വയനാട്ടിലെ കാര്‍ഷികനഷ്ടം കണക്കാക്കാന്‍ പ്രത്യേക ദൗത്യ സേനയെ നിയോഗിക്കണമെന്ന് ഫ്രണ്ട്സ് ഓഫ് വയനാട്


പുല്‍പ്പളളി: കാലവര്‍ഷക്കെടുതിയില്‍പ്പെട്ട വയനാട്ടില്‍ കാര്‍ഷികമേഖലക്കുണ്ടായ നഷ്ടം കണക്കാക്കുന്നതിനായി സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സിനെ നിയോഗിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് വയനാട് പുല്‍പ്പളളി മേഖല യോഗം ആവശ്യപ്പെട്ടു. നാശനഷ്ടങ്ങള്‍ നേരിട്ട കര്‍ഷകര്‍ കൃഷിഭവന്‍ മുഖേന പേര് നല്‍കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കൃഷിഭവന്‍ മുഖേന നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകാന്‍ കാലങ്ങളെടുക്കും.

Advertisement

വന്‍ദുരന്തമാണ് ജില്ലയിലെ കാര്‍ഷികമേഖലക്ക് സംഭവിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന കാര്‍ഷിക വിളകളായ കാപ്പി, കുരുമുളക്, കമുക്, തെങ്ങ് എന്നീ ദീര്‍ഘകാല വിളകള്‍ പൂര്‍ണമായി നശിച്ച അവസ്ഥയിലാണ്. കൂടാതെ ഇഞ്ചി, വാഴ, ചേന, നെല്ല് തുടങ്ങിയ കാര്‍ഷികവിളകളും വ്യാപകമായി നശിച്ചു. മഴക്കെടുതി വരും മുന്നെ കടക്കെണിയിലായ കര്‍ഷകര്‍ക്ക് ഇപ്പോഴുണ്ടായ കനത്ത നഷ്ടം അതിജീവിക്കാനാവാത്ത അവസ്ഥയാണ്. അതുകൊണ്ട് അടിയന്തരമായി നഷ്ടപരിഹാരമടക്കം കര്‍ഷകര്‍ക്ക് നല്‍കി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisement

ഫ്രണ്ട്‌സ് ഓഫ് വയനാട് രക്ഷാധികാരി ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്താ യോഗം ഉദ്ഘാടനം ചെയ്തു. നവവയനാടിന്റെ പുന:സൃഷ്ടിക്കായി കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വയനാട് റെയില്‍വെ യാഥാര്‍ത്ഥ്യമാക്കുന്നതിലും, ചുരം ബദല്‍ റോഡ് നിര്‍മ്മാണത്തിന്റെ ആവശ്യത്തിലും, ദേശീയപാതയിലെ 766-ലെ രാത്രിയാത്രാനിരോധന വിഷയത്തിലും പരിഹാരം കാണുന്നതിനായി കൂട്ടായ്മ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുല്‍പ്പളളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ് അധ്യക്ഷനായിരുന്നു. പ്രസിഡന്റ് അഡ്വ.പി.വേണുഗോപാല്‍,ഫാ.ടോണി കോഴിമണ്ണില്‍, മത്തായി തണ്ടായിമറ്റം, അഡ്വ. ടി.എം.റഷീദ്, ജേക്കബ് ബത്തേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

English Summary

wayanad local news about farmers seek special task force to calcutate flood loss.
Advertisement