വേടന്‍ പങ്കെടുത്ത പരിപാടിക്ക് കേസ്; പിന്‍വലിക്കുമോ പോലീസ്, പുനപ്പരിശോധിക്കണം എന്ന് ആവശ്യം

ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയില്‍ റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്ക് കേസെടുത്ത പോലീസ് നടപടിക്കെതിരെ വിമര്‍ശനം. എറണാകുളം സൗത്ത് പോലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് പനമ്പിള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കിനോട് ചേര്‍ന്നായിരുന്നു പരിപാടി. നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായിരുന്നു.

Advertisement

വേടന്റെ മാനേജര്‍ വിഘ്‌നേഷ് ജി പിള്ളയ്ക്കും മറ്റു 99 പേര്‍ക്കുമെതിരെയാണ് എഫ്‌ഐആര്‍. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചു, ഗതാഗത തടസമുണ്ടാക്കി എന്നെല്ലാമാണ് പോലീസ് പറയുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഡല്‍ഹി സമരം സിജെപി പിന്‍വലിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ ഡല്‍ഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പരിപാടിക്കെതിരെ കേരള പോലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്നാണ് ആവശ്യം.

Advertisement

യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം: ഡല്‍ഹി വിദ്യാര്‍ത്ഥി സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ കേസ് എടുത്ത കേരളാ പോലീസിന്റെ നടപടി അടിയന്തിരമായി പുനപരിശോധിക്കപ്പെടേണ്ടതാണ്.
സമീപകാല ചരിത്രത്തില്‍ രാജ്യം കണ്ട ഏറ്റവും സര്‍ഗ്ഗത്മകമായ സമരണത്. പോലീസ് ലാത്തിചാര്‍ജിനെയും, ടീയര്‍ ഗ്യാസ് ഷെല്ലുകളെയും എന്തിനു പെല്ലറ്റ് ഗണ്ണുകളെ പോലും നേരിടേണ്ടി വരുമ്പോഴും ഒട്ടും പതറാതെ ആടിയും, പാടിയും, ചിത്രം വരച്ചും മുദ്രാവാക്യം വിളിച്ചും സമരം എന്ന വാക്കിനെ തന്നെ എത്ര സുന്ദരമായാണ് പുതിയ തലമുറ പുനരാവിഷ്‌കരിക്കുന്നത് എന്ന് നോക്കു.

Advertisement

രാജ്യം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന സമരത്തെ വലിയ പ്രതീക്ഷയോടെ ആണ് ജനാധിപത്യ മതനിരപേക്ഷ വാദികള്‍ നോക്കി കാണുന്നത്. തെരുവുകള്‍ സമരം ചെയ്യാന്‍ കൂടി ഉള്ളതാണ്. ആ അവകാശത്തിന് നേരെ അധികാരത്തിന്റെ ലാത്തി ഉയര്‍ത്തുന്നവരും കേസുകള്‍ ചമക്കുന്നവരും വീട്ടിലിരിക്കേണ്ടവരാണ്. എന്ന കേരളത്തിന്റെ രാഷ്ട്രീയ ബോധ്യത്തിന്റ ഉത്പന്നമാണ് ഈ സര്‍ക്കാര്‍.

വിദ്യാഭ്യാസ മേഖലയെ വഴി വാണിഭ ചന്തയാക്കി മാറ്റി പുതിയ തലമുറയുടെ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു കളഞ്ഞിട്ട് വര്‍ഗ്ഗീയതയുടെ മറവലിരുന്ന് രാജ്യത്തിനെതിരെ ഒളിയുദ്ധം നടത്തുന്ന നോണ്‍ ബയോളജിക്കല്‍ പ്രധാന മന്ത്രിക്കെതിരെ നിര്‍ഭയമായി നിലയുറപ്പിക്കാന്‍ കഴിയുന്ന സമരഭൂമികളായി കേരളത്തിന്റെ തെരുവുകള്‍ തുടരണം. ആ തെരുവുകള്‍ക്ക് കാവല്‍ നില്‍ക്കാനാവണം യുഡിഎഫ് സര്‍ക്കാര്‍. അതിനെതിരാണ് എന്ന ഒരു സന്ദേശവും നാം നല്‍കരുത്.

Advertisement

പിന്‍കുറി: ഈ ചിലവില്‍ എസ് എഫ് ഐ യുടെയും ഡി വൈ എഫ് ഐ യുടെയും സമര സ്വാതന്ത്യത്തിനു വേണ്ടിയുള്ള മോങ്ങല്‍ കേള്‍ക്കാം. കറുത്ത തുണി ഉയര്‍ത്തി പ്രതിഷേധിച്ചതിന്റെ പേരില്‍ ചെടിച്ചട്ടിയും ലാത്തിയും കൊണ്ട് പാവപ്പെട്ട ചെറുപ്പക്കാരെ തലക്കടിച്ചു വീഴ്ത്തുന്ന കൊടും ക്രൂരതയുടെ കാര്യത്തില്‍ പിണറായി പോലീസും അമിത് ഷാ പോലീസും ഒക്ക ചങ്ങായിമാരായിരുന്നു. നിങ്ങള്‍ ഇച്ചിരി മാറി നിന്ന് മോങ്ങണം. അറച്ചിട്ടു വയ്യ കേട്ടിട്ടു.
അഡ്വ ഷിബു മീരാന്‍
ദേശീയ ഓര്‍ഗനൈസിഗ് സെക്രട്ടറി
മുസ്ലിം യൂത്ത് ലീഗ്.