വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ. രാജ്യവിരുദ്ധ ശക്തികള്‍ ഇന്ത്യന്‍ യുവത്വത്തെ കീഴടക്കാതിരിക്കാന്‍ വേണ്ടി മന്ത്രി പദവി രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് അഭിവാദ്യങ്ങള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇങ്ങനെ ചെയ്യാന്‍ യഥാര്‍ഥ രാജ്യസ്‌നേഹിക്കേ സാധിക്കൂ എന്നും മുരളീധരന്‍ പറയുന്നു.
കഴിഞ്ഞ 36 ദിവസമായി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമരത്തിലായിരുന്നു വിദ്യാര്‍ഥികള്‍. ലഡാക്കിലെ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് മൂന്നാഴ്ചയോളം നിരാഹാരം കിടന്നിട്ടും മന്ത്രി രാജിവെച്ചിരുന്നില്ല. പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിലെത്തി സമരം ചെയ്യുന്ന സാഹചര്യവുമുണ്ടായി. വിദ്യാര്‍ഥി സമരം വ്യാപിക്കുമെന്ന ആശങ്കയ്ക്കിടെയാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. ഈ വേളയിലാണ് മുരളീധരന്റെ വ്യത്യസ്തമായ പ്രതികരണം.
വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''രാജ്യവിരുദ്ധശക്തികള്‍ ഇന്ത്യന്‍ യുവത്വത്തെ കീഴടക്കാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പദവിയില്‍ നിന്ന് രാജിവെച്ച ശ്രീ.ധര്‍മേന്ദ്ര പ്രധാന്‍ജിക്ക് അഭിവാദ്യങ്ങള്‍. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ ഒരു യഥാര്‍ഥ രാജ്യസ്‌നേഹിക്കേ സാധിക്കൂ. വിധ്വംസകശക്തികള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച സമരത്തീയില്‍ ഇന്ത്യന്‍ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുളള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ഇവിടെ പൊളിഞ്ഞത്. എബിവിപി പ്രവര്‍ത്തനകാലം മുതല്‍ ധര്‍മേന്ദ്ര പ്രധാന്‍ജിയുടെ രാഷ്ട്രീയ സത്യസന്ധതയും നീതിബോധവും നേരിട്ടറിയുന്നയാളാണ് ഞാന്‍. പെട്രോളിയം മന്ത്രിയായിരിക്കെ ഉജ്ജ്വല യോജന പോലുള്ള പദ്ധതിയിലൂടെ ദരിദ്രര്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകള്‍, ഊര്‍ജമേഖലയില്‍ രാജ്യത്തിന് കുതിപ്പായി നടപ്പാക്കിയ പദ്ധതികള്‍ എല്ലാംതന്നെ അദ്ദേഹത്തിലെ ഭരണാധികാരിയുടെ മികവിന് അടിവരയിടുന്നു. വിദ്യാഭ്യാസ രംഗത്തെ അടിമുടിമാറ്റിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലും ധര്‍മേന്ദ്ര പ്രധാന്‍ജിയുടെ സംഭാവനകള്‍ വളരെ വലുതാണ്. പ്രിയ സുഹൃത്ത്, ഭാരതീയ ജനതാ പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവായി പൊതുമണ്ഡലത്തില്‍ സജീവമായി ഇനിയും ഉണ്ടാകുക തന്നെ ചെയ്യും. ഇവിടെ വിജയിച്ചത് നരേന്ദ്രമോദിയും ധര്‍മേന്ദ്ര പ്രധാനുമാണ്.''