മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതിൽ ആര് വിമർശനം ഉന്നയിച്ചു? ആ കൗശലം കയ്യിൽ വെച്ചാൽ മതിയെന്ന് രാജേഷ്

സംസ്ഥാനം മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുമ്പോൾ സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നും മലപ്പുറത്ത് വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തുവെന്നും സ്വർണ്ണക്കട ഉദ്ഘാടനത്തിന് പോയി എന്നുമടക്കമുളള ആരോപണങ്ങളിൽ മുങ്ങി നിൽക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശൻ. ഹെലികോപ്റ്റർ ഉപയോഗിച്ചത് ഇൻവെസ്റ്ററുമായുളള കൂടിക്കാഴ്ചയ്ക്ക് വേണ്ടി ആണെന്നും എന്നാൽ അത് ആരെന്ന് പറയാനാകില്ലെന്നും ഉളള മുഖ്യമന്ത്രിയുടെ മറുപടിയും വിവാദത്തിലായിരിക്കുകയാണ്.

Advertisement

മാത്രമല്ല വിവാദ വിരുന്നുമായി ബന്ധപ്പെട്ടുളള മാധ്യമങ്ങളുടെ ചോദ്യത്തിന്, തനിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിമർശനങ്ങളോടുളള മുഖ്യമന്ത്രിയുടെ ഇത്തരം പ്രതികരണങ്ങളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എംബി രാജേഷ്.

Advertisement

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: മുഖ്യമന്ത്രി ഇന്ന് വിമർശനങ്ങളോട് പ്രതികരിച്ചതു കണ്ടു.
1. ഹെലികോപ്റ്റർ യാത്ര ഔദ്യോഗിക ആവശ്യത്തിനെന്ന് അദ്ദേഹം അവകാശപ്പെടുന്നു. അങ്ങിനെയെങ്കിൽ വിമർശനം ഉടൻ പിൻവലിക്കണമെന്ന് മനസ്സിൽ കരുതി. കാരണം അതിൽ തെറ്റൊന്നുമില്ല. പക്ഷേ ആരുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച എന്ന ചോദ്യത്തിന് അത് നിങ്ങളോട് പറയാനാവില്ലെന്ന് മറുപടി! അക്കൗണ്ടബിലിറ്റി,സുതാര്യത എന്നിവയൊന്നും തനിക്ക് ബാധകമല്ലെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചിരിക്കുന്നു.

ചാർട്ടേഡ് ഫ്ലൈറ്റിൽ മംഗലാപുരത്തേക്ക് നടത്തിയ വിവാദ യാത്ര എന്തിനായിരുന്നുവെന്നും, 25 ലക്ഷം രൂപ വിമാനവാടക വഹിച്ച 'അജ്ഞാത സുഹൃത്ത്' ആരാണെന്നത് ഇതുവരെ വെളിപ്പെടുത്താത്തതു പോലെ മറ്റൊരു വിശദീകരണം. അതുകൊണ്ട് വിമർശനം അങ്ങിനെ തന്നെ നിലനിൽക്കും.

Advertisement

2. നാട് പ്രളയത്തിലായ ദിവസം പൊന്നാനിയിൽ വിരുന്നുണ്ടതിന് "ഞാൻ ഒന്ന് ഉച്ചഭക്ഷണം കഴിച്ചുപോയതാണോ ഇത്ര വലിയ കുറ്റം" എന്ന പതിവ് വളച്ചൊടിക്കൽ. ഇരവാദം.അതിൽ എന്ത് ഔചിത്യക്കുറവെന്ന് മറുചോദ്യം. മുഖ്യമന്ത്രി ഉച്ചഭക്ഷണം കഴിച്ചതിൽ ആരാണ് വിമർശനം ഉന്നയിച്ചത്? പ്രളയ ഘട്ടത്തിൽ വിരുന്നിലും സൽക്കാരത്തിലും പങ്കെടുത്തതിലാണല്ലോ വിമർശനം. വിരുന്ന് മറ്റൊരു ദിവസമാകാമല്ലോ. ആരും ഉന്നയിക്കാത്ത വിമർശനത്തിന് മറുപടി പറഞ്ഞ് രക്ഷപ്പെടുന്ന കൗശലം കയ്യിൽ വെച്ചാൽ മതി.

3. എന്താണ് ഔചിത്യമില്ലായ്‌മ എന്നാണ് മറുചോദ്യം. നാട് ദുരിതത്തിൽ മുങ്ങി നിൽക്കുമ്പോൾ പോലും വിരുന്നിനും സ്വർണ്ണക്കട മുതൽ ബേക്കറി വരെയുള്ളവയുടെ നാട മുറിക്കലിനുമാണ് മുൻഗണന എന്ന് കരുതുന്ന മുഖ്യമന്ത്രിക്ക് അതിലെ അനൗചിത്യം എന്താണെന്നറിയണമെങ്കിൽ സ്വന്തം ഉത്തരവാദിത്തം എന്താണെന്ന് അദ്ദേഹം ആദ്യം അറിയണം. സാധാരണ കച്ചവടസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങി പങ്കെടുക്കുന്ന സിനിമാ-സീരിയൽ താരങ്ങളെപ്പോലെയല്ലല്ലോ മുഖ്യമന്ത്രി. നോ എന്നു പറയാൻ എന്താണ് തടസ്സം?

Advertisement

പ്രളയമാണ്. ഞാൻ മുഖ്യമന്ത്രിയും ദുരന്ത നിവാരണ അഥോറിറ്റി ചെയർമാനുമാണ്. നാട മുറിക്കലിനേക്കാൾ പ്രധാനം ആ ചുമതല നിർവ്വഹിക്കലാണ് എന്ന ബോധം ഇല്ലാത്തതുകൊണ്ടാണ് എന്താണ് ഔചിത്യമില്ലായ്മ എന്നൊക്കെ ഒരു കൂസലുമില്ലാതെ ചോദിക്കാൻ പറ്റുന്നത്. ഇതിന് ഇംഗ്ലീഷിൽ insensitivity എന്നു പറയും.

അവസാനം അദ്ദേഹത്തിൻ്റെ മാസ്റ്റർപീസ്- "മുൻ മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ ഞാൻ ഒരിക്കലും വിമർശിച്ചിട്ടില്ല." ഔദ്യോഗിക ആവശ്യത്തിനായിട്ടു പോലും അന്ന് രൂക്ഷമായി വിമർശിച്ചതിൻ്റെ വീഡിയോ പൊതുമദ്ധ്യത്തിൽ നിൽക്കുമ്പോഴും അങ്ങനെ പറയാനുള്ള വൈഭവം അദ്ദേഹത്തിനു മാത്രമുള്ളതാണ്. സമ്മതിച്ചിരിക്കുന്നു''.