ബസ് ട്രാക്കില്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുടെ കാറുകള്‍, ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ പോയി!!


മലപ്പുറം: കെപിസിസി പ്രസഡന്റ് എം.എം ഹസ്സന്‍ ഉദ്ഘാടകനായ ചടങ്ങിനെത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്റില്‍, ബസുകള്‍ നിര്‍ത്തേണ്ട ട്രാക്കില്‍ നേതാക്കളുടെ കാറുകളുകള്‍ നിരന്നു കിടന്നതോടെ ബസുകളില്‍ പലതും സ്റ്റാന്‍ഡില്‍ കയറിയില്ല, ഇന്നലെ മലപ്പുറത്താണ് സംഭവം.

കെപിസിസി യുടെ 1000 വീട് പദ്ധതിയുടെ മലപ്പുറം ജില്ലാതല കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയാണ് സംഭവം. മലപ്പുറം മുന്‍സിപ്പല്‍ ബസ്റ്റാന്റ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്. ബസ്റ്റാന്റിന് മുകളിലാണ് ഓഡിറ്റോറിയം. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നേതാക്കളെല്ലാം ബസ്്റ്റാന്റിനുള്ളിലാണു കാറുകളും മറ്റു വാഹനങ്ങളും പാര്‍ക്ക് ചെയ്തത്. മലപ്പുറം ജില്ലാ ആസ്ഥാനത്തെ ഏറ്റവും വലിയ ബസ്റ്റാന്‍ഡാണ് മുന്‍സിപ്പല്‍ ബസ്റ്റാന്റ്.

ഇതോടെ യാത്രക്കാരും വാഹനങ്ങളും ഏറെ പ്രതിസന്ധിയിലായി. ബസുകള്‍ക്ക് ട്രാക്കില്‍ കയറാന്‍ കഴിയാതെ വരികയും ചെയ്തു. ചില ബസുകള്‍ കുറച്ചു അകലെ നിര്‍ത്തി യാത്രക്കാരെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ മറ്റു ബസുകള്‍ ബസ്റ്റാന്‍ഡില്‍ കയറാതെ സ്ഥലം വിട്ടു. ഇതോടെ ബസുകള്‍ കാണാതായതോടെ പല യാത്രക്കാരും കാല്‍നടയായി നടന്നു അടുത്ത സ്‌റ്റോപ്പുകളിലെത്തിയാണ് ബസില്‍ കയറിയത്. ഈ ഓഡിറ്റോറിയത്തില്‍ മുമ്പും പലചടങ്ങുകളും നടന്നിട്ടുണ്ടെങ്കിലും നിരുത്തരവാദപരമായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യാറില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന് പുറമെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് അധ്യക്ഷത വഹഗിച്ചു. എ പി അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി സെക്രട്ടറിമാരായ വി ജെ പൗലോസ് കെ പി അബ്ദുല്‍മജീദ്, പി ടി അജയ്മോഹന്‍, വി എ കരീം, സി ഹരിദാസ് എക്സ്സ് എം പി, മുന്‍ ഡിസിസി പ്രസിഡന്റുമാരായ ഇ മുഹമ്മദ് കുഞ്ഞി, യു അബൂബക്കര്‍, അസീസ് ചീരാന്‍ തൊടി,സക്കീര്‍ പുല്ലാര തുടങ്ങിയവരും പങ്കെടുത്തിരുന്നു.

ചടങ്ങില്‍ കെപിസിസിയുടെ 1000 വീട് പദ്ധതിയിലേക്ക് ഖത്തര്‍ ഇന്‍കാസ് നല്‍കിയ 5 ലക്ഷം രൂപയുടെ ചെക്ക് ഇന്‍കാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ കെപിസിസി പ്രസിഡന്റിന് യോഗത്തില്‍ വച്ച് കൈമാറി. അരീക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി രണ്ട് വീടും വീട് വെയ്ക്കാനുള്ള സ്ഥലവും നല്‍കും. കൊണ്ടോട്ടി മണ്ഡലം രണ്ട് വീട്, കല്‍പകഞ്ചേരി ഒരു വീട്, ആലിപറമ്പ് ഒരു വീട്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഒരു വീടും ഏറ്റെടുത്ത് നിര്‍മ്മിച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.

ആര് പ്രതിയാകുന്നു എന്നതല്ല കോണ്‍ഗ്രസ് എക്കാലത്തും ഇരകള്‍ക്കൊപ്പമാണെന്നും ഇടതുസര്‍ക്കാര്‍ എല്ലാ കേസുകളിലും വേട്ടക്കാര്‍ക്കൊപ്പമാണെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പറഞ്ഞു. മുഖ്യ മന്ത്രിയുടെ അഭാവത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നഷ്ടപ്പെട്ടുവെന്നും നവകേരള സൃഷ്ടിക്ക് മുന്‍കയ്യെടുക്കുന്നവര്‍ പ്രളയ ബാധിതര്‍ക്കു നല്‍കിയ പ്രാഥമിക വാഗ്ദാന തുകപോലും കൈമാറാതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഭവന നിര്‍മ്മാണത്തിന് 50 കോടി സമാഹരിക്കാനുള്ള പരിശ്രമം വന്‍ വിജയമാക്കാന്‍ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഒരു മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാറിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നതോടൊപ്പം പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനും കോണ്‍ഗ്രസ് മുന്‍ പന്തിയില്‍ ഉണ്ടാകുക്കും. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിലും സഹായം എത്തിക്കുന്നതിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് മഹത്വരമാണ്. ദുരന്തത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ വര്‍ദ്ധിക്കാന്‍ കാരണം സര്‍ക്കാറിന്റെ പിടിപ്പുകേടാണ്. മുന്‍ കരുതല്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയെന്നും അദ്ദേഹം പറഞ്ഞു.

Have a great day!
Read more...

English Summary

malappuram local news about car parking in bus bay