Wayanad Landslide: തുരങ്കപാത നിര്‍മാണ കമ്പനിക്കെതിരെ സിദ്ദീഖ്, 'അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടു'

വയനാട്ടില്‍ തുരങ്കപാതാ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെത്തും എന്ന് മന്ത്രി ടി സിദ്ദീഖ്. താനും റവന്യൂ മന്ത്രി എപി അനില്‍കുമാറും സംഭവസ്ഥലത്തേക്ക് തിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. തുരങ്കപാത നിര്‍മാണ കമ്പനിയുടെ അശ്രദ്ധയും അലംഭാവവുമാണ് ദുരന്തത്തിന് കാരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisement

തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലാണ് ഒരു വലിയ ദുരന്തം ഉണ്ടായിരിക്കുന്നത് എന്ന് സിദ്ദീഖ് പറഞ്ഞു. ഈ മണ്ണ് നീക്കം ചെയ്യണം എന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു എന്നും നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സിദ്ദീഖിന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

Advertisement

'മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ നമ്മളെയെല്ലാം വിഷമിപ്പിച്ചിരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുകയാണ്. നിലവില്‍ വിംസ് ആശുപത്രിയില്‍ ആറ് പേര്‍ ചികിത്സ തേടി എത്തിയിട്ടുണ്ട്. കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപ്പൂര്‍, രജനീഷ്, തന്‍മയ് ഘോഷ് എന്നിവരാണ് ചികിത്സ തേടിയിരിക്കുന്നത്. ആറ് പേരുടേയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

എന്‍ഡിആര്‍എഫിന്റെ വയനാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ ആദ്യമെത്തി. കോഴിക്കോട്ട് നിന്നുള്ള സംഘത്തോടും അവിടേക്ക് പുറപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള അടിയന്തര പരിശോധന നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ ശേഖര്‍ കുര്യാക്കോസിനോട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisement

ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ നേരത്തെ തന്നെ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അശാസ്ത്രീയമായ രീതിയിലാണ് ഈ മണ്ണ് കൂട്ടിയിട്ടത്. നേരത്തെ തന്നെ നല്ല രീതിയിലുള്ള മഴ വയനാട്ടില്‍ പെയ്തതാണ്. ചെറിയ രീതിയില്‍ ഇപ്പോള്‍ പെയ്തിട്ടുള്ള മഴയില്‍ ഇങ്ങനെ അപകടം സംഭവിക്കും എന്നുള്ളതിന്റെ സൂചന വളരെ കൃത്യമായി മീറ്റിംഗിലും അല്ലാതെയും കൊങ്കണ്‍ അധികൃതരുടെ മീറ്റിംഗില്‍ ഉള്‍പ്പടെ നല്‍കിയിരുന്നതാണ്.

അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടുണ്ട്. അത് സര്‍ക്കാര്‍ ഗൗരവത്തോടെ നോക്കും. അതില്‍ പരിശോധനയുണ്ടാകും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നതും എന്തുകൊണ്ടാണ് നിര്‍ദേശം പാലിക്കാതിരുന്നത് എന്നും സര്‍ക്കാര്‍ പരിശോധിക്കുന്നതാണ്. റവന്യു മന്ത്രിയും ഞാനും അങ്ങോട്ടേക്ക് പോകും. പ്രവൃത്തി നിര്‍ത്തിവെക്കണം എന്നും മണ്ണ് മാറ്റിവെക്കണം എന്നതുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ നേരത്തെ മീറ്റിംഗ് വിളിച്ച് ചര്‍ച്ച ചെയ്ത് നിര്‍ദേശം കൊടുത്തതാണ്.

Advertisement

ഇത് മാത്രമല്ല, വയനാട് കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വലിയ രീതിയില്‍ മണ്ണ് കൂട്ടിയിട്ടുണ്ട്. നേരത്തെ രണ്ട് തവണ മഴ പെയ്തപ്പോള്‍ അര്‍ധരാത്രിയില്‍ പോയി മണ്ണ് മുഴുവന്‍ നീക്കം ചെയ്യണം എന്ന് നിര്‍ദേശം കൊടുത്തതാണ്. ആ നിര്‍ദേശവും പാലിക്കപ്പെട്ടിട്ടില്ല. കണ്ണൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം കൂടി രക്ഷാപ്രവര്‍ത്തനത്തിനെത്തും.

മഴക്കാലത്ത് പ്രവൃത്തി നടത്തരുത് എന്നും അവിടെ ആളുകള്‍ ഉണ്ടാവരുത് എന്നതും അവിടത്തെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം എന്നുള്ളതും ഉള്‍പ്പെടെയുള്ള എല്ലാ നിര്‍ദേശങ്ങളും നേരത്തെ നല്‍കിയിരുന്നതാണ്. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് പ്രകൃത്യാലുള്ള മണ്ണിടിച്ചില്‍ അല്ല. മനുഷ്യനിര്‍മിതമായ ദുരന്തമാണിത്. ശാസ്ത്രീയമല്ലാത്ത രീതിയില്‍ മണ്ണ് കൂട്ടിയിട്ടതുമായി ബന്ധപ്പെട്ട ദുരന്തമാണിത്.