വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യങ്ങളുമായി തോമസ് ഐസക്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും യു.ഡി.എഫ് സർക്കാരിന്റെ വികസന മോഡലിനെതിരെയും രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. 2,598 കോടി രൂപ മാത്രം മുതൽമുടക്കുന്ന അദാനി ഗ്രൂപ്പ്, തങ്ങളുടെ കമ്പനിയുടെ 49 ശതമാനം ഓഹരികൾ 13,000 കോടി രൂപയ്ക്ക് എം.എസ്.സി (MSC) കമ്പനിക്ക് കൈമാറിയത് മുൻപ് യു.ഡി.എഫ് ഒപ്പുവെച്ച കരാറിന്റെ കൊള്ളയുടെ വലുപ്പമാണ് വെളിപ്പെടുത്തുന്നതെന്ന് തോമസ് ഐസക് ആരോപിച്ചു. അദ്ദേഹ്തിൻ്റെ കുറിപ്പിൻ്റെ പൂർൺരൂപം വായിക്കാം

Advertisement

'വിഴിഞ്ഞം വിവാദത്തിന്റെ ഇപ്പോഴത്തെ മാധ്യമ തർക്കം കേരള സർക്കാർ ഇതുവരെ എന്ത് ചെലവഴിച്ചു എന്നുള്ളതായി മാറിയിരിക്കുന്നു. ഇത് യഥാർത്ഥ പ്രശ്നത്തിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള ഉപായം മാത്രമാണ്.

Advertisement

പ്രതിപക്ഷം പറഞ്ഞുകൊണ്ടിരുന്നത് PPP ധാരണ പ്രകാരം കേരള സർക്കാരും അദാനിയും ഒന്നാംഘട്ടത്തിൽ ചെലവഴിക്കേണ്ട തുകയെക്കുറിച്ചാണ്. ഇതു സംബന്ധിച്ച് ഒരു അവ്യക്തതയും ഉണ്ടാകേണ്ടതില്ല. ഇതുപ്രകാരം കേരള സർക്കാരിന്റെ കമ്പനിയായ VISL 5454 കോടി രൂപയുടെ പ്രവൃത്തികൾ ചെയ്യണം. അദാനി ഗ്രൂപ്പിന്റെ കമ്പനിയായ AVPPL ഉപകരണങ്ങൾക്കും മറ്റുമായി 2598 കോടി രൂപ ചെലവാക്കണം. കേന്ദ്ര സർക്കാരിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംങിന് 818 കോടി രൂപ സംസ്ഥാന സർക്കാർ വായ്പയായി സ്വീകരിച്ച് അദാനിക്ക് നൽകും. അങ്ങനെ ആകെ 8867 കോടി രൂപ.

ഇങ്ങനെ അദാനിക്ക് ചെലവഴിക്കാനുള്ള ബാധ്യത 2598 കോടി രൂപ മാത്രമാണ്. ഇത്രയും പണം ചെലവഴിക്കുന്ന AVPPL-ന്റെ 49 ശതമാനം ഓഹരി അദാനി 13,000 കോടി രൂപയ്ക്ക് MSC കമ്പനിക്ക് കൈമാറിയിരിക്കുകയാണ്.
ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങൾ രണ്ടാണ്:
ഒന്ന്, കരാർ പ്രകാരം ഇത്തരമൊരു ഓഹരി കൈമാറ്റത്തിന് കേരള സർക്കാരിന്റെ അനുമതി വേണം. ആ അനുവാദം വാങ്ങാതെയാണ് ഓഹരി കൈമാറ്റ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ അനുവാദത്തോടെയാണോ? മംഗലാപുരത്തെ സ്വകാര്യസന്ദർശനവേളയിൽ ഇത് ചർച്ച ചെയ്തിരുന്നോ?
രണ്ട്, ഉമ്മൻ ചാണ്ടിയുടെ കീഴിൽ ഉണ്ടാക്കിയ കരാറിന്റെ കൊള്ളയുടെ വലുപ്പം ഈ ഓഹരി കൈമാറ്റം വെളിപ്പെടുത്തുന്നു. 2598 കോടി രൂപ മുതൽമുടക്കുന്ന അദാനിയുടെ കമ്പനിയുടെ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏതാണ്ട് 25000 കോടി രൂപയാണ്. 30 വർഷത്തേക്ക് തുറമുഖ നടത്തിപ്പിന്റെ ലാഭം മാത്രമല്ല, ഇതുപോലെ ഉണ്ടാകുന്ന ഷെയർ മൂല്യവർദ്ധനയുടെ നേട്ടത്തിൽ ഒരുപങ്കും കേരളത്തിന് ഇല്ല. എന്നാൽ കേരളം 70 ശതമാനം ചെലവ് വഹിക്കുകയും വേണം. ഇതിനെയാണ് കടൽക്കൊള്ളയെന്ന് ഞങ്ങൾ വിശേഷിപ്പിച്ചത്.

Advertisement

എന്തിന് ഇത് ഇപ്പോൾ പറയണം? ഉമ്മൻ ചാണ്ടിയുടെ മാതൃകയിൽ കേരളത്തെ തുറമുഖ നഗരമാക്കി മാറ്റാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇറങ്ങുമ്പോൾ ഇത് കേരളം ഓർക്കേണ്ടതുണ്ട്. കടപ്പേടി സൃഷ്ടിച്ച് കേരളത്തിന്റെ വായ്പാ സാധ്യതകളെയെല്ലാം കൊട്ടിയടച്ചിരിക്കുന്ന യുഡിഎഫിന് കേരളത്തെ കോർപ്പറേറ്റുകൾക്ക് അടിയറവയ്ക്കാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത സ്ഥിതിയാണ്.
ഇനി, ഏറ്റവും പുതിയ തർക്കത്തിലേക്കു വരാം. കരാറിൽ പറഞ്ഞ തുക കേരള സർക്കാരും അദാനിയും ഇതുവരെ ചെലവഴിച്ചു തീർത്തിട്ടില്ല. കേരള സർക്കാർ ചെലവഴിച്ചിട്ടുള്ള തുക 3,764 കോടി രൂപയാണ്. ബാക്കി ചെലവ് വരുന്ന മുറയ്ക്ക് മുതൽമുടക്കും. അതിൽ എന്താ ഇത്ര വിവാദമുള്ളത്?

വയബിലിറ്റി ഗ്യാപ് ഫണ്ടിംങിന്റെ 1635 കോടി രൂപയിൽ 817 കോടി രൂപയേ വായ്പയായി ഇതുവരെ കേന്ദ്രം അനുവദിച്ചിട്ടുള്ളൂ. അതേ അദാനിക്ക് കൈമാറിയിട്ടുള്ളുമുള്ളൂ.

Advertisement

ഇതിനു പുറമേ VISL ആണ് 10.7 കിലോമീറ്റർ ഭൂഗർഭ റെയിൽപ്പാത, 220 കെവി സബ് സ്റ്റേഷൻ, കുടിവെള്ള പദ്ധതി എന്നിവയുടെ നിർമ്മാണത്തിനും ലോജിസ്റ്റിക് പാർക്കിനും മറ്റും വേണ്ടുന്ന ഭൂമിയുടെയും പണം ചെലവാക്കുന്നത്. നബാർഡിൽ നിന്ന് എടുത്തിരിക്കുന്ന 2,100 കോടി രൂപയുടെ വായ്പയ്ക്കു പുറമേ സംസ്ഥാന സർക്കാർ നേരിട്ട് ഗ്രാന്റായി 1,200 കോടി രൂപയും VISL കമ്പനിക്ക് നൽകിയിട്ടുണ്ട്. വിഴിഞ്ഞത്തു നിന്നുള്ള വ്യവസായ ഇടനാഴിക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് 1,000 കോടി രൂപ കിഫ്ബി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേയാണ് കോവളത്തു നിന്നുള്ള ജലപാതയ്ക്ക് കിഫ്ബി പണം മുടക്കുന്നത്.
വേറെ നിരവധി വിദ്വാന്മാർ MSC കമ്പനി മുതൽമുടക്കുന്നതിന്റെ നേട്ടത്തെക്കുറിച്ച് പറയുന്നുണ്ട്. MSC മുതൽമുടക്കുന്നതിനൊന്നും ഞങ്ങൾ എതിരല്ല. കേരളത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം. മറ്റുള്ള ഇടപാടുകാർക്ക് എതിരെ വിവേചനങ്ങൾ പാടില്ലായെന്ന് ഉറപ്പുവേണം.

Advertisement

അതുപോലെ പഠിക്കേണ്ട മറ്റൊരു പാഠവുംകൂടിയുണ്ട്- ഇത്ര ഭീമമായ ലാഭമുണ്ടാക്കുന്ന തുറമുഖത്തുനിന്നും പ്രത്യക്ഷ വരുമാനം കിട്ടാൻ 30 വർഷം കേരളം കാത്തിരിക്കേണ്ടിവരുന്ന വികസന മോഡൽ അല്ല നമുക്ക് വേണ്ടത്.
അപ്പോൾ, ഒരു ചോദ്യം ഞങ്ങൾക്കുനേരെ ഉയരാം. പത്ത് വർഷത്തിനിടിയിൽ നിങ്ങൾ എന്തുകൊണ്ട് അത് മാറ്റിയില്ല? ഇതിനുള്ള ഉത്തരം എത്രയോ നാൾ മുമ്പ് പറഞ്ഞുകഴിഞ്ഞു. 2016-ലെ തെരഞ്ഞെടുപ്പിന് മുന്നേ ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പുവച്ച കരാർ തള്ളിക്കളയില്ലായെന്ന് ഇടതുപക്ഷം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. കാരണം, കേസുമൂലം തുറമുഖ നിർമ്മാണം അനന്തമായി നീണ്ടുപോയാൽ വിഴിഞ്ഞം നമുക്ക് എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടാനിടയുണ്ട്. വിഴിഞ്ഞത്തിന് തൊട്ടടുത്ത് തമിഴ്നാട്ടിലെ കുളച്ചലിൽ അദാനി തന്നെ പുതിയ തുറമുഖത്തിന് കരാർ എടുത്തിരുന്നു. അതുകൊണ്ടാണ് മുന്നോട്ടുപോയതും, യുഡിഎഫിന്റെ അട്ടിമറി സമരത്തെയും മറ്റും നേരിട്ട് വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിയതും.

Advertisement

യുഡിഎഫിന്റെ ബജറ്റ് കാഴ്ചപ്പാട് പ്രകാരം പുതിയ തുറമുഖങ്ങൾ വികസിപ്പിക്കുമ്പോഴും അവയുടെ പിന്നാലെ പാർക്കുകളും ഇടനാഴികകളും സ്ഥാപിക്കുമ്പോഴും ഉമ്മൻ ചാണ്ടിയുടെ യുഡിഎഫ് മോഡൽ ആവർത്തിക്കരുത്'