ശബരിമല: കന്നിമാസ പൂജയ്ക്ക് താത്ക്കാലിക ക്രമീകരണങ്ങൾ ഉടൻ പൂർത്തിയാക്കാൻ നിര്‍ദേശം


പത്തനംതിട്ട: കന്നിമാസപൂജയ്ക്കായി ശബരിമല നട 16ന് തുറക്കുന്ന സാഹചര്യത്തിൽ പമ്പയിലും നിലയ്ക്കലും ആവശ്യമായ എല്ലാ താത്ക്കാലിക സംവിധാനങ്ങളും പൂർത്തിയാക്കാൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. കന്നിമാസ പൂജകൾക്ക് ഏർപ്പെടുത്തേണ്ട താത്ക്കാലിക സംവിധാനങ്ങളും ശബരിമല സീസണിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളും ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisement

പ്രളയത്തിൽ വൈദ്യുതിവിതരണം തടസപ്പെട്ട പമ്പയിൽ താത്ക്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് ആരംഭിക്കുവാൻ കഴിയും. ഇതോടെ പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള കിയോസ്കുകളിൽ കുടിവെള്ളം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. പമ്പയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ടാറ്റ കൺസൾട്ടൻസിയാണ് ഇപ്പോൾ ഏറ്റെടുത്ത് നടത്തിവരുന്നത്. ഇവരുമായി എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവർത്തിക്കുവാൻ ശ്രദ്ധിക്കണം.

Advertisement

സീസണിന് മുമ്പ് എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാകുന്നതിന് വിദഗ്ദ്ധ ഏജൻസിയുടെയും വകുപ്പുകളുടെയും ഏകോപനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായിട്ടുള്ള സാഹചര്യത്തിൽ നിലയ്ക്കൽ ബേസ് ക്യാമ്പായി പ്രവർത്തിപ്പിച്ചായിരിക്കും തീർഥാടനം നടത്തുക. ശബരിമല സീസണിലേതുപോലെ നിലയ്ക്കലിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി കൂടുതൽ ആർഒ പ്ലാന്റുകൾ രണ്ട് ദിവസത്തിനുള്ളിൽ സ്ഥാപിക്കുവാൻ മന്ത്രി വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി. കഴിഞ്ഞ മാസപൂജയ്ക്ക് തീർഥാടകർക്ക് എത്തിച്ചേരുവാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ഇത്തവണ കൂടുതൽ തീർഥാടകർ എത്തുവാൻ സാധ്യതയുള്ളതിനാൽ പോലീസും മറ്റ് വകുപ്പുകളും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം.

പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നിട്ടുള്ള സാഹചര്യത്തിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ നിലയ്ക്കലിൽ ഒരുക്കണം. പമ്പ ഗതിമാറി ഒഴുകുന്ന സാഹചര്യത്തിൽ തീർഥാടകർക്ക് സുരക്ഷിതമായി നദിയിലിറങ്ങി കുളിക്കുന്നതിനുള്ള താത്ക്കാലിക സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇതിന് ദേവസ്വംബോർഡും പോലീസും ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി.

Advertisement

പ്രളയത്തിൽ പമ്പയിലും പരിസര പ്രദേശങ്ങളിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീർഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും അടിസ്ഥാനസൗകര്യങ്ങൾ താത്ക്കാലികമായി ഒരുക്കുന്നതിനുമാണ് കന്നിമാസ പൂജകളുമായി ബന്ധപ്പെട്ട് മുൻഗണന നൽകുന്നതെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു എല്ലാ തീർഥാടക വാഹനങ്ങളും നിലയ്ക്കലിൽ പാർക്ക് ചെയ്ത ശേഷം തീർഥാടകരെ കെഎസ്ആർടിസി ബസുകളിൽ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിക്കും. ഹിൽടോപ്പിൽ റോഡ് ഇടിഞ്ഞുതാണിട്ടുള്ള സാഹചര്യത്തിൽ ത്രിവേണിയിലെത്തി കെഎസ്ആർടിസി ബസുകൾക്ക് തിരിയുന്നതിന് ബുദ്ധിമുട്ടായതിനാൽ പമ്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വരെ മാത്രമേ വാഹനങ്ങൾ അനുവദിക്കൂ. ത്രിവേണിയിലും ചക്കുപാലത്തും പാർക്കിംഗ് നടത്തുവാൻ കഴിയില്ല. പമ്പയിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാവുന്ന അവസ്ഥയല്ലാത്തതിനാൽ തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ നിലയ്ക്കലിൽ ഏർപ്പെടുത്തും. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതകളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല. താത്ക്കാലിക വൈദ്യുതി വിതരണ സംവിധാനങ്ങൾ പമ്പയിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Advertisement

ആരോഗ്യ വകുപ്പിന്റെ പമ്പയിലെ ആശുപത്രിയുടെ താഴത്തെ നില മുക്കാൽ ഭാഗവും മണ്ണ് മൂടിയിട്ടുള്ള സാഹചര്യത്തിൽ ഒപി സംവിധാനങ്ങൾ രണ്ടാം നിലയിൽ പ്രവർത്തിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ആശുപത്രിയിലെ ട്രാൻസ്‌ഫോർമറുകളും ഉപകരണങ്ങളും ഉൾപ്പെടെ ഒന്നാം നിലയിലുണ്ടായിരുന്ന എല്ലാ മണ്ണിനടിയിലായതിനാൽ അത്യാവശ്യ സംവിധാനങ്ങളൊരുക്കിയായിരിക്കും ആശുപത്രി പ്രവർത്തിപ്പിക്കുക. കന്നിമാസപൂജയ്ക്ക് ആശുപത്രി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ താത്ക്കാലിക വൈദ്യുതി കണക്ഷൻ ഉടൻ നൽകാൻ ജില്ലാ കളക്ടർ വൈദ്യുതി ബോർഡിന് നിർദേശം നൽകി. ആശുപത്രിയിലെ ജീവനക്കാർക്ക് ഉപയോഗിക്കുന്നതിന് താത്ക്കാലിക ടോയ്‌ലറ്റ് സംവിധാനങ്ങൾ ഒരുക്കുകയോ അല്ലാത്തപക്ഷം ഇവർക്ക് താമസിക്കുന്നതിന് ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് ദേവസ്വംബോർഡ് അറിയിച്ചു.

Advertisement

കന്നിമാസപൂജയ്ക്ക് ചെയിൻസർവീസിനായി കെഎസ്ആർടിസി 60 ബസുകൾ എത്തിക്കും. ഇവ നിലയ്ക്കൽപമ്പ റൂട്ടിൽ 15 മുതൽ 20 മിനിട്ട് വരെ ഇടവിട്ട് സർവീസ് നടത്തും. ചെയിൻ സർവീസുകൾക്ക് പുറമേ മറ്റ് ഡിപ്പോകളിൽ നിന്നുമെത്തുന്ന കെഎസ്ആർടിസി ബസുകളും ഉണ്ടാകും. പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ താറുമാറാകുകയും നദി ഗതിമാറി ഒഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേവസ്വംബോർഡ് അയ്യപ്പഭക്തരുടെ സുരക്ഷയ്ക്കുള്ള നിർദേശങ്ങൾ വിവിധ ഭാഷകളിൽ പമ്പയിൽ അനൗൺസ് ചെയ്യും. ഹിൽടോപ്പ് അപകടകരമായ അവസ്ഥയിലായതിനാൽ കന്നിമാസപൂജയ്ക്ക് തീർഥാടകരെ അവിടേക്ക് കടത്തിവിടില്ല. പമ്പയിൽ നിലവിൽ ലഭ്യമായ പരിമിതമായ സാഹചര്യങ്ങളിൽ തീർഥാടകർക്ക് പരമാവധി സുരക്ഷ ഉറപ്പാക്കി തീർഥാടനം പൂർത്തിയാക്കുന്നതിനായിരിക്കും പ്രാധാന്യം നൽകുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു.

Advertisement

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

English Summary

pathanamthitta local news about arrangements in nilakkal.