അവൾക്കൊപ്പം.. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്ത്


കൊച്ചി: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവത്തിലും അവൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി മറ്റ് കന്യാസ്ത്രീകൾ കൊച്ചിയിൽ സമരം ചെയ്യുന്ന പന്തലിൽ നടി റിമ കല്ലിങ്കലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ കന്യാസ്ത്രീയ്ക്കൊപ്പം സമൂഹം നിൽക്കണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

നമ്മുടെ സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങൾക്കെതിരെയും , അനീതികൾക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെ ആണ് ഞങ്ങൾ. അധികാരവും പദവികളും ഒരിക്കലും നിസ്സഹായരെ ചൂഷണത്തിന് ഇരയാക്കാൻ വേണ്ടി ദുരുപയോഗം ചെയ്യേണ്ടേ ഉപാധികളല്ല എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ! കേരള ഗവൺമെന്റും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയർത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചുനിൽക്കണം എന്ന് ഞങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.

പി സി ജോർജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതിനോടൊപ്പം , ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ നിയമനടപടികൾ എടുക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. കേരളം പ്രളയത്തെ അത്ഭുതകരമായി അതിജീവിച് പുനർനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയമാണിത് ! #377 യുടെ മതിൽക്കെട്ടുകൾ തകർത്ത, LGBTQ കമ്മ്യൂണിറ്റിയുടെ ഭാഗമായ നമ്മുടെ സഹോദരി സഹോദരന്മാർക്ക് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴി തുറന്ന ചരിത്രപരമായ വിധി ന്യായങ്ങളുടെയും സമയവും!

അനീതിയെയും, അസമത്വത്തെയും ഇല്ലാതാക്കി, പുരോഗതിയിലേക്ക്, വളർച്ചയിലേക്ക്, പുനരുദ്ധാരണത്തിലേക്ക് ഉള്ളതാവട്ടെ നമ്മുടെ ചുവടുവെപ്പുകൾ. കേരളത്തിലെ കന്യാസ്ത്രീകൾ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാൻ ഒരു ശക്തിക്കുമാവില്ല.
#അവൾക്കൊപ്പം

Have a great day!
Read more...

English Summary

Women in Cinema Collective extends support to nun