എലിപ്പനി: തൃശൂരില്‍ രണ്ടു പേര്‍ മരിച്ചു, മരണം സംഭവിച്ചത് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച്!!


തൃശൂര്‍: എലിപ്പനി ബാധിച്ച് ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ പെരുമ്പുള്ളി കോളനി ആളത്ത് ഉണ്ണിക്കൃഷ്ണന്‍ (55), കുമരനെല്ലൂര്‍ തളിയില്‍ പരേതനായ കുഞ്ഞുകുട്ടന്‍ മകന്‍ പ്രകാശന്‍ ( 47) എന്നിവരാണ് മരിച്ചത്. ഉണ്ണിക്കൃഷ്ണന്‍ തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഒരുമാസം മുമ്പ് പനിബാധിച്ച് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിര്‍മാണ തൊഴിലാളിയാണ്. ഭാര്യ: ശ്യാമ. മക്കള്‍: നിമ, നിതു, നിഖില്‍. മരുമകന്‍: രാജേഷ്.


സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥനാണ് മരിച്ച പ്രകാശന്‍. മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നെന്മാറ ഐ.സി.ഡി.എസ്. ഓഫീസിലെ ജീവനക്കാരനായ പ്രകാശനെ പനിയോടെ രണ്ടുദിവസം മുമ്പാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ ധനലക്ഷ്മിയാണ് ഭാര്യ. വിദ്യാര്‍ഥികളായ അഞ്ജന കൃഷ്ണ, അന്നപൂര്‍ണ, ബിലഹരി എന്നിവര്‍ മക്കളാണ്. സി.പി.ഐ. (എം) വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എന്‍.കെ. പ്രമോദ്കുമാര്‍ സഹോദരനാണ്. സംസ്‌കാരം ഇന്നുരാവിലെ 11ന് ചെറുതുരുത്തി ശാന്തിതീരത്തു നടത്തും.

Have a great day!
Read more...

English Summary

thrissur local news about rat fever death.