമായി മറുപടി നൽകിയിട്ടുണ്ട്. രാജ്യസഭയിലെ കോൺഗ്രസ്സ് എംപി ജെബി മേത്തറിന്റെ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലാണ് പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുകയോ അതിനായി ഒരു രൂപ പോലും കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. നിയമപരമായ യാതൊരു നിർബന്ധവുമില്ലാതിരുന്നിട്ടും പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ പ്രീതിപ്പെടുത്താൻ മാത്രമാണ്. കഴിഞ്ഞ പത്തുവർഷക്കാലം എൽഡിഎഫ് സർക്കാർ ആർഎസ്എസിന്റെ വർഗ്ഗീയ സിലബസിന് മുന്നിൽ മുട്ടുമടക്കാതെ കാത്തുസൂക്ഷിച്ച കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ യുഡിഎഫ് ഇപ്പോൾ ഒറ്റുകൊടുക്കുകയാണ്. ഈ വഞ്ചനാപരമായ നിലപാടിനെ തുറന്നുകാട്ടാൻ കേരളീയ പൊതുസമൂഹം മുന്നോട്ടുവരണം''.