ഇന്ത്യൻ വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള വഴികൾ തേടുകയാണ് എയർടെൽ. അതിനായി അവർ പയറ്റുന്ന മാർഗങ്ങൾ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമല്ലെങ്കിലും കൂടുതൽ മികവോടെയാണ് എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. റീചാർജ് പ്ലാനുകളിലെ വൈവിധ്യം കൊണ്ട് വിപണി പിടിക്കുക എന്ന ജിയോയുടെയും ബിഎസ്എൻഎല്ലിന്റെയും തന്ത്രമാണ് നിലവിൽ എയർടെൽ കൂടി പയറ്റി നോക്കുന്നത്.
ജിയോയും ബിഎസ്എൻഎലും വലിയൊരു അളവിൽ ഇക്കാര്യത്തിൽ വിജയിച്ചവരാണ്, എന്ന് കരുതി എയർടെൽ മോശക്കാർ ആണെന്നല്ല. പഴയ പ്രതാപം ഓർമ്മിപ്പിക്കുന്ന പ്ലാനുകൾ അവരുടെ ആവനാഴിയിലും ആവോളമമുണ്ട് എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ആരും എയർടെലിനെ എഴുതി തള്ളാൻ പൊതുവെ മെനക്കെടാറില്ല. കമ്പനി അവരുടെ ഉപഭോക്താക്കളെ ഒരിക്കലും മറക്കുകയുമില്ല. അത് അവരുടെ പ്ലാനുകൾ ഊട്ടിയുറപ്പിക്കുന്നു.
നേരത്തെ ജിയോയുടെ സൗജന്യ ഓഫറുകൾ മാത്രമാണ് അക്കാലത്ത് എയർടെലിന് വലിയ തിരിച്ചടി സമ്മാനിച്ചത്. എന്നാൽ ഈ സേവനങ്ങൾ മാറി ജിയോയും മറ്റ്കമ്പനികളുടെ പാതയിലേക്ക് തിരിഞ്ഞപ്പോൾ എയർടെൽ വമ്പൻ തിരിച്ചുവരവാണ് നടത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മാറിയ കാലത്തെ മാറിയ ഉപഭോക്താക്കൾക്കായി ഒടിടി സേവനങ്ങൾ അടങ്ങിയ കിടിലൻ പ്ലാൻ കൊണ്ടു വന്നിരിക്കുകയാണ് അവർ. എയർടെൽ 200 രൂപ ആഡ് ഓൺ പ്ലാൻ പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായി പുതിയ 200 രൂപയുടെ ആഡ്-ഓൺ റീചാർജ് പ്ലാൻ എയർടെൽ അടുത്തിടെയാണ് അവതരിപ്പിച്ചത്. അധിക ഡാറ്റയും ഒടിടി വിനോദ സേവനങ്ങളും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ. ഈ പ്ലാനിലൂടെ 28 ദിവസത്തെ കാലാവധിയോടെ 30 ജിബി ഹൈ-സ്‌പീഡ് ഡാറ്റ ലഭിക്കും. കൂടാതെ, 5ജി സേവനം ലഭ്യമായ പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5ജി ഡാറ്റയും ഉപയോഗിക്കാം. ഈ ആനുകൂല്യം പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന 30 ജിബി ഡാറ്റയ്ക്ക് പുറമെയായിരിക്കും ലഭിക്കുക. അടുത്തിടെ റിലയൻസ് ജിയോയും 200 രൂപയുടെ ഒടിടി പാസ് അവതരിപ്പിച്ചിരുന്നു. അതിൽ 15 ഒടിടി ആപ്പുകളിലേക്കുള്ള ആക്‌സസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, 30 ജിബി ഡാറ്റ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർടെല്ലിന്റെ പുതിയ പ്ലാനിൽ 28 ദിവസത്തേക്ക് ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. സാധാരണയായി 149 രൂപ വിലയുള്ള ഈ സബ്‌സ്‌ക്രിപ്ഷൻ വഴി മൊബൈൽ ഫോണിൽ തത്സമയ കായിക മത്സരങ്ങൾ, സിനിമകൾ, ഹോട്ട്സ്‌റ്റാർ സ്പെഷ്യൽസ്, മറ്റ് വിനോദ പരിപാടികൾ എന്നിവ കാണാൻ കഴിയും. ഇതോടൊപ്പം 28 ദിവസത്തേക്ക് എയർടെൽ എക്സ്സ്ട്രീം പ്ലേ പ്രീമിയം അംഗത്വവും ലഭിക്കും. ഇതിലൂടെ 18-ലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങൾ ആസ്വദിക്കാം. സോണി ലിവ്, ലയൺസ്‌ഗേറ്റ് പ്ലേ, ആഹ പ്രീമിയം, ചൗപാൽ, സൺഎക്സ്റ്റ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ എയർടെൽ എക്സ്സ്ട്രീം പ്ലേ ആപ്പിലൂടെ ലഭ്യമാകും. പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്ന 30 ജിബി ഡാറ്റ തീർന്നാൽ, അതിനുശേഷമുള്ള ഉപയോഗത്തിന് ഒരു എംബിക്ക് 50 പൈസ നിരക്കിൽ ഈടാക്കും. അധിക ഡാറ്റയും ഒടിടി സ്ട്രീമിങ് സേവനങ്ങളും ഒരൊറ്റ റീചാർജിലൂടെ ലഭിക്കാൻ ആഗ്രഹിക്കുന്ന പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായുള്ള അനുബന്ധ (ആഡ്-ഓൺ) പ്ലാനായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. കമ്പനി ഇതുസംബന്ധിച്ച് ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടില്ലെങ്കിലും, 200 രൂപയുടെ ആഡ്-ഓൺ പ്ലാൻ നിലവിൽ എയർടെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും എയർടെൽ താങ്ക്സ് ആപ്പിലും ലഭ്യമാണ്.