റെക്കോർഡ് ത്രൈമാസ പ്രകടനം നടത്തി അദാനി എന്റർപ്രൈസസ്; ഇബിഐടിഡിഎ 5642 കോടിയായി ഉയർന്നു

അദാനി ഗ്രൂപ്പിന്റെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ജൂൺ 30-ന് അവസാനിച്ച ത്രൈമാസത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ഇബിഐടിഡിഎ 5,642 കോടി രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 49 ശതമാനം വർധനയാണ്. കമ്പനിയുടെ ആകെ വരുമാനം 33,546 കോടിയായി, കഴിഞ്ഞ വർഷത്തെ 22,437 കോടിയേക്കാൾ 50 ശതമാനം കൂടുതലാണ്.

Advertisement

അമേരിക്കൻ ഓഫീസ് ഓഫ് ഫോറിൻ ആസറ്റ്സ് കൺട്രോൾ സെറ്റിൽമെന്റുമായി ബന്ധപ്പെട്ട 2,644 കോടിയുടെ പ്രത്യേക ചെലവ് കണക്കാക്കാതെയുള്ള നികുതിക്ക് മുമ്പുള്ള ലാഭം 1,295 കോടിയാണ്. എന്നാൽ ഈ പ്രത്യേക ചെലവും ഉൾപ്പെടുത്തിയപ്പോൾ, കമ്പനിയുടെ അറ്റാദായം 1,160 കോടിയുടെ നഷ്‌ടമായി രേഖപ്പെടുത്തി.

Advertisement

അദാനിയുടെ വിമാനത്താവള വിഭാഗത്തിന്റെ ഇബിഐടിഡിഎ 49 ശതമാനം ഉയർന്ന് 1,633 കോടിയായി. അതേസമയം, ഉൽപ്പാദന ശേഷി വർധിപ്പിച്ചതിന്റെ ഗുണഫലമായി ചെമ്പ് ബിസിനസ് 749 കോടിയുടെ ഇബിഐടിഡിഎ നേടി.

2026-2027 സാമ്പത്തിക വർഷത്തിന് കമ്പനി ശക്തമായ തുടക്കമാണ് കുറിച്ചതെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. കമ്പനിയുടെ അടിസ്ഥാന സൗകര്യ-പുതിയ സംരംഭങ്ങളുടെ വളർച്ചയാണ് റെക്കോർഡ് ഇബിഐടിഡിഎയ്ക്ക് പ്രധാന കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിച്ചത്, ഗംഗ എക്‌സ്പ്രസ്‌വേയിൽ ടോൾ പിരിവ് ആരംഭിച്ചത്, സോളാർ മോഡ്യൂൾ ഉൽപ്പാദന ശേഷി വർധിപ്പിച്ചത്, വലിയ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്റർ കരാർ നേടിയത് എന്നിവ കമ്പനിയുടെ വളർച്ചയിലെ പ്രധാന നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

കൂടാതെ, 15,000 കോടിയുടെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് വിജയകരമായി പൂർത്തിയാക്കിയത് കമ്പനിയുടെ പ്രവർത്തനങ്ങളിലുള്ള നിക്ഷേപകരുടെ വിശ്വാസം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ കാലയളവിലെ പ്രധാന നേട്ടങ്ങൾ

അദാനി ന്യൂ ഇൻഡസ്ട്രീസ് ഈ വർഷം ജൂണിൽ 1.7 ഗിഗാവാട്ട് ശേഷിയുള്ള പുതിയ സോളാർ മോഡ്യൂൾ നിർമാണ ലൈൻ പ്രവർത്തനക്ഷമമാക്കി. ഇതോടെ കമ്പനിയുടെ ആകെ സോളാർ മോഡ്യൂൾ നിർമാണ ശേഷി 5.7 ഗിഗാവാട്ടായി ഉയർന്നു. ആഭ്യന്തര വിപണിയിലെ ശക്തമായ ആവശ്യകത കാരണം കയറ്റുമതിക്കായി നീക്കിവെച്ച ഉൽപ്പന്നങ്ങളും രാജ്യത്തിനകത്ത് തന്നെ വിറ്റഴിക്കാൻ കഴിഞ്ഞതായി കമ്പനി അറിയിച്ചു.

ഗ്രൂപ്പിന്റെ ഡാറ്റാ സെന്റർ വിഭാഗമായ അദാനികോണെക്‌സ് വിശാഖപട്ടണത്ത് 400 മെഗാവാട്ട് ശേഷിയുള്ള പുതിയ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്റർ കരാർ നേടി. ഇതോടെ കമ്പനി ഉറപ്പാക്കിയ ആകെ ഡാറ്റാ സെന്റർ ശേഷി 960 മെഗാവാട്ട് പിന്നിട്ടു. പൂനെ ഫേസ്-II പദ്ധതിയിൽ നിന്ന് 9.6 മെഗാവാട്ട് ശേഷിയും ഉപഭോക്താവിന് കൈമാറിയതോടെ പ്രവർത്തന ശേഷി 65.4 മെഗാവാട്ടായി.

Advertisement

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ജൂലൈ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചു. വിമാനത്താവള ബിസിനസിൽ എയറോ വരുമാനം 16 ശതമാനവും, നോൺ-എയറോ വരുമാനം 53 ശതമാനവും വർധിച്ചതായി കമ്പനി അറിയിച്ചു.

അദാനി റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡ് മേയ് 15 മുതൽ ഗംഗ എക്‌സ്പ്രസ്‌വേയിൽ ടോൾ പിരിവ് ആരംഭിച്ചു. കൂടാതെ, ഇൻഡോറിനെയും മധ്യപ്രദേശ്-ഗുജറാത്ത് അതിർത്തിയെയും ബന്ധിപ്പിക്കുന്ന 620.6 ലെയിൻ കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റോഡ് പദ്ധതിയും പ്രവർത്തനത്തിലായി.

പ്രകൃതി വിഭവ വിഭാഗത്തിൽ, മധ്യപ്രദേശിലെ ധിരൗലി ഖനിയിൽ പുതിയ ഖനന സേവന കരാർ പ്രവർത്തനം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ഖനന സേവന കരാറുകളുടെ പരമാവധി വാർഷിക ശേഷി 93.1 ദശലക്ഷം ടൺ ആയി. ജൂലൈയിൽ 15,000 കോടി സമാഹരിച്ച ക്യുഐപി ഇന്ത്യയിലെ ധനകാര്യേതര കമ്പനികളിൽ ഏറ്റവും വലിയ ക്യുഐപി ഇഷ്യുവാണെന്ന് അദാനി എന്റർപ്രൈസസ് അറിയിച്ചു. അടിസ്ഥാന ഇഷ്യു വലുപ്പത്തിന്റെ 3.8 മടങ്ങ് അപേക്ഷകൾ ലഭിച്ച ഈ സമാഹരണത്തിൽ ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങളും മ്യൂച്വൽ ഫണ്ടുകളും പങ്കെടുത്തു.

Advertisement

അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസ് പുതിയ അടിസ്ഥാന സൗകര്യ സംരംഭങ്ങൾ ആരംഭിച്ച് അവയെ പിന്നീട് സ്വതന്ത്ര കമ്പനികളാക്കി വളർത്തുന്ന ബിസിനസ് മാതൃകയാണ് പിന്തുടരുന്നത്. അദാനി പോർർട്‌സ് & സെസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ തുടങ്ങിയ കമ്പനികൾ ഈ മാതൃകയിലൂടെയാണ് രൂപം കൊണ്ടത്.

ഭാവിയിൽ ഹരിത ഹൈഡ്രജൻ, വിമാനത്താവള മാനേജ്മെന്റ്, ഡാറ്റാ സെന്ററുകൾ, റോഡ് പദ്ധതികൾ, ചെമ്പ്, പെട്രോകെമിക്കൽസ് തുടങ്ങിയ അടിസ്ഥാന വ്യവസായങ്ങളിലായിരിക്കും കമ്പനിയുടെ പ്രധാന നിക്ഷേപങ്ങളെന്ന് അദാനി എന്റർപ്രൈസസ് വ്യക്തമാക്കി.